തൃശ്ശിവപുരം മോഹനചന്ദ്രന്
ശുദ്ധസംഗീതവും വൃത്തവും അലങ്കാരവുമൊക്കെ ലക്ഷണയുക്തം എഴുതിയ വരികള്‍. ഒട്ടേറെ പൂര്‍വ്വസൂരികള്‍ എഴുതിയിട്ടുണ്ട് സാക്ഷാല്‍ ഗുരുപവനേശനെക്കുറിച്ച്. മേല്‍പ്പത്തൂര്‍, പൂന്താനം മുതല്‍ എസ്. രമേശന് നായര്‍ വരെ. പക്ഷേ അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി കണ്ണന്റെ തിരുനടയിലെ തുലാഭാരത്തട്ടില്‍ വെച്ച ഒരു തുളസീദളത്തിന്റെ നൈര്‍മല്യം കാണാം ചൊവ്വല്ലൂരിന്റെ വരികളില്‍…
ശ്രീലകം വിട്ട് പുറത്തേക്കെഴുന്നള്ളുന്ന കണ്ണനു മുന്നില്‍, കുത്തുവിളക്കേന്തി പ്രദക്ഷിണം വെക്കുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിക്ക് കണ്ണനെക്കുറിച്ചുള്ള വരികളെല്ലാം മന്ത്രസ്തുതികളാണ്, തെച്ചിയും മന്ദാരവും തുളസിയും കൊണ്ടുള്ള അര്‍ച്ചനയാണ്, ചന്ദനച്ചാര്‍ത്താണ്, കൈക്കുമ്പിളിലെ നറും വെണ്ണയാണ്, തിരുമുടിയിലെ മയില്‍പ്പീലിയും തിരുകാല്‍ത്തളയുമാണ്. ഓരോ ദിവസവും തിരുനടയിലെത്തിയിരുന്ന ചൊവ്വല്ലൂരിന്റെ പ്രാര്‍ത്ഥനയെല്ലാം ഓരോ കീര്‍ത്തനമോ ഗാനസമര്‍പ്പണമോ ആയിരുന്നു. അതുകൊണ്ടാണ്, ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന് ദിവ്യ രൂപം എന്നെഴുതാനാവുന്നത്. അടിമുടി കണ്ണന്റെ കവിയായിരുന്നു ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. അനുഷ്ഠാന ജീവിതത്തില്‍ അസ്സല് കഴകക്കാരനും. അതറിഞ്ഞാണദ്ദേഹം പറഞ്ഞത്: ‘എന്റെ അടിസ്ഥാന തത്വം, എന്റെ ജന്മസാഫല്യം, അതിനപ്പുറം ഒരു ആത്മാനന്ദവുമില്ലെന്ന്.
വെള്ളി കുത്തുവിളക്കുമായി കണ്ണനു മുന്നേ നടക്കുന്ന കഴകക്കാരന് മറ്റൊരു പ്രധാന ദൗത്യം കൂടി ഉണ്ടായിരുന്നു ഗുരുവായൂരില്‍. അത്, ആവേശപൂര്‍വ്വം കണ്ണനെക്കാണാന് ഓടിയെത്തുന്ന ആനകളെ സ്വീകരിക്കാന്‍ നിറപറ ചൊരിയുകയെന്ന നിയോഗം ഉണ്ടായിരുന്നു എന്നതാണ്. ‘ഗുരുവായൂരപ്പന് ഉള്ളിലിരുന്ന് വരികള്‍ പറയുന്നു; ഞാനത് പകര്‍ത്തിയെഴുതുന്നു.’ എന്നാണദ്ദേഹം എപ്പോഴും പറയാറുള്ളത്. അത്രയും വിനയാന്വിതനായിരുന്നു അദ്ദേഹം. കവിത്വത്തിന്റെ നാനാര്‍ത്ഥത്തില്‍ അഭിരമിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി കൃഷ്ണഗീതികളില്‍ ഒതുക്കിനിര്‍ത്തിയില്ല; തന്റെ സര്‍ഗാത്മഗതയെ.
കവിതയെഴുതി. കഥയെഴുതി. കഥകള്‍ നാടകങ്ങളായി. തിരക്കഥകളായി. ബാലസാഹിത്യവും ഹാസ്യസാഹിത്യവുമായി. അനുഷ്ഠാന ജീവിതത്തിന്റെ ഭാഗമായി കലകളും സ്വായത്തമായി. ചൊല്ലിയാട്ടങ്ങളും താളവാദ്യങ്ങളും ഹൃദിസ്ഥമായി. ഗുരുവായൂരപ്പന്റെ ഭൂമികയില്‍ നിത്യവൃത്തിയുണ്ടായതിന്റെ സുകൃതത്തില്‍ സാക്ഷാല്‍ ചെമ്പൈയുടെ ചാരത്തിരിക്കാനായി.
തൃത്താല കേശവനും പെരുവനവും മട്ടന്നൂരും സഹോദരതുല്യരായി. യൂസഫലി കേച്ചേരിയും മാടമ്പു കുഞ്ഞുകുട്ടനും ചങ്ങാതിമാരായി. പി. കുഞ്ഞിരാമന് നായരും, കുട്ടികൃഷ്ണമാരാരും ഒളപ്പമണ്ണയും സലില്‍ ചൗധരിയും കോട്ടക്കല്‍ ശിവരാമനും കലാമണ്ഡലം ഗോപിയും പ്രേംനസീറുമെല്ലാം സുഹൃദ്വലയത്തിലുണ്ടായിരുന്നു. ഒരു നേരമെങ്കിലും കേള്‍ക്കാന്‍ അതിമനോഹര ഗാനങ്ങള്‍ ബാക്കിവെച്ചാണ് ചൊവ്വല്ലൂര്‍ അരങ്ങൊഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: