അടുത്തിടെ കേള്‍ക്കാനിടയായ ഏറ്റവും നല്ല തമാശകളിലൊന്ന് ബിജെപി വക്താവ് അമിത് മാളവ്യയുടെ ട്വീറ്റാണ്. പരാജയപ്പെട്ട ഒരു റോക്കറ്റ് പിന്നെയും പിന്നെയും വിക്ഷേപിക്കുന്നത് എങ്ങനെയെന്നറിയാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കോണ്‍ഗ്രസ്സിനെ ബന്ധപ്പെട്ടു എന്നാണ് ബിജെപി വക്താവ് കുറിച്ചത്. ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ ആര്‍ട്ടിമിസ്-1 റോക്കറ്റിന്റെ വിക്ഷേപണം കൗണ്ട്ഡൗണിലെ തകരാറുമൂലം നാസ നീട്ടിവച്ചതിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഹല്ലാബോല്‍’ റാലിയെ പരിഹസിക്കുകയായിരുന്നു മാളവ്യ. കേന്ദ്ര സര്‍ക്കാരിനെതിരെ സംഘടിപ്പിച്ച ഈ റാലി യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അകത്തും പുറത്തും പരാജയപ്പെട്ട രാഹുലിനെ റിലോഞ്ച് ചെയ്യാനുള്ളതായിരുന്നു. ഈ വിമര്‍ശനം കൂടുതല്‍ പ്രസക്തമാവുന്നത് കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരത ജോഡോ യാത്രയുടെ കാലത്താണ്.
താടിയും മുടിയും നരച്ച് വാര്‍ധക്യത്തിന്റെ പടവുകളിലേക്ക് കയറിയിരിക്കുന്ന രാഹുലിനെ രാജ്യത്തിന്റെ നേതാവായി പ്രതിഷ്ഠിക്കാനുള്ള അവസാന ശ്രമമാണ് ഈ യാത്ര. വിദേശരാജ്യങ്ങളിലെ അജ്ഞാതവാസം ഇഷ്ടപ്പെടുന്ന നേതാവിന് സ്വന്തം നാട് നടന്നു കാണാനും വ്യായാമത്തിനുമൊക്കെ ഉപകരിക്കുമെന്നല്ലാതെ ഈ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടിയെ എവിടെയും എത്തിക്കാന്‍ പോകുന്നില്ല. നെഹ്റു കുടുംബത്തിന്റെ കാര്യം വരുമ്പോള്‍ വിധേയന്മാരായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യാഥാര്‍ത്ഥ്യബോധം നഷ്ടമാകുന്നതിന്റെ അനവധി ഉദാഹരണങ്ങളിലൊന്നാണിതും.
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 150 ദിവസം കൊണ്ട് 3,500 കിലോമീറ്റര്‍ എന്നൊക്കെ വലിയ സംഭവമായി വരച്ചുകാട്ടുന്നുണ്ടെങ്കിലും ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം വ്യക്തമാണ്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രം അവശേഷിക്കെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ ഉയര്‍ത്തിക്കാട്ടുക. എന്നാല്‍ ഈ പരീക്ഷണത്തിന് ഒരുപാട് പരിമിതികളും നിരവധി പൊരുത്തക്കേടുകളുമുണ്ട്.
ഒന്നാമതായി 2014 ലെയും 2019 ലെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട അവസ്ഥയില്‍നിന്ന് കോണ്‍ഗ്രസിന് പിന്നെയും വലിയ തകര്‍ച്ച സംഭവിച്ചിരിക്കുന്നു. കപില്‍ സിബലിനെയും ഗുലാം നബി ആസാദിനെയും പോലുള്ള പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ടു. ജി-23 ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവരും അല്ലാത്തവരുമായ ആനന്ദ ശര്‍മ, മനീഷ് തിവാരി, അശോക് ചവാന്, പൃഥ്വിരാജ് ചൗഹാന് തുടങ്ങിയവര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ട്ടി വിടാം. ശശി തരൂര്‍ എംപി അടുത്ത തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍നിന്ന് ഇടതുസ്വതന്ത്രനായി മത്സരിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഇതിനുള്ള കരുനീക്കങ്ങള്‍ തരൂര്‍ നടത്തിക്കഴിഞ്ഞു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് താരത്തിളക്കം വര്‍ധിപ്പിക്കാനുള്ള ശ്രമം ഇതിന്റെ ഭാഗമാണ്. തരൂരിന്റെ വിവാദ പ്രസ്താവനകള്‍ ഈ ദിശയിലുള്ളതാണ്.
പലതരം സ്വാര്‍ത്ഥതകൊണ്ടും സ്ഥാപിതതാല്‍പ്പര്യംകൊണ്ടും നെഹ്റു കുടുംബത്തിന്റെ അപ്രമാദിത്വം അംഗീകരിച്ചുകൊടുക്കുന്ന നേതാക്കള്‍ പോലും കോണ്‍ഗ്രസില്‍ അസംതൃപ്തരാണ്. പാര്‍ട്ടിയില്‍ ഇനിയും തുടരുന്നതുകൊണ്ട് വിശേഷമൊന്നുമില്ലെന്ന വികാരമാണ് ഇവര്‍ക്കുള്ളത്. സോണിയ കുടുംബത്തോട് വിധേയത്വമുള്ള ചുരുക്കം നേതാക്കള്‍ മാത്രം പാര്‍ട്ടിയില്‍ അവശേഷിക്കുന്ന അവസ്ഥയിലേക്കാണ് സ്ഥിതിഗതികള്‍ നീങ്ങുന്നത്. മാധ്യമങ്ങളില്‍ കഥകള്‍ മെനഞ്ഞും രാഹുലിന് കല്യാണം ആലോചിച്ചും ശ്രദ്ധയാകര്‍ഷിക്കുന്ന ജയറാം രമേശിന് പ്രദര്‍ശനമൂല്യം മാത്രമേയുള്ളൂ. ഇയാള്‍ എങ്ങനെയാണ് കോണ്‍ഗ്രസ് നേതാവായതെന്ന ഗുലാം നബി ആസാദിന്റെ ചോദ്യത്തിന് മറുപടിയുണ്ടായില്ലല്ലോ.
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിങ്ങിനെപ്പോലുള്ളവര്‍ കോണ്‍ഗ്രസ് വിടാന്‍ കാരണം രാഹുലുമായുള്ള അഭിപ്രായവ്യത്യാസമാണ്. പാര്‍ട്ടിവിട്ട പലരുടെയും പിന്നാലെ പോയെങ്കിലും ഒരാളെപ്പോലും പിടിച്ചുനിര്‍ത്താനോ മടക്കിക്കൊണ്ടുവരാനോ രാഹുലിന് കഴിഞ്ഞില്ല. പാര്‍ട്ടിയില്‍നിന്ന് ഏറ്റവും കൂടുതല്‍ നേതാക്കളെ പുറംതള്ളിയതിന്റെ ബഹുമതി രാഹുലിന് അവകാശപ്പെട്ടതായിരിക്കും. സ്വന്തം പാര്‍ട്ടിയില്‍ ഐക്യംകൊണ്ടുവരാന്‍ കഴിയാത്ത നേതാവിന് എങ്ങനെയാണ് രാജ്യത്തെ ഐക്യപ്പെടുത്താനാവുക? പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായിരുന്നവര്‍ നിരാശയും എതിര്‍പ്പും പ്രകടിപ്പിച്ച് പുറത്തുപോകുമ്പോള്‍ പാര്‍ട്ടിക്ക് പുറത്തുള്ള ചിലര്‍ നേതാക്കളായി പ്രത്യക്ഷപ്പെടുകയാണ്. ആന്തോളന്‍ ജീവിയായ യോഗേന്ദ്ര യാദവും അര്‍ബന്‍ നക്സലായ അരുണാ റോയിറ്റും മറ്റും ഇവരില്‍പ്പെടുന്നു. കോണ്‍ഗ്രസില്‍ അംഗത്വം പോലുമില്ലാത്ത ഇവരെ പ്രലോഭിപ്പിച്ച് ഭാരത് ജോഡോ യാത്രയ്ക്കൊപ്പം നടത്തുകയാണ്.
വിദ്വേഷത്തിനെതിരെ ഐക്യത്തിന്റെ വക്താവായി രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതില് ഒരു വിരോധാഭാസമുണ്ട്. യാന്ത്രികവും ഉപരിപ്ലവുമായി പ്രസംഗിക്കുന്ന രാഹുല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് വെറുപ്പ് എന്ന വാക്കാണ്. പ്രത്യക്ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരായാണ് ഇതെങ്കിലും അതിന്റെ മനഃശാസ്ത്രം മറ്റൊന്നാണ്. ഉള്ളില്‍ കുമിഞ്ഞുകൂടിയ വെറുപ്പ് ബഹിര്‍ഗമിക്കുകയാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് ദല്‍ഹിയില്‍ ആയിരക്കണക്കിന് സിഖുകാരെ കൂട്ടക്കൊല ചെയ്തതുമായി ഇതിനെ ബന്ധിപ്പിക്കാം.
ഭാരത് ജോഡോ യാത്രയും വെറുപ്പിന്റെ യാത്രയാണെന്ന് തെളിഞ്ഞിരിക്കുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ക്രൈസ്തവ സുവിശേഷകന് ജോര്‍ജ് പൊന്നയ്യയുമായി കന്യാകുമാരിയില്‍ രാഹുല്‍ ചര്‍ച്ച നടത്തിയത് ഐക്യയാത്രയുടെ പേരില്‍ അനൈക്യത്തിന്റെ ശക്തികളുമായുള്ള കോണ്‍ഗ്രസ്സിന്റെ ബന്ധമാണ് തെളിയിക്കുന്നത്. ഹിന്ദുദൈവങ്ങളെപ്പോലെയല്ല, ക്രിസ്തുവാണ് യഥാര്‍ത്ഥ ദൈവമെന്ന് ഇയാള്‍ പറയുന്നത് കൂടിക്കാഴ്ചയില്‍ ശരിവയ്ക്കുന്നുണ്ട്. ”ഞങ്ങള്‍ ചെരുപ്പ് ധരിക്കുന്നത് ഭാരതമാതാവില്‍നിന്ന് അശുദ്ധിയുണ്ടാവാതിരിക്കാനാണ്” എന്നു പറയുന്ന ഒരു ദേശവിരുദ്ധനുമായി കൈകോര്‍ക്കുന്നതിന്റെ സന്ദേശം വ്യക്തമാണല്ലോ. ഒരു യാത്രയാവുമ്പോള്‍ പലരെയും കാണേണ്ടിവരുമെന്ന് ന്യായീകരിക്കുകയാണ് പാര്‍ട്ടി വക്താവ് ജയറാം രമേശ് ചെയ്തത്.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. ദോക്ലാം സംഘര്‍ഷത്തിനു തൊട്ടുപിന്നാലെ രാഹുല്‍ ചൈനയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. മോദി സര്‍ക്കാര്‍ ദോക്ലാം പ്രശ്നം കൈകാര്യം ചെയ്തതിനെ താനുള്‍പ്പെടുന്ന പാര്‍ലമെന്ററി സമിതി പ്രശംസിച്ചപ്പോഴും സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് രാഹുല്‍ ചെയ്തത്. പുല്‍വാമയില്‍ സൈന്യത്തിനു നേരെ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ബാലകോട്ടില്‍ ഭാരതം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്തു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ‘അള്ളാഹു പറഞ്ഞാല്‍ ഭാരതത്തെ തുണ്ടം തുണ്ടമാക്കും’ എന്ന മുദ്രാവാക്യം മുഴക്കിയവരെ പിന്തുണച്ചു. അതിര്‍ത്തി കാക്കുന്ന ഭാരത സൈനികര്‍ സ്ത്രീപീഡനവും ബലാത്സംഗവും നടത്തുകയാണെന്ന് കുറ്റപ്പെടുത്തി.
ഇങ്ങനെയൊക്കെ പറയുകയും പെരുമാറുകയും ചെയ്യുന്നയാള്‍ ഭാരതത്തിന്റെ ഐക്യത്തിനുവേണ്ടി യാത്ര നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള തട്ടിപ്പാണ്. ആര്‍എസ്എസും സംഘപരിവാറും സോണിയാ കോണ്‍ഗ്രസ്സിന്റെ ശത്രുപക്ഷത്താവുന്നതിന്റെ കാരണം ഇതില്‍നിന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. വിവരക്കേടും അഹന്തയും ഒരു പരിധിവരെ സഹിക്കാം. പക്ഷേ രാജ്യത്തെ അഞ്ഞൂറിലേറെയുള്ള പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍നിന്ന് മത്സരിച്ചു ജയിക്കുമെന്ന് ഉറപ്പില്ലാത്തയാള്‍ ആര്‍എസ്എസിനെപ്പോലെ ഒരു പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പത്തമാണ്. ആര്‍എസ്എസിനെ അടിച്ചമര്‍ത്താനും ഇല്ലായ്മ ചെയ്യാനും ഈ നേതാവിന്റെ മുത്തച്ഛന്റെ കാലം മുതല്‍ ശ്രമിക്കുന്നതാണ്. എല്ലാം പരാജയപ്പെട്ടിട്ടേയുള്ളൂ. ഈ ചരിത്രമൊന്നും അറിയാതെ ആര്‍എസ്എസിനെ കത്തിച്ചുകളയുമെന്നും മറ്റും പറയുന്നത് ജനങ്ങളില്‍ ചിരിയുണര്‍ത്തും.
രാജ്യത്തെ ഐക്യപ്പെടുത്തും രക്ഷിക്കും എന്നൊക്കെപ്പറഞ്ഞുള്ള ഭാരത് ജോഡോ യാത്രയ്ക്ക് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കോണ്‍ഗ്രസ്സിനെ തട്ടിയുരുട്ടി കൊണ്ടുപോവുക. ഇതും വിഫലമാവും. ജനങ്ങളുമായി ബന്ധമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുക മാത്രമല്ല. പഞ്ചാബ്, ഗുജറാത്ത്, ജമ്മുകശ്മീര്‍, ഗോവ എന്നിങ്ങനെ സംസ്ഥാന ഘടകങ്ങള്‍ തന്നെ ഇല്ലാതാവുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ എത്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഒപ്പമുണ്ടാകുമെന്ന് കണ്ടറിയണം. സീറ്റുകളെക്കുറിച്ചുള്ള ആശങ്കയൊന്നും ഇപ്പോള്‍ സോണിയാ കോണ്‍ഗ്രസ്സിനില്ല. എത്ര സ്ഥാനാര്‍ത്ഥികളെ ലഭിക്കുമെന്നതാണ് ആശങ്ക. കൊഴിഞ്ഞുപോയ പാര്‍ട്ടി നേതാക്കള്‍ക്ക് പകരക്കാരായി ജോഡോ യാത്രയില്‍ അടുത്തുകൂടിയിട്ടുള്ള യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ സ്ഥാനാര്ത്ഥികളാവുമായിരിക്കും.
രാഹുലിനെ മുന്‍നിര്‍ത്തിയുള്ള സമാനമായ ഒരു കോലാഹലം 2019 ലും കണ്ടതാണ്. ഇന്ന് ‘ഭാരത് ജോഡോ’ യാത്രയാണെങ്കില്‍ അന്ന് ‘ചൗക്കിദാര്‍ ചോര്‍ ഹെ’ മുദ്രാവാക്യമായിരുന്നു. ചില മാധ്യമങ്ങളുടെ പിന്തുണയോടെ റഫാല്‍ വിമാന ഇടപാടിന്റെ പേരില്‍ ഇല്ലാത്ത അഴിമതിയാരോപണം ഉയര്‍ത്തിക്കൊണ്ടുവന്നു. സുപ്രീംകോടതിയെ വരെ ദുരുപയോഗിച്ചു. കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നും രാഹുല്‍ പ്രധാനമന്ത്രിയാവുമെന്നും കൊട്ടാരം സേവകര്‍ക്കും പാര്‍ട്ടി ആസ്ഥാനത്തെ കാവല്ക്കാര്ക്കും ഉറപ്പായിരുന്നു. പക്ഷേ സംഭവിച്ചത് എന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. ‘നിയുക്ത പ്രധാനമന്ത്രിക്ക്’ പാര്‍ട്ടി അധ്യക്ഷ പദവി ഒഴിയേണ്ടിവന്നു. താന്‍ തോറ്റിട്ടില്ല, പാര്‍ട്ടി നേതാക്കള്‍ ഒപ്പം നില്‍ക്കാത്തതാണ് പ്രശ്നമായത് എന്നൊരു ന്യായം കണ്ടെത്തി. വിഡ്ഢികളില്‍ മാത്രം കണ്ടുവരുന്ന ഒരുതരം ആത്മവിശ്വാസത്തോടെ രാഹുല്‍ വീണ്ടും സജീവമായി. ഈ ആത്മവിശ്വാസമാണ് ഭാരത് ജോഡോ യാത്രയിലും അലതല്ലുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: