രണ്ട് അക്ഷരങ്ങളില്‍ ഒതുങ്ങി നില്ക്കുന്ന വലിയ കലാലോകമാണ് ‘പി ഡി’. സംഗീതത്തിന്റെയും താളമേളങ്ങളുടേയും ലോകം. കോട്ടയ്ക്കല്‍ പി.ഡി. നാരായണന് നമ്പൂതിരി എന്ന നീണ്ട പേര് ആ രണ്ടക്ഷരത്തില്‍ ചുരുങ്ങി നില്ക്കുന്നു. അതു കഥകളി സംഗീത രംഗത്തെ പേര്. മേളങ്ങളുടെ ലോകത്താകുമ്പോള്‍ കലാമണ്ഡലം പി.ഡി. നാരായണന് നമ്പൂതിരി എന്നാകും. അവിടെ ചെണ്ടയും മദ്ദളവും ഇടയ്ക്കയും മൃദംഗവും ഘടവും അത്യാവശ്യം തിമിലയും വഴങ്ങും. ചെണ്ടയില്‍ത്തന്നെ കഥകളിമേളവും തായമ്പകയും. ഇതിനെല്ലാം പുറമെ, യന്ത്രവിപഞ്ചിക എന്ന പേരില്‍ അദ്ദേഹം തന്നെ പരിഷ്കരിച്ചെടുത്ത കുടുക്കവീണയും. വിസ്മയിപ്പിക്കുന്ന വൈവിധ്യം! അതിനിടയിലും തന്റെ മുഖ്യ ആവിഷ്കാരമേഖലയായി തെരഞ്ഞെടുത്തത് കഥകളി സംഗീതം തന്നെയാണ്. നിരവധി അരങ്ങുകള്‍ അതിന്റെ മാധുര്യം അനുഭവിച്ചു കഴിഞ്ഞു. എന്നാല്‍ ചെണ്ട കൈവിട്ടുമില്ല.
കളിയരങ്ങുകളില്‍ പുതുമുഖമായി ശ്രദ്ധനേടിക്കൊണ്ടിരുന്ന എഴുപതുകളില്‍ ഈ വൈവിധ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചേങ്ങിലയോ ഇലത്താളമോ താഴെവച്ചാല്‍ പിന്നാലെ ചെണ്ടയും മദ്ദളവും ഇടയ്ക്കയുമൊക്കെയായി അരങ്ങത്തു വരുന്ന ആ ചെറുപ്പക്കാരന് അരങ്ങിന്റെ കൗതുകമായിരുന്നു. ആ കൗതുകം അരനൂറ്റാണ്ടോട് അടുക്കുന്നു. പിഡി എന്ന കലാകാരന് എഴുപതു വയസ്സു പിന്നിടുകയും ചെയ്യുന്നു. ഈ മാസം 13ന് സപ്തതിയാണ്. തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ അന്ന്, ഒരു രാപകല്‍ നീളുന്ന ആഘോഷമാണ് ആരാധകര്‍ ഒരുക്കുന്ന ‘സാമോദം’ എന്ന ഒത്തുചേരല്‍.
പിഡിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, മാധ്യമ പ്രവര്‍ത്തന രംഗത്ത് പ്രാഥമിക പാഠങ്ങള്‍ പറഞ്ഞു തന്ന ടി.കെ.ജി. നായര്‍ എന്ന എന്റെ ഗുരുനാഥന്റെ വാക്കുകള്‍ ഓര്‍മവരും. എല്ലാ വിഷയങ്ങളും അത്യാവശ്യം കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം. ഏതെങ്കിലും ഒന്നില്‍ സ്പെഷ്യലൈസ് ചെയ്യുകയും വേണം എന്നായിരുന്നു ആ ഉപദേശം. കലാരംഗത്ത് അതു പ്രായോഗിക തലത്തില്‍ കൊണ്ടുവന്നയാളാണ് പിഡി. മൃദംഗ പഠനത്തില്‍ തുടങ്ങി ചെണ്ടയിലേക്കു മാറി സംഗീതത്തിന്റെ വഴിയേ സഞ്ചരിച്ച ഈ സര്വകലാവല്ലഭന് ഇതിന്റെയെല്ലാം തന്നെ പാരമ്പര്യവുമുണ്ടായിരുന്നു. നല്ല ഗായകനായിരുന്ന അച്ഛന് മൃദംഗവും ചെണ്ടയും നന്നായി കൈകാര്യം ചെയ്തിരുന്നു. എങ്കിലും മൃദംസത്തോടായിരുന്നു താത്പര്യം. സഹോദരന് കോട്ടയ്ക്കല്‍ പരമേശ്വരന് നമ്പൂതിരി എന്ന കൊച്ചേട്ടന്, അദ്ദേഹത്തിന്റെ തലമുറയിലെ പ്രഗല്ഭനായ കഥകളി ഗായകനായിരുന്നു. കോട്ടയ്ക്കല്‍ നാട്യ സംഘത്തിലെ ആശാനായിരുന്ന അദ്ദേഹം പിന്നീട് പിഡിയുടെ ഗുരുവുമായി. പിഡിയുടെ വരവു തന്നെ ഒരു സംഗീത ഗ്രാമത്തില്‍ നിന്നാണ്. ഓണ്‍ലൈനിലും നേരിട്ടുമായി ലോകത്താകമാനം വന്‍ ശിഷ്യ സമ്പത്തുള്ള സംഗീത വിദ്വാന്മാരായ താമരക്കാടു നാരായണന് നമ്പൂതിരി, ഗോവിന്ദന് നമ്പൂതിരി, കൃഷ്ണന് നമ്പൂതിരി എന്നീ സഹോദര ത്രയവും പിഡിയുടെ ഗ്രാമക്കാര്‍ തന്നെ.
കലാരംഗത്തു പലതും കൈകാര്യം ചെയ്യുമ്പോഴും അതില്‍ ഒന്നായി മാത്രമല്ല ചെണ്ടയും സംഗീതവും പിഡി പരിഗണിക്കുന്നത്. പാട്ടിന് ഒന്നാം സ്ഥാനം. ചെണ്ടയ്ക്കു രണ്ടാംസ്ഥാനവും. മറ്റുള്ളവ, വേണ്ടിവന്നാല്‍ കൈവയ്ക്കുമെന്നു മാത്രം. അദ്ദേഹത്തിന്റെ ഭാഷയില്‍ത്തന്നെ പറഞ്ഞാല്‍, മൃദംഗക്കാരന്‍ വരാത്തതിന്റെ പേരില്‍ ഒരു സംഗീതക്കച്ചേരി മുടങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും. അത്രമാത്രം.
കൂത്താട്ടുകളത്തിനടുത്തു പൂവക്കുളം കുഞ്ചരക്കാട്ട് ഇല്ലത്തു ദാമോദരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകന് നാരായണന്, കലാമണ്ഡലത്തില്‍ ചേര്‍ന്നതു മൃദംഗം പഠിക്കാനാണ്. അത് അച്ഛന്റെ താത്പര്യമായിരുന്നു. അന്നു തന്നെ ചെണ്ടയോടു താത്പര്യമുണ്ടായിരുന്നു. കളരിയില്‍ അന്നത്തെ പ്രധാന ആശാനായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ അടുത്തുകൂടി നിര്‍ബന്ധം തുടങ്ങി. മൂന്നു മാസത്തെ വാശി ഫലിച്ചു. അങ്ങനെ ചെണ്ടക്കളരിയിലെ വിദ്യാര്‍ഥിയായി. അച്ചുണ്ണിപ്പൊതുവാളും അന്ന് അധ്യാപകനായി ഉണ്ടായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ചന്ദ്ര മന്നാഡിയാര്‍ ആശാനായി വന്നു. നാലു വര്‍ഷത്തെ വിദ്യാഭ്യാസം അതികഠിനവും അതീവ ആസ്വാദ്യവുമായിരുന്നു എന്ന്, പിഡി എന്ന അന്നത്തെ നാരായണന് ഓര്‍ക്കുന്നു. പുലര്‍ച്ചെ സാധകം. രാവിലെയും ഉച്ചയ്ക്കു ശേഷവും ചൊല്ലിയാട്ടക്കളരിയില് പരിശീലനം. രാത്രി ആശാന്റെ വക ക്ലാസ്. അതാണു ചിട്ട. കടുകട്ടിയാണു പരിശീലനം. പിഴച്ചാല്‍ അടി ഉറപ്പ്. പക്ഷേ, അത്തരം ശിക്ഷകളുടെ ഗുണമാണ് ഇന്നും ചെണ്ട തനിക്കു വഴങ്ങുന്നതിനു പിന്നിലെന്നു പിഡിക്കു നന്നായറിയാം. സംഗീത പഠനത്തിലേക്കു തിരിഞ്ഞതിനു ശേഷം ചെണ്ടയിലെ പരിശീനവും സാധകവും മിക്കവാറും അവസാനിച്ചു. പക്ഷെ, ചെണ്ട കയ്യിലെടുത്താല്‍ ഇന്നും അറിയാതെ തന്നെ കാര്യങ്ങള്‍ കയ്യില്‍ വരും.
ആശാന്മാരുടെ ക്ലാസുകളിലാണ് യഥാര്‍ഥ ചെണ്ട വാദകന്‍ ജനിക്കുന്നതെന്നാണ് പിഡിയുടെ പക്ഷം. സാധകം കൊണ്ടും പരിശീലനം കൊണ്ടും ചെണ്ട കൊട്ടാന്‍ പഠിക്കാം. പക്ഷേ, ചെണ്ട വായിക്കാന്‍ പഠിക്കണമെങ്കില്‍ മനസ്സും ബുദ്ധിയും ആ വാദ്യവുമായി സമന്വയിപ്പിക്കണം. കഥാപാത്രത്തേയും കഥാ സന്ദര്‍ഭത്തേയും അറിഞ്ഞു കൈകാര്യം ചെയ്യാന്‍ അങ്ങനെയേ സാധിക്കൂ. അതിന്റെ വിവരണം പുതിയ അനുഭവങ്ങള്‍ തരും. യഥാര്‍ഥ മേളക്കാരന് മനസ്സിലാണ്. ആ മനസ്സാണു കയ്യിലെ കോലുകളില്‍ വരുന്നത്. ഒരേ സംഗതികള്‍ തന്നെ പല കഥാ സന്ദര്‍ഭങ്ങളില്‍ പല കഥാപാത്രങ്ങള്‍ക്കായി കൈകാര്യം ചെയ്യേണ്ടിവരും. കിരാതത്തിലെ അര്‍ജുനനും കല്യാണ സൗഗന്ധികത്തിലേയും ബകവധത്തിലേയും ഭീമനും വനവര്‍ണനയുണ്ട്. മൂന്നിന്റെയും സാഹചര്യവും ഭാവവും വ്യത്യസ്തമാണ്. അര്ജുനന് പോകുന്നതു തപസ്സിനാണ്. ഭക്തിഭാവമാണു മനസ്സില്‍. പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികം അന്വേഷിച്ചു പോകുന്ന ഭീമന് റൊമാന്റിക് മൂഡിലാണ്. ബകനെ നേരിടാന്‍ പോകുന്ന ഭീമന്റെ മനസ്സ് പ്രതികാര ദാഹംകൊണ്ടു കലങ്ങി മറിയുകയാണ്. ഈ ഭാവങ്ങള്‍ക്കനുസരിച്ചു വേണം ചെണ്ട ഉപയോഗിക്കാന്‍. എണ്ണങ്ങള്‍ കൊട്ടിയാല്‍ പോര. കഥാപാത്രത്തിന്റെ മനസ്സ് ചെണ്ടയില്‍ വരണം. ആശാന്മാരുടെ വിവരണം ഇവിടെ അനുഭവ പാഠമാകും.
കലാമണ്ഡലത്തിലെ വിദ്യാഭ്യാസ കാലത്തു തന്നെ സംഗീതം പിഡിക്ക് ഒപ്പമുണ്ടായിരുന്നു. സംഗീത ക്ലാസ്സുകള്‍ നന്നായി ശ്രദ്ധിക്കും. സംഗീത വിദ്യാര്‍ഥികള്‍ക്ക് ഉറയ്ക്കുന്നതിനു മുന്‍പുതന്നെ പലതും പിഡി വശമാക്കുകയും ചെയ്യും. ഇയാള്‍ പാട്ടു പഠിക്കാനല്ലേ പോകേണ്ടിയിരുന്നത് എന്ന് പലരും അന്ന് അടക്കം പറയുകയും ചെയ്തിരുന്നു.
കലാമണ്ഡലത്തിലെ കോഴ്സിനു ശേഷം ഉപരിപഠനത്തിനായാണ് പിഡിയെ കോട്ടയ്ക്കല്‍ പി.എസ്.വി. നാട്യസംഘത്തില്‍ അയയ്ക്കാന്‍ അച്ഛന് നിശ്ചയിച്ചത്. ജ്യേഷ്ഠന് പരമേശ്വരന് നമ്പൂതിരി അവിടെ സംഗീതാധ്യാപകനായുണ്ടല്ലോ. പയ്യന്റെ സംഗീത വാസന ശ്രദ്ധിച്ച അദ്ദേഹമാണ് ഇവനെ പാട്ടു പഠിപ്പിച്ചാലോ എന്നു ചോദിച്ചത്. അങ്ങനെ ചെണ്ടക്കാരന് പയ്യന് സംഗീത വിദ്യാര്‍ഥിയായി. കോട്ടയ്ക്കല്‍ നാട്യസംഘത്തില്‍ അന്നു വാസു നെടുങ്ങാടിയായിരുന്നു പ്രധാന ഗായകനും അധ്യാപകനും. ഒപ്പം ഗോപാല പിഷാരടിയും പരമേശ്വരന് നമ്പൂതിരിയും. ചിട്ട ഏതാണ്ട് കലാമണ്ഡലത്തിലെ ചെണ്ട അഭ്യാസത്തിന്റേതു പോലെ തന്നെ. സംഗീതത്തിലെ താത്പര്യം മൂലം പുതിയ ട്രാക്കിലൂടെയുള്ള യാത്രയും ആസ്വദിച്ചു.
ചെണ്ടയോ സംഗീതമോ കൂടുതല്‍ പ്രിയം എന്നു ചോദിച്ചാല്‍ സംഗീതം എന്നുതന്നെ പിഡി പറയും. അപ്പോഴും വെറുതേ പാടാനല്ല, വൈവിധ്യങ്ങളിലൂടെ സഞ്ചരിക്കാനാണ് ഇഷ്ടം. രാഗങ്ങളുടെ അനന്ത സാധ്യതകള്‍ അറിഞ്ഞു പെരുമാറാനും അതു സ്വയം ആസ്വദിക്കാനും കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറുമില്ല. ഇവിടെയും, കഥാപാത്രങ്ങളേയും സന്ദര്‍ഭത്തേയും അറിഞ്ഞു പാടണം. ശാസ്ത്രീയ സംഗീതവും കഥകളി സംഗീതവും വേര്‍തിരിയുന്നത് ഇവിടെയാണ്. ശുദ്ധസംഗീതം മാത്രം പോര. ഭാവശുദ്ധിയെ അതില്‍ ലയിപ്പിക്കണം.
ആസ്വാദ്യതയ്ക്കു പുതിയ മാനം നല്‍കാനാണ് എന്നും ശ്രമിച്ചു കണ്ടിട്ടുള്ളത്. ജനകീയരാഗങ്ങളായ മോഹനം, ശഹാന തുടങ്ങിയവയേക്കാള്‍ ഇഷ്ടം, സാധ്യതകള്‍ കൂടുതലുള്ള കല്യാണിയും തോടിയും ശങ്കരാഭരണവുമൊക്കെയാണ്. ഉല്‍സവ കളികളില്‍ നിന്നു വ്യത്യസ്തമായി കഌബ്ബുകളിലും ആസ്വാദക കൂട്ടായ്മകളിലും മറ്റും തനതായ പരീക്ഷണങ്ങള്‍ക്കു മുതിരുന്നത്, സദസ്സിനെ അറിഞ്ഞു പെരുമാറാനുള്ള ഔചിത്യബോധംകൊണ്ടായിരിക്കണം. അത്തരം വേദികളിലാണ് കൂടുതല്‍ തെളിയാറുള്ളതും. ആലാപന സാധ്യതകള്‍ കുറവാണെങ്കില്‍പ്പോലും ചടുലമായ ചില പദങ്ങള്‍ പാടാന്‍ തനിക്ക് താത്പര്യമാണെന്നു പിഡി പറയും. സീതാസ്വയംവരത്തിലെ പരശുരാമന്റെ ‘ആരെടാ നടന്നീടുന്നു’ എന്നതു പോലുള്ള പദങ്ങള്‍. ബാലിവധം ഇഷ്ടപ്പെടുന്നതും അതുകൊണ്ടാണ്. ഘനഗംഭീരമായ ശബ്ദം അത്തരം പദങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും യോജിക്കുകയും ചെയ്യും. പിഡി യാത്ര തുടരട്ടെ. വൈകിയാണെങ്കിലും സംസ്ഥാന അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍കൊണ്ട് ആദരിക്കപ്പെട്ടത് ഇത്തരം വേറിട്ട സമീപനവും യാത്രയുമാണ്. നമുക്ക് ആസ്വാദനവും തുടരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: