ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ കിരീടത്തില്‍ കരിയറിലെ ആദ്യ മുത്തം നല്കി ലോക രണ്ടാം നമ്പര്‍ വനിതാ ടെന്നിസ് താരം അരൈന സബലെങ്ക.
പുലര്‍ച്ചെ നടന്ന ഫൈനലില്‍ ആതിഥേയ താരവും ലോക ആറാം നമ്പര്‍ റാങ്കിലുമുള്ള ജെസീക്ക പെഗ്യൂളയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സബലെങ്കയുടെ മൂന്നാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടം.
ഇക്കൊല്ലത്തെയും കഴിഞ്ഞ വര്‍ഷത്തെയും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആണ് ഇതിന് മുമ്പ് ബെലാറൂസിയക്കാരി നേടിയ ഗ്രാന്‍ഡ്സ്ലാം.
ഫൈനലിന്റെ വലിയ പിരുമുറുക്കങ്ങളുടെ അകമ്പടിയില്ലാതെ ഇന്നലെ സബലെങ്കയ്ക്ക് കിരീടം ഉറപ്പിക്കാനായി. നേരിട്ടുള്ള സെറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. സ്കോര്‍ 7-5, 75ന് മത്സരം അവസാനിച്ചു.
26കാരിയായ സബലെങ്ക കഴിഞ്ഞ വര്‍ഷവും യുഎസ് ഓപ്പണ്‍ ഫൈനലില്‍ കളിച്ചിരുന്നു. അമേരിക്കയുടെ കോകോ ഗൗഫ് താരത്തിന്റെ കിരീടമോഹം തട്ടിയെടുത്തു. ഇക്കുറി വീണ്ടുമൊരു അമേരിക്കന്‍ താരത്തിന് മുന്നില്‍ അടിയറവയ്ക്കാനാകുമായിരുന്നില്ല. സമീപകാലത്തായി പെഗ്യൂള മികച്ച കളിയാണ് പുറത്തെടുക്കുന്നത്. പെഗ്യൂള ഒടുവില്‍ കളിച്ച 17 മത്സരങ്ങളില്‍ വെറും രണ്ടാമത്തെ മത്സരത്തിലാണ് ഇന്നലെ പരാജയപ്പെട്ടത്. ഇത്രയും കളികളില്‍ ആദ്യ തോല്‍വി സബലെങ്കയോട് മറ്റൊടു ഡബ്ല്യുടിഎ ഫൈനലിലായിരുന്നു. മത്സരത്തിന്റെ തുടക്കം മുതലേ സബലെങ്ക കളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തു. ഈ ആധിപത്യത്തിന്റെ തുടര്‍ച്ചയാണ് മത്സരത്തിലുടനീളം പ്രകടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: