ഭോപാല്‍: വീട്ടമ്മമാരെ സ്വയംപര്യാപ്തരാക്കാന്‍ ആവിഷ്കരിച്ച ‘ലാഡ്ലി ബെഹ്ന’ മധ്യപ്രദേശിലെ മോഹന്‍ യാദവ് സര്‍ക്കാര്‍ ലഖ്പതി ബെഹ്ന ആക്കിമാറ്റുമെന്ന് ശിവരാജ് സിങ് ചൗഹാന്. ലാഡ്ലി ബെഹ്ന പോലുള്ള പദ്ധതികള്‍ സഹോദരിമാരുടെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. അവരെ സര്‍ക്കാര്‍ പദ്ധതികളുമായി കൂട്ടിയിണക്കുന്ന പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ എംഎല്‍എയോ എംപിയോ അല്ലാതിരുന്ന കാലത്തും പെണ്മക്കള്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. എംഎല്‍എ ആയപ്പോള്‍ പാവപ്പെട്ട പെണ്മക്കളുടെ കല്യാണം നടത്തുന്നതിന് സംവിധാനങ്ങളുണ്ടാക്കി. എംപിയായപ്പോള്‍ അച്ഛനമ്മമാരില്ലാത്ത അത്തരം പെണ്മക്കളെ കല്യാണം കഴിപ്പിക്കാന്‍ തുടങ്ങി. അത്തരത്തിലുള്ള ഏഴ് പെണ്‍കുട്ടികളെ ഞങ്ങളുടെ വീട്ടില്‍ കൊണ്ടുവന്ന് എന്റെ ഭാര്യ വളര്‍ത്തി. എന്റെ അമ്മയ്ക്കും സഹോദരിക്കും മകള്‍ക്കും പൂര്‍ണനീതി ലഭിക്കാത്ത കുട്ടിക്കാലം മുതല്‍ ഞാന്‍ മനസില്‍ കുറിച്ച പ്രവര്‍ത്തനമാണിത്. എന്റെ ജീവിത ദൗത്യം ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കും നീതി ലഭ്യമാക്കുക എന്നതാണ്.
മുഖ്യമന്ത്രിയാപ്പോള്‍ ലാഡ്ലി ലക്ഷ്മി യോജനയും പിന്നീട് ലാഡ്ലി ബെഹ്നയുമാരംഭിച്ചത് ഈ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ്.’ലാഡ്ലി ബെഹ്ന സഹോദരിമാരുടെ ജീവിതം മാറ്റിമറിച്ചു. ഇനി ലാഖ്പതി ബെഹ്നയിലേക്ക് പോകണം. സര്‍ക്കാര്‍ അത് ചെയ്യും, ഞാന്‍ സര്‍ക്കാരിനൊപ്പം സജീവമായി സഹകരിക്കും, ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: