മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ രണ്ട് യാത്രക്കാരില്‍ നിന്നും ഒരു കോടിയിലധികം രൂപ വരുന്ന രണ്ട് കിലോയിലധികം പോലീസ് സ്വര്‍ണം പിടികൂടി. കൂത്തുപറമ്പ് ചിറ്റാരിപറമ്പ് സ്വദേശി നൗഫല്‍, കാസര്‍ഗോഡ് ഉദുമ സ്വദേശി നിസാമുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.
നിസാമുദ്ദീന്റെ ബാഗേജിലുണ്ടായിരുന്ന എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ നിന്നും 1100 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ 1156 ഗ്രാം സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെയാണ് നൗഫല്‍ പിടിയിലാകുന്നത്. കസ്റ്റംസിന്റെ പരിശോധനയ്ക്ക് ശേഷം പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ നിന്നു പുറത്ത് ഇറങ്ങിയ ഇരുവരെയും സംശയം തോന്നിയതിനെ തുടര്‍ന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നുള്ള പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്. ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി മസ്ക്കറ്റ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്സപ്രസിലെത്തിയവരാണ് ഇവര്‍.
തിങ്കളാഴ്ച ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് ഉദുമ സ്വദേശി അബ്ദുള്‍ റഹ്മാനില്‍ നിന്നും 67,82,000 രൂപ വരുന്ന 1130.8 ഗ്രാം സ്വര്‍ണവും പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: