മുംബൈ: ഇത്തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. ഇതോടെ റിപ്പോ 6.5 ശതമാനത്തിൽ തുടരും. എംപിസി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസാണ് റിപ്പോ നിരക്ക് മാറ്റിമില്ലാതെ തുടരുമെന്ന് പ്രഖ്യാപിച്ചത്. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയിൽ നിന്ന് 4:2 എന്ന വോട്ടാണ് തീരുമാനത്തിന് ലഭിച്ചത്.
നഗരങ്ങളിലെ ഉപഭോഗ ശേഷി വര്‍ധിച്ചത് ആഭ്യന്തര വളര്‍ച്ചക്ക് സ്ഥിരത നല്‍കുന്നുണ്ടെങ്കിലും പണപ്പെരുപ്പം പരിഗണിച്ച് പണനയത്തില്‍ മാറ്റംവരുത്തേണ്ടെന്നാണ് യോഗത്തില്‍ ധാരണയായത്. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതിനാണ് സമിതി ഊന്നല്‍ നല്‍കിയതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. തുടര്‍ച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്കുകളില്‍ മാറ്റംവരുത്തുന്നതില്‍നിന്ന് ആര്‍ബിഐ വിട്ടുനില്‍ക്കുന്നത്.
നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ വിപണിയിലെ പണലഭ്യത ഉയര്‍ത്തുന്ന യാതൊരു നടപടികള്‍ക്കും റിസര്‍വ് ബാങ്ക് തയാറാവില്ലെന്ന സൂചനകൾ നേരത്തെ തന്നെ ധനകാര്യ വിദഗ്ധര്‍ നൽകിയിരുന്നു. ജിഡിപി വളര്‍ച്ചാ നിരക്കും നാണയപ്പെരുപ്പവും വ്യാവസായിക ഉത്പാദന സൂചികയിലെ മാറ്റങ്ങളും കണക്കിലെടുത്ത് ഡിസംബറിന് ശേഷം മാത്രമേ പലിശയില്‍ മാറ്റം വരുത്താനിടയുള്ളു എന്നുമായിരുന്നു ധനകാര്യ വിദഗ്ധര്‍ ചൂട്ടിക്കാട്ടിയത്.
ഭക്ഷ്യ ഉത്പന്ന വിലകള്‍ കുതിക്കുന്നത് ആര്‍ബിഐ കരുതലോടെയാണ് കാണുന്നത്. പണപ്പെരുപ്പം ക്ഷമതാ പരിധിയായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിലാണെങ്കിലും നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വായ്‌പയെടുക്കുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കിൽ വർധനവുണ്ടായാൽ വാണിജ്യ ബാങ്കുകളുടെ വായ്‌പാ പലിശ നിരക്കും ഇഎംഐയും ഉയരും. പലിശ നിരക്കിലെ ഈ വർദ്ധനവ് പുതിയതായി വായ്‌പയെടുക്കുന്നവരെയും നിക്ഷേപകരെയും കൂടുതൽ ബാധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ റിപ്പോ നിരക്ക് രാജ്യത്തെ എല്ലാ സാധാരണക്കാരേയും ബാധിക്കുന്ന കാര്യമാണ്.
റിപ്പോ നിരക്ക് 2023 ഫെബ്രുവരിക്ക് ശേഷം 6.5 ശതമാനത്തില്‍ തുടരുകയാണ്. കാലാവസ്ഥാ വ്യത്യയാനം മൂലം ഉത്പാദനത്തിലെ ഇടിവ് മൂലം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നതാണ് റിസര്‍വ് ബാങ്കിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: