കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനു വധക്കേസിലെ പ്രതി മുജീബ് റഹ്മാനെ തൂക്കിക്കൊല്ലണമെന്ന് മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. തന്നെ ബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ പ്രതിക്ക് ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ അനു കൊല്ലപ്പെടില്ലായിരുന്നുവെന്ന് അതിജീവിത പറഞ്ഞു.
മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ലെന്നും അതേക്കുറിച്ച് പറയേണ്ടെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി. പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്മാന് ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മുക്കം മുത്തേരി ബലാത്സംഗ കേസിലെയും പ്രതി. വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്ന സംഭവമാണ് മുത്തേരി കേസ്. 2020 സപ്തംബറിലായിരുന്നു മോഷ്ടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്മാന് ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്നത്. അന്ന് അറസ്റ്റിലായ മുജീബ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍വച്ച് പിടിയിലാവുകയായിരുന്നു.
ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിച്ചു. മുത്തേരിക്ക് സമാനമായ രീതിയിലുള്ള കുറ്റകൃത്യമാണ് പ്രതി പേരാമ്പ്ര നൊച്ചാടും നടത്തിയത്. യുവതിയെ മൃഗീയമായി കൊലപ്പെടുത്തുന്നതിന് തൊട്ടു മുമ്പ് പ്രതി മൂന്ന് തവണ പ്രദേശത്തുകൂടി മോഷ്ടിച്ച ബൈക്കില്‍ കറങ്ങി. കൃത്യം നടത്താനും മോഷ്ടിക്കാനും രക്ഷപ്പെടാനും 10 മിനുട്ടോളം സമയം മാത്രമാണ് പ്രതി എടുത്തത്.
കൃത്യത്തിന് ശേഷം ഹെല്‍മെറ്റ് ധരിച്ച് യാത്രയായ പ്രതി ഉള്ളിയേരി ഭാഗത്തേക്ക് നീങ്ങുകയും പിന്നീട് മലപ്പുറത്തേക്ക് യാത്രയാവുകയും ചെയ്തു. എടവണ്ണപ്പാറയില്‍ എത്തുന്നതിനിടെ ഒരിക്കല്‍ പോലും ഹെല്‍മറ്റ് ഊരിയില്ല.
മോഷണക്കേസില്‍ ജനുവരിയില്‍ ജയിലില്‍ നിന്നും ഇറങ്ങിയ പ്രതി ഒറ്റക്ക് കുറ്റകൃത്യം നടത്തുന്ന ശീലമുള്ള ആളാണ്. സിസിടിവി ദൃശ്യങ്ങളും മലപ്പുറത്ത് എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ ഓണാക്കിയതും ഒറ്റയ്ക്ക് കൃത്യം നടത്തുന്ന രീതിയുമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചത്. കൊണ്ടോട്ടിയിലെ വീട്ടിലായിരുന്ന പ്രതിയെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പിടികൂടിയത്.
അനുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാത്രം നൂറോളം സിസിടിവി ക്യാമറകളാണ് പോലീസ് പരിശോധിച്ചത്. പ്രതി സമാനമായ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: