ന്യൂദല്‍ഹി: കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍ മുഴക്കുന്നത് നിര്‍ത്തിയ ഹൈക്കോടതി വിധിയില്‍ സുപ്രീംകോടതി നോട്ടീസ്. കോര്‍പറേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.
135 വര്‍ഷമായി നിലനില്‍ക്കുന്ന സൈറണ്‍ മുഴക്കല്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണൂര്‍ കോര്‍പറേഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്‌കൂളുകള്‍, ആശുപത്രികള്‍, നഴ്സിങ് സ്ഥാപനങ്ങള്‍ എന്നിവയുള്ള നഗരഹൃദയത്തിലാണ് ഈ സൈറണ്‍ മുഴക്കുന്നതെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 94.9 ഡെസിബെലില്‍ എന്തിനാണ് സൈറണ്‍ മുഴക്കുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നിലവില്‍ 66.2 ഡെസിബെലില്‍ ആണ് സൈറണ്‍ മുഴക്കുന്നത്. എന്നാല്‍ രണ്ട് വരി ഉത്തരവിലൂടെയാണ് സൈറണ്‍ മുഴക്കല്‍ കേരള ഹൈക്കോടതി നിര്‍ത്തിച്ചതെന്നും കോര്‍പറേഷന്‍ വാദിച്ചു. തുടര്‍ന്നാണ് കേസില്‍ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചത്. സൈറണിന്റെ ശബ്ദം അനുവദനീയമായ പരിധിയില്‍ കൂടുതലാണെന്നും അതിനാല്‍ നിര്‍ത്തിവെക്കുകയോ ശബ്ദപരിധി കുറയ്‌ക്കുകയോ ചെയ്യണമെന്ന് കാണിച്ച് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായത്.











