ന്യൂദല്‍ഹി: കേന്ദ്ര മുന്‍ മന്ത്രിയും ജെഡിയു മുന്‍ പ്രസിഡന്റുമായ ശരദ് യാദവ് (75) അന്തരിച്ചു.വി പി സിംഗ്, വാജ്‌പേയി മന്ത്രി സഭകളില്‍ അംഗമായിരുന്നു.
ഗുരുഗ്രാമിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ രാഷ്‌ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവായിരുന്നു. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ ദേശീയ പ്രസിഡന്റായിരുന്നു . ബിഹാറില്‍ ജനതാദള്‍ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടര്‍ന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദള്‍ രൂപീകരിച്ചു. തുടര്‍ന്ന് രാജ്യസഭയില്‍ നിന്ന് അയോഗ്യനാക്കുകയും പാര്‍ട്ടി നേതൃസ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ലോക് തന്ത്രിക് പാര്‍ട്ടിയെ പിന്നീട് ആര്‍ജെഡിയില്‍ ലയിപ്പിച്ചു.
ശരദ് യാദവിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധ ദു:ഖം രേഖപ്പെടുത്തി.
‘ശ്രീ ശരദ് യാദവ് ജിയുടെ വേര്‍പാടില്‍ വേദനിക്കുന്നു. പൊതുജീവിതത്തിലെ നീണ്ട വര്‍ഷങ്ങളില്‍ അദ്ദേഹം എംപി എന്ന നിലയ്‌ക്കും മന്ത്രി എന്ന നിലയ്‌ക്കും വിശ്രുതനാണ് . ഡോ. ലോഹ്യയുടെ ആദര്‍ശങ്ങളില്‍ നിന്ന് അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചകളെ ഞാന്‍ എപ്പോഴും വിലമതിക്കും. അദ്ദേഹത്തിന്റെ കുടുംബത്തെയും , ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.’
ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു :
















