നീറ്റ് പരീക്ഷയെ വിമര്‍ശിച്ച് കോടതിയെ സമീപിച്ച ആയുഷി പട്ടേല്‍ എന്ന വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി ആദ്യമെത്തിയത് പ്രിയങ്കഗാന്ധിയാണ്. നീറ്റ് പരീക്ഷയെ വിവാദത്തിലാക്കി ഇല്ലാതാക്കുക എന്നത് ഇന്ത്യാമുന്നണിസഖ്യത്തിന്റെ അജണ്ടയാണോ എന്ന സംശയം ചിലര്‍ ഉയര്‍ത്തിയതിന് പിന്നാലെ ആയുഷി പട്ടേല്‍ എന്ന വിദ്യാര്‍ത്ഥി കോടതിയില്‍ നല്കിയ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ഇതോടെ പ്രിയങ്കാഗാന്ധിയ്ക്കും മുഖം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതോടെ നീറ്റ് 2024 പരീക്ഷാഫലത്തിനെതിരെ ആയുഷി പട്ടേല്‍ നല്കിയ പരാതി അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞു. ആയുഷി പട്ടേല്‍ തന്റെ പരാതി തെളിയിക്കാന്‍ നല്‍കിയത് വ്യാജരേഖകളാണ് എന്ന് തെളിഞ്ഞതോടെയാണ് കോടതിയുടെ ഈ നടപടി.
മാത്രമല്ല, ആയുഷി പട്ടേലിനെതിരെ നിയമനടപടികളുമായി നീങ്ങാന്‍ നീറ്റ് പരീക്ഷാ സംഘാടകരായ എന്‍ടിഎയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ഇത് പ്രിയങ്ക ഗാന്ധിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
കീറിയ ഒഎംആര്‍ ഷീറ്റ് കാരണം നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്ന നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) തന്റെ ഫലം പ്രഖ്യാപിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതായിരുന്നു ആയുഷി പട്ടേലിന്റെ പരാതി. ഉത്തരക്കടലാസില്‍ അടയാളപ്പെടുത്തിയത് കണക്കിലെടുത്താല്‍ തനിക്ക് 715 മാര്‍ക്ക് കിട്ടേണ്ടതാണെന്നും ആയുഷി പട്ടേല്‍ അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷെ തനിക്ക് മറ്റൊരു അപേക്ഷ നമ്പര്‍ പ്രകാരം 335. മാര്‍ക്കേ ലഭിച്ചുള്ളൂ എന്നും ആയുഷി പട്ടേല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആയുഷി പട്ടേല്‍ ഈ പരാതി ഉന്നയിച്ചത്. എന്‍ടിഎയുടെ സദ് കീര്‍ത്തിയെ കളങ്കപ്പെടുത്തുന്നതായിരുന്നു ഈ വീഡിയോ. ആയുഷി പട്ടേലിന് പിന്തുണ അര്‍പ്പിച്ച് പ്രിയങ്ക ഗാന്ധിയും എന്‍ടിഎയ്ക്കും മോദി സര്‍ക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പിനും എതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതോടെ 2024ലെ നീറ്റ് യുജി പരീക്ഷ താളം തെറ്റിയ ഒന്നാണെന്ന വിമര്‍ശനം ശക്തമായി. തന്റെ ഉത്തരക്കടലാസ് എന്‍ടിഎ നേരിട്ട് പരിശോധിച്ച് വിലയിരുത്തണമെന്നും ആയുഷി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ടിഎയ്ക്കെതിരെ അന്വേഷണവും 2024 നീറ്റ് യുജി പരീക്ഷ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനം നിര്‍ത്തിവെയ്ക്കാനും ആയുഷി പട്ടേല്‍ ആവശ്യമുന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും ഈ വിവാദത്തിലേക്ക് ചാടിവീണിരുന്നു.
എന്നാല്‍ കോടതി നിര്‍ദേശപ്രകാരം എന്‍ടിഎ ആയുഷി പട്ടേലിന്റെ ഒറിജിനല്‍ ഒഎംആര്‍ ഷീറ്റ് ഹാജരാക്കി. ഇതില്‍ ആയുഷി അവകാശപ്പെട്ടതുപോലെ കീറല്‍ ഒന്നും ഇല്ലായിരുന്നു. ഇതോടെ ആയുഷി കോടതിയില്‍ ഹാജരാക്കിയ കീറല്‍ ഉള്ള ഒഎംആര്‍ ഷീറ്റ് വ്യാജരേഖയാണെന്ന് തെളിഞ്ഞു. ഇതോടെ ആയുഷി പട്ടേലിനെതിരെ നിയമനടപടിക്കുള്ള അനുമതി അലഹബാദ് ഹൈക്കോടതി നല്‍കിയിരിക്കുകയാണ്. “പരാതിക്കാരി വ്യാജരേഖയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇനി പരാതിക്കാരിക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ നിന്നും എന്‍ടിഎയെ വിലക്കാന്‍ കോടതിക്കാവില്ല”- ഹൈക്കോടതി പറഞ്ഞു. ഇതോടെ ആയുഷിയെ പിന്തുണച്ച് ആഞ്ഞടിച്ച പ്രിയങ്ക ഗാന്ധിയും വെട്ടിലായി. വസ്തുതകള്‍ സ്ഥിരീകരിക്കാതെ മോദിയെ വിമര്‍ശിക്കാന്‍ എന്തിലും ഏതിലും എടുത്തുചാടുന്ന പക്വതയില്ലാത്ത ഗാന്ധി കുടുംബത്തിലെ പുതുമുറക്കാരുടെ വിവരമില്ലായ്മ കൂടി പുറത്തായിരിക്കുന്നു. ഇതോടെ നീറ്റ് പരീക്ഷയെ വെടക്കാക്കി ഇല്ലാതാക്കാന്‍ ഇന്ത്യാ മുന്നണി ആസൂത്രിത ശ്രമം നടത്തുന്നോ എന്ന സംശയം ബലപ്പെടുകയാണ്. നീറ്റ് പരീക്ഷ ഇല്ലാതാക്കാന്‍ തമിഴ്നാട്ടിലെ ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി സ്റ്റാലിനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയമയുദ്ധം നടത്തുകയാണ്.
എന്തായാലും ആയുഷി പട്ടേലിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് എന്‍ടിഎ അറിയിച്ചു. ഈ പരാതി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ആയുഷി പട്ടേലിന്റെ അഭിഭാഷകന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: