ന്യൂദല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കോടതി ആഗസ്ത് 22നാണ് ആദ്യമായി കേസ് പരിഗണിച്ചത്. ആര്‍ജി കര് മെഡിക്കല്‍ കോളജിന്റെ സുരക്ഷയ്ക്കായി വിന്യസിച്ച സിഐഎസ്എഫിനെ സഹായിക്കുന്നതില്‍ ബംഗാളിലെ മമത സര്‍ക്കാര്‍ നിസഹകരണം നടത്തിയെന്നാരോപിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷയും ഇതോടൊപ്പം പരിഗണിക്കും. അതിനിടെ ഡോക്ടറുടെ കൊലപാതകം നടന്ന് ഒരുമാസം തികഞ്ഞ ഇന്നലെ റിക്ലെയിം ദ നൈറ്റ് എന്ന പേരില്‍ ബംഗാളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ആയിരങ്ങളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.
കൂടാതെ, സംസ്ഥാനത്ത് പലയിടങ്ങളിലും വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ വേദികള്‍ ഡോക്ടര്‍ക്ക് നീതി തേടി ശബ്ദിക്കുന്നയിടങ്ങളായി. പ്രതിഷേധിക്കുന്നവരെല്ലാം തന്നെ തന്റെ മക്കളാണെന്ന് ഡോക്ടറുടെ അമ്മ പിടിഐയോട് പറഞ്ഞു. അന്നത്തെ രാത്രിയെക്കുറിച്ചും അവളനുഭവിച്ച വേദനയെക്കുറിച്ചും ആലോചിക്കുമ്പോഴെല്ലാം നടുങ്ങുകയാണ്. സമൂഹത്തെ സേവിക്കാനാണ് അവള് സ്വപ്നം കണ്ടത്. ഇപ്പോള്‍ അവള്‍ക്കുവേണ്ടി പ്രതിഷേധിക്കുന്നവരെല്ലാം എന്റെ മക്കളാണ്, അമ്മ കൂട്ടിച്ചേര്‍ത്തു. കേസില്‍ സപ്തംബര്‍ 17ന് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: