‘ആട്ടക്കലാശം’, 40 വര്‍ഷം മുമ്പിറങ്ങിയ മലയാള സിനിമ. അതിലൊരു പാട്ടുണ്ട്. കെ.ജെ. യേശുദാസും വാണി ജയറാമും ചേര്‍ന്നുപാടിയത്. ‘നാണമാവുന്നു, മേനി നോവുന്നു എന്റെ കൈകള്‍ നിന്നെ മൂടുമ്പം…’ എന്നുതുടങ്ങുന്ന പാട്ട് എപ്പോ കേട്ടാലും രോമാഞ്ചം വരും. അങ്ങിനെയൊരു രോമാഞ്ചമാണ് എസ്എഫ്ഐക്കാരുടെ മുദ്രാവാക്യം കേള്‍ക്കുമ്പോള്‍ തോന്നുന്നത്. മന്ത്രിമാരെ വഴിനടക്കാന്‍ വിടില്ലെന്ന സമരം തുടങ്ങിയത് ഇക്കൂട്ടരാണ്. അതും ഏതാണ്ട് 40 ഓളം വര്‍ഷമാകുന്നു. വഴിയിലിറങ്ങുന്ന മന്ത്രിമാരെ വഴിയില്‍ തടഞ്ഞ സമരം പലേടത്തും സംഘര്‍ഷത്തിലാണ് കലാശിച്ചത്. ഒരാള്‍ കാസര്‍കോട് വെടിയേറ്റുമരിക്കുകയും ചെയ്തു. അതിനുശേഷം എസ്എഫ്ഐക്കാര്‍ക്ക് ഉശിര് വന്നത് ഇപ്പോഴാണ്. ഗവര്‍ണറെ തടയുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍.
അതിന് കോപ്പുകൂട്ടാന്‍ മുതിര്‍ന്ന സിപിഎം നേതാക്കള്‍ തന്നെയുണ്ടല്ലോ. പരനാറിയാണ് ആരീഫ് മുഹമ്മദ്ഖാനെന്ന് വിളിച്ചാക്ഷേപിച്ചനേതാവുണ്ടല്ലോ, ഇടുക്കിയിലെ മണി. എസ്എഫ്ഐക്കാരുടെ സമരത്തിന് ശക്തികൂട്ടാന്‍ തന്നെയായിരുന്നല്ലൊ ആ വിളി. തന്റെ പ്രായത്തിനും പദവിക്കും ചേരുന്ന പദപ്രയോഗം തന്നെയാണത്. സിപിഎം നേതാക്കളില്‍ നിന്ന് ഇങ്ങിനെയല്ലാതെ മറ്റൊരുവിളി പ്രതീക്ഷിക്കുന്നതെങ്ങിനെ?. രോമാഞ്ചം കൊള്ളിക്കുന്ന മറ്റൊരു മുദ്രാവാക്യം കൂടി എസ്എഫ്ഐയുടേതായി കണ്ടു. ‘അടിയന്തരാവസ്ഥയെ പേടിച്ചില്ല. പിന്നെയല്ലെ ആരീഫ് മുഹമ്മദ്ഖാന്’ എന്നായിരുന്നു അത്. ആര് പേടിച്ചില്ല? ആരെ പേടിച്ചില്ല? അടിയന്തരാവസ്ഥയെയോ?
മഷിയിട്ട് നോക്കിയാല്‍ പോലും അടിയന്തരാവസ്ഥയില്‍ എസ്എഫ്ഐയെ കാണാന്‍ കഴിഞ്ഞോ? അന്ന് അടിയന്തരാവസ്ഥക്കെതിരെ പോരാടിയത് ലോക് സംഘര്‍ഷ സമിതിയായിരുന്നു. ആര്‍എസ്എസ് ആയിരുന്നു അതിന്റെ നട്ടെല്ല്. ലോകസംഘര്‍ഷ സമിതിയുമായി സഹകരിക്കണമെന്നഭ്യര്‍ഥിക്കാന്‍ ലോകസംഘര്‍ഷ സമിതിനേതാക്കള്‍ ഇഎംഎസിനെ കണ്ടതായിരുന്നു. അടിയന്തരാവസ്ഥക്കെതിരെ സമരത്തിനൊന്നും ഞങ്ങളില്ല എന്ന മറുപടിയാണ് ഇഎംഎസ് നല്‍കിയത്. എന്നിട്ടദ്ദേഹം ചെയ്തതെന്താണ് അടിയന്തരാവസ്ഥയ്ക്ക് ഞങ്ങള്‍ ശല്യം ചെയ്യില്ലെന്ന് കെ.കരുണാകരനും ഇന്ദിരാഗാന്ധിക്കും ഉറപ്പും നല്കി.
അതുകൊണ്ടെന്തായി, ജയില്‍വാസം ഒഴിവാക്കി. എന്നാല്‍ കുറേ മാര്‍ക്സിസ്റ്റുകാരെ കോണ്‍ഗ്രസുകാര്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലി. കുറേപേരെ പോലീസ് കസ്റ്റഡിയിലെടുത്തു ജയിലിലുമാക്കി. പിണറായി വിജയനടക്കം അങ്ങിനെ അടികൊണ്ട് ജയിലില്‍ കിടന്നതാണ്. ഇന്ന് സിപിഎമ്മിന്റെ കൂട്ടുകാരായ സിപിഐക്കാരായിരുന്നു അടിയന്തരാവസ്ഥ നടപ്പാക്കുന്ന മുഖ്യതന്ത്രി. ‘ബോണസ്സിനേക്കാള്‍ പത്തിരട്ടി നല്ലതാണ് അടിയന്തരാവസ്ഥ’ എന്ന് തിരിച്ചറിഞ്ഞ ആളായിരുന്നല്ലോ അന്നത്തെ മുഖ്യമന്ത്രി അച്യുതമേനോന്. ഇന്നത്തെ എസ്എഫ്ഐയും യുഡിഎഫും ഓടാന്‍ പഠിക്കുകയായിരുന്നു. ഓട്ടമത്സരം സംഘടിപ്പിക്കുകയായിരുന്നു യുവജന ഫെഡറേഷന്. അടിയന്തരവാസ്ഥയുടെ ഓര്‍മപോലുമില്ലാത്ത എസ്എഫ്ഐക്കാരുടെ മുദ്രാവാക്യം കേമം, കെങ്കേമം എന്നല്ലാതെന്തു പറയാന്‍.
ആരീഫ് മുഹമ്മദ് ഖാന് എപ്പോഴാണ് സഖാക്കളുടെ ശത്രുവായത്. തന്നിലര്‍പ്പിതമായ ചുമതല നിര്‍വഹിച്ചു. യൂണിവേഴ്സിറ്റികളുടെ സെനറ്റിലേക്ക് ആളെ നിശ്ചയിച്ചു. ബില്ലുകള്‍ ഒപ്പിടുന്നതിന് മുമ്പുള്ള ആശങ്ക അവസനിപ്പിക്കാന്‍ ആഗ്രഹിച്ചു. സര്‍ക്കാറിനോട് ചില വിശദീകരണങ്ങള്‍ ചോദിച്ചു. അത് നല്‍കാതെ തര്‍ക്കുത്തരം നല്‍കാനാണ് പിണറായിക്ക് താല്പര്യം. അതംഗീകരിക്കില്ലെന്ന് ഗവര്‍ണറും.
കോഴിക്കോട് സര്‍വകലാശാലയില്‍ കാലുകുത്താന്‍ വിടില്ലെന്ന് വീമ്പ് പറയുന്നതാണ് കണ്ടത്. എന്നിട്ടെന്തായി. ഒന്നല്ല മൂന്നുദിവസം അവിടെ താമസിച്ചു. മാത്രമല്ല, വളരെ തിരക്കുള്ള കോഴിക്കോട്ടെ മിഠായി തെരുവിലിറങ്ങി നടന്നു. നാട്ടുകാരുമായി ഇടപെട്ടു. കുട്ടികളെ താലോലിച്ചു. അതിന് മുഖ്യമന്ത്രിയുടെ ന്യായീകരണം കണ്ടില്ലെ. കേരളത്തിലെ ക്രമസമാധാനനില ഭദ്രമാണെന്നതിന്റെ തെളിവ് എന്നാണ് പറഞ്ഞത്.
ഇടുക്കിയില്‍ സിപിഎം ഹര്‍ത്താലായിരുന്നു. ഗവര്‍ണറുടെ പരിപാടി പൊളിക്കല്‍ മാത്രമായിരുന്നു ലക്ഷ്യം. എന്നിട്ടു ഗവര്‍ണര്‍ വ്യാപാരികളുടെ ‘കാരുണ്യം’ ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനെത്തി. ഗവര്‍ണറെ ശരിയാക്കുമെന്നായിരുന്നു ഭീഷണി. അതിന് ഗവര്‍ണര്‍ നല്കിയ മറുപടി കേള്‍ക്കാം. ഇതിനു മുന്‍പ് അഞ്ച് തവണ തനിക്കുനേരെ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മുന്‍പ് ഇതിലും വലിയ ഭീഷണികള്‍ നേരിട്ടുണ്ട്. ഇടുക്കിയില്‍ ഹര്‍ത്താല്‍ നടന്നതിന്റെ കാരണം അറിയല്ല.
”കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവയ്ക്കുമ്പോള്‍ വെറും 35 വയസ്സ് മാത്രമാണുണ്ടായിരുന്നത്. 1985, 86, 87 കാലഘട്ടങ്ങളിലാണ് യഥാര്‍ഥത്തിലുള്ള ഭീഷണി നേരിട്ടത്. അഞ്ച് തവണ എനിക്കു നേരം വധശ്രമമുണ്ടായി. 1990ല്‍ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. ഇപ്പോള്‍ ഭീഷണിയുണ്ടോ എന്ന് ചോദിക്കുമ്പോള്‍ പറയാനുള്ളത്, 35-ാം വയസ്സില്‍ തോന്നാത്തത് 72-ാം വയസ്സില്‍ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുര്‍ദൈര്‍ഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടും ഭയമില്ല.”
തൊടുപുഴയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ചു. വേണ്ടത്ര പോലീസുണ്ടായി. എന്നിട്ടും നടപടിയില്ല. പരിപാടിക്കു ശേഷം മടങ്ങിയ ഗവര്‍ണര്‍, ഇടയ്ക്കുവച്ചു വാഹനത്തില്‍നിന്നു പുറത്തിറങ്ങി കുട്ടികളെ ചേര്‍ത്തുപിടിച്ചു… ഒരു മിനിറ്റിലേറെ റോഡിലൂടെ നടന്നു. വിവിധ സ്ഥലങ്ങളില്‍ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ കരിങ്കൊടി കാണിച്ചു.
അതേസമയം, പ്രതിസന്ധികള്‍ മറികടന്ന് ചടങ്ങിനെത്തിയ ഗവര്‍ണര്‍ക്ക് പരിപാടിയുടെ സംഘാടകര്‍ നന്ദി പറഞ്ഞു. ഹര്‍ത്താലായതിനാല്‍ കൂടുതല്‍ ആളുകള്‍ സമ്മേളനത്തിനെത്തിയെന്നും സംഘാടകര്‍ പറഞ്ഞു. ഗവര്‍ണറുടെ വാഹനവ്യൂഹത്തിനു സമീപം പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകരെത്തിയതോടെ ഗവര്‍ണറുടെ വാഹനം നിര്‍ത്തിയിടുന്ന സാഹചര്യമുണ്ടായി. പ്രതിഷേധക്കാര്‍ വാഹനത്തിന്റെ പിന്നാലെ ഓടുകയും ചെയ്തു. എന്നാല്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കാന്‍ പോലീസ് തയ്യാറായില്ല എന്ന് വിമര്‍ശനമുയര്‍ന്നു. 500ലധികം പോലീസുകാരെ വിന്യസിച്ചെങ്കിലും പ്രതിഷേധക്കാരെ തടയാന്‍ കാര്യമായ നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ഇടുക്കിയിലെ സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലാണ് ഗവര്‍ണര്‍ക്കു നേരെ കരിങ്കൊടിയും ഗവര്‍ണെര്‍ക്കെതിരെ സംഘി ഖാന് ഗോ ബാക്കെന്നും നിങ്ങളെ ഇവിടം സ്വാഗതം ചെയ്യുന്നില്ലെന്നുമൊക്കെ ഇംഗ്ലീഷിലെഴുതിയ ബാനറുകളുമായായിരുന്നു പ്രതിഷേധം.
ഇതെല്ലാം കാണുമ്പോഴാണ് പഴയ സിനിമാ പാട്ടിനെ വീണ്ടും ഓര്‍ക്കുന്നത്. ”നാണമാകുന്നു… മേനിനോവുന്നു…”, ഗവര്‍ണറെ കാണുമ്പോള്‍ കലികയറി മണ്ടി നടക്കാനല്ലാതെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ലല്ലൊ എന്നതാണ് സങ്കടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: