തൃശൂര്‍ : ബ്ളോക്ക് പ്രസിഡന്റ് നിയമനത്തില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം തുടരുന്നു. ചേലക്കരയില്‍ ബ്ളോക്ക് സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും അടക്കം ഒമ്പത് പേര് രാജിവെച്ചു. കെ.പി.സി.സിക്കും ഡി.സി.സിക്കും രാജി നല്കി. പ്രശ്ന പരിഹാരം ഉടന്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത ദിവസം മുതല്‍ കൂടുതല്‍ രാജികളുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു.
പരാതി പറയാനെത്തിയവരെ ഡി.സി.സി ഓഫീസില്‍ നിന്നും പുറത്താക്കിയെന്നും നേതാക്കള്‍ പറഞ്ഞു. ബ്ളോക്ക് സെക്രട്ടറി പ്രദീപ് നമ്പ്യാത്ത്, മണ്ഡലം പ്രസിഡന്റ് വിനോദ് പന്തലാടി, ബ്ളോക്ക് സെക്രട്ടറി ഹസൈനാര്‍, മണ്ഡലം ഭാരവാഹികളായ കെ.എസ്.മുസ്തഫ, കെ.കെ.സത്യന്, കെ.കെ.അഷ്റഫ്, സതീഷ് മുളക്കല്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.കെ.നിര്‍മല, വൈസ് പ്രസിഡന്റ് ഗീത ഉണ്ണികൃഷ്ണന് എന്നിവരാണ് രാജി വെച്ചത്.
ഗോപാലകൃഷ്ണനെ ഗ്രൂപ്പ് ഭേദമന്യേ ബ്ളോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി അംഗത്വം പോലുമില്ലാത്ത ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന നിലയില്‍ രണ്ടര വര്‍ഷത്തെ പാരമ്പര്യം മാത്രമുള്ളയാളെ ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റായി നിയമിക്കുകയായിരുന്നുവെന്ന് രാജിവെച്ച നേതാക്കള്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ പരാതി ഡി.സി.സി പ്രസിഡന്റിനെ അറിയിക്കാനായി ഓഫീസിലെത്തിയപ്പോള്‍ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് തങ്ങള്‍ ഡി.സി.സി പ്രസിഡന്റിനും കെ.പി.സി.സി പ്രസിഡന്റിനും രേഖാമൂലം രാജിക്കത്ത് നല്‍കിയതെന്ന് രാജിവെച്ചവര്‍ പറഞ്ഞു.
പഴയന്നൂരും, തിരുവില്വാമലയിലും കൂടുതല്‍ പേര് പാര്‍ട്ടി വിടുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: