ചെന്നൈ: വനിതാ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഭാരതത്തിന്റെ ട്വന്റി20 പരമ്പരയിലെ രണ്ടാം പോരാട്ടം ഇന്ന്. ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ 12 റണ്‍സിന് ജയിച്ചതിന്റെ ആവേശത്തിലാണ് പ്രോട്ടിയാസ് വനിതാ സംഘം.
മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഇന്നത്തെ മത്സരത്തില്‍ അവര്‍ക്ക് ജയിക്കാന്‍ സാധിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഭാരതമാണ് മത്സരം വിജയിക്കുന്നതെങ്കില്‍ പരമ്പര ജേതാക്കളെ നിര്‍ണയിക്കാന്‍ ചൊവ്വാഴ്ച നടക്കുന്ന മൂന്നാം മത്സരം വരെ കാക്കേണ്ടിവരും.
ചെന്നൈ ചെപ്പോക്കിലെ വേഗം കുറഞ്ഞ പിച്ചാണ് രണ്ട് ടീമുകള്‍ക്കും ഒരു പോലെ വെല്ലുവിളിയാകുന്നത്. ബാറ്റര്‍മാര്‍ വലിയ തോതില്‍ പരാജയം നേരിടുമ്പോള്‍ ബൗളര്‍മാര്‍ മിന്നും പ്രകടനത്തോടെ മുന്നേറുകയാണ് ഇവിടെ. ദക്ഷിണാഫ്രിക്കയുടെ ഭാരത പര്യടനത്തില്‍ ഏകദിനത്തില്‍ ഭാരതം 3-0ന് സമ്പൂര്‍ണ വിജയം നേടി. ഏക മത്സര ടെസ്റ്റ് പരമ്പരയില്‍ ഭാരതത്തിന്റെ വിജയം പത്ത് വിക്കറ്റിനായിരുന്നു.














