ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ നാളെ. കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിന് വാര്‍ഷികത്തെ ഉപയോഗിക്കാനാണ് ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും തീരുമാനം. 2014 മെയ് അവസാന വാരം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ രണ്ടാമൂഴത്തിന് തുടക്കമിട്ടത് 2019 മെയ് 30നാണ്. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുമായി ഒരു മാസത്തെ പ്രചാരണ പരിപാടികള്‍ക്കാണ് ബിജെപി ഒരുങ്ങുന്നത്. ഭരണനേട്ടങ്ങളെ വിനയാന്വിതനായി നോക്കിക്കാണുന്നതായി പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് മൂന്നു വര്‍ഷത്തിലധികമായി സൗജന്യ റേഷന്‍ നല്കുന്ന പദ്ധതിക്കാണ് ഏറ്റവും ജനസ്വീകാര്യതയുള്ളതെന്നാണ് പ്രധാനമന്ത്രിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ നല്കുന്ന സൂചന. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കിയതും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശിയിലെ വിശ്വനാഥ ക്ഷേത്ര ഇടനാഴിയുമെല്ലാം പ്രധാന ഭരണനേട്ടങ്ങളായി ജനങ്ങള്‍ പ്രധാനമന്ത്രിക്കയച്ച സന്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിസന്ധിയെ നേരിട്ടതും കോടിക്കണക്കിന് ജനങ്ങള്‍ക്ക് സൗജന്യ വാക്സിന് നല്കിയതും വലിയ നേട്ടമായി. യുപിഐ, ഡിജിറ്റല്‍ എക്കണോമി തുടങ്ങി സാമ്പത്തിക മേഖലയിലെ സുതാര്യത ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റി. ജന്‍ധന്‍ അക്കൗണ്ടുകളും മുദ്രാ വായ്പകളും നേരിട്ട് സബ്സിഡി നല്‍കലും ശ്രദ്ധ നേടി. റോഡ്, റെയില്‍ അടക്കം അടിസ്ഥാന സൗകര്യ മേഖലയിലെ വികസനങ്ങള്‍, സ്വച്ഛ് ഭാരത്, കുടിവെള്ളം ജനകോടികള്‍ക്ക് ലഭ്യമാക്കുന്ന ജലശക്തി മിഷന്, നികുതി സുതാര്യത നല്കുന്ന ജിഎസ്ടി എന്നിവയും പ്രിയപ്പെട്ട പദ്ധതികള്‍. ഉജ്വല പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി, പിഎം ആവാസ് യോജന, മോണിറ്ററി പ്രയോജനങ്ങള്‍ കര്‍ഷകര്‍ക്ക് നല്കുന്ന പദ്ധതികള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍, വിദേശനയത്തിലെ ദൃഢത, പ്രതിരോധ മേഖലയിലെ സ്വദേശിവല്‍ക്കരണം എന്നിവയെല്ലാം കഴിഞ്ഞ ഒന്‍പതു വര്‍ഷത്തെ ഭരണത്തെ മികച്ചതാക്കി.
2014ല്‍ 723 സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നിടത്ത് 2023ല്‍ 1,113 സര്‍വ്വകലാശാലകള്‍. ഒന്‍പതു വര്‍ഷത്തിനിടെ പുതുതായി ആരംഭിച്ച കോളജുകള്‍ 5,298. പുതിയ ഏഴ് ഐഐടികളും ഏഴ് ഐഐഎമ്മുകളും ആരംഭിച്ചു. പ്രതിദിന ദേശീയപാതാ നിര്‍മ്മാണം 30 കിലോമീറ്ററിന് മുകളില്‍. രാജ്യത്തെ ആകെ റോഡുകള്‍ 63.73 ലക്ഷം കിലോമീറ്റര്‍. ഒമ്പത് വര്‍ഷം കൊണ്ട് നിര്‍മ്മിച്ച ദേശീയപാതകള്‍ മാത്രം 54,000 കി.മീ. വന്ദേഭാരത് അടക്കമുള്ള അതിവേഗ തീവണ്ടികള്‍, അത്യാധുനിക സൗകര്യങ്ങളുള്ള റെയില്‍വേ സ്റ്റേഷനുകള്‍, നഗര മെട്രോകള്‍, 74 പുതിയ വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം മാറുന്ന ഇന്ത്യയുടെ മുഖമുദ്രകളായി. രാജ്യം തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ മോദി സര്‍ക്കാരിന്റെ ജനക്ഷേമ ഭരണത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്കും പ്രചാരണങ്ങള്‍ക്കും വരുംനാളുകള്‍ വേദിയാകും.
നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍
- 80 കോടി ജനങ്ങള്‍ക്ക് പിഎം അന്ന യോജന.
- 11.88 കോടി ജനങ്ങള്‍ക്ക് ശുദ്ധജല കണക്ഷനുകള്‍.
- 3 കോടി പിഎം ആവാസ് യോജന വീടുകള്‍.
- സ്വച്ഛ് ഭാരതിന് കീഴില്‍ 11.72 കോടി ശൗചാലയങ്ങള്‍.
- 34.45 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് പിഎം സ്വനിധി വായ്പ.
- 39.65 കോടി സംരംഭകര്‍ക്ക് മുദ്രാവായ്പ. അതില്‍ 27 കോടി വനിതകള്‍.
- കൊവിഡ് കാലത്ത് 20 കോടി സ്ത്രീകള്‍ക്ക് ധനസഹായം.
- സ്റ്റാന്‍ഡ്അപ്പ് ഇന്ത്യയ്ക്ക് കീഴില്‍ 7,351 കോടി പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വായ്പകള്‍.
- പിഎം ബീമായോജന ഇന്‍ഷുറന്‍സ് 29.75 കോടി പേര്‍ക്ക്.
- ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈമാറിയത് 25 ലക്ഷം കോടി രൂപ.
- ഉജ്വല യോജന പ്രകാരം 9.6 കോടി എല്‍പിജി കണക്ഷനുകള്‍.
- 11 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ.
- 3.03 കോടി ഗര്‍ഭിണികള്‍ക്ക് ധനസഹായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: