ന്യൂദല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം ആഗോള വെല്ലുവിളികള്‍ക്കായി പ്രായോഗികവും സുരക്ഷിതവും ഉള്‍ച്ചേര്‍ന്നതുമായ പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ബംഗളൂരുവില്‍ ജി20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മന്ത്രിമാരുടെ യോഗത്തെ ഓണ്‍ലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മാനവികത അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആഗോള സാങ്കേതികവിദ്യാധിഷ്ഠിത സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ജി20 പ്രതിനിധികളോട് ആഹ്വാനം ചെയ്തു. ഇത് ഡിജിറ്റല്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ആഗോള ആരോഗ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ചട്ടക്കൂട് സ്ഥാപിക്കുന്നതിലും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗത്തിനും അദ്ദേഹം ഊന്നല്‍ നല്കി.
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് നരേന്ദ്രമോദി
എല്ലാവര്ക്കും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഡിജിറ്റല്‍ സംവിധാനം സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരു വെര്‍ച്വല്‍ ആഗോള ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്നതിനുള്ള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ജി 20 വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ സുരക്ഷാ ഭീഷണികളും വെല്ലുവിളികളും നേരിടേണ്ടിവരുമെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയുടെ ജി20 ഉന്നതതല തത്വങ്ങളില്‍ സമവായം ഉണ്ടാക്കേണ്ടത് പ്രധാനമാണ്.
എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനത്തിന് മോദി ഊന്നല്‍ നല്കി. ഇന്ത്യ അതിന്റെ അനുഭവം ലോകവുമായി പങ്കിടാന്‍ തയാറാണെന്നും ആരും പിന്നോക്കം പോകരുതെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ സ്റ്റാക്ക് എന്ന ഓണ്‍ലൈന്‍ ആഗോള പൊതു ഡിജിറ്റല്‍ കലവറ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 850 ദശലക്ഷത്തിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.ഇവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.
ഇന്ത്യയിലെ എല്ലാ വൈവിധ്യമാര്‍ന്ന ഭാഷകളിലും ഡിജിറ്റല്‍ ഉള്‍പ്പെടുത്തലിനെ പിന്തുണയ്ക്കുന്നതിനായി നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ ഭാഷാ വിവര്‍ത്തന പ്ലാറ്റ്ഫോമായ ഭാഷിണിയുടെ വികസനവും പ്രധാനമന്ത്രി പരാമര്‍ശിച്ചു.1.3 ബില്യണ്‍ ആധാര്‍ കവറേജ്, ജെം, ട്രിനിറ്റി ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ വിപ്ലവം സൃഷ്ടിച്ചുവെന്നും നേരിട്ടുളള ആനുകൂല്യ വിതരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് വിഭവങ്ങളുടെ ചോര്‍ച്ച തടയുകയും 33 ബില്യണ്‍ ഡോളര്‍ ലാഭിക്കുകയും ചെയ്തു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിന്‍ പോര്‍ട്ടല്‍ ഇന്ത്യയുടെ കോവിഡ് വാക്സിനേഷന് പരിപാടിയെ പിന്തുണയ്ക്കുകയും ഡിജിറ്റലായി പരിശോധിച്ചുറപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം രണ്ട് ബില്യണിലധികം വാക്സിന് ഡോസുകള്‍ വിതരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്തെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജി20 ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ മന്ത്രിമാരുടെ യോഗത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് കേന്ദ്ര റെയില്‍വേ, കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്ത സാങ്കേതികവിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തെക്കുറിച്ച് അദ്ദേഹം സമ്മേളനത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: