കൊച്ചി : സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്ത്കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎമ്മെന്ന് ചെറിയാന് ഫിലിപ്പ്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് കെവി. തോമസ് ഹൈക്കമാന്‍ഡിന് കത്ത് എഴുതിയതിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യൗവ്വനം മുതല്‍ ഇഎംഎസ് ഉള്‍പ്പടെയുള്ളവര്‍ തന്റെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. സഹയാത്രികനായ ശേഷമാണ് അന്നത്തെ സ്നേഹം വ്യാജമാണെന്ന് ബോധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിച്ചു. സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ ദയവായി കെ.വി. തോമസ് കുടുങ്ങരുതെന്നും ചെറിയാന് ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സെമിനാറില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കെ.വി. തോമസ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. കെപിസിസിയുടെ തീരുമാനം അംഗീകരിക്കാനും സെമിനാറില്‍ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു ഹൈക്കമാന്‍ഡ് നിലപാട്. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. തീരുമാനം വ്യാഴാഴ്ച അറിയിക്കാമെന്നാണ് കെ.വി തോമസ് പ്രതികരിച്ചത്.
സിപിഎമ്മിനെതിരെ കഴിഞ്ഞ ദിവസവും ചെറിയാന് ഫിലിപ്പ് രംഗത്ത് വന്നിരുന്നു. ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്റേയും വോട്ടുവിഹിതത്തിന്റേയും മാനദണ്ഡപ്രകാരം സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് ചെറിയാന് ഫിലിപ്പ് പറഞ്ഞു. സിപിഎം ഇപ്പോള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രാദേശിക കക്ഷിയാണ്. ദേശീയ കക്ഷിയായി പിടിച്ചു നില്‍ക്കുന്നതിനുള്ള അടവുനയത്തെക്കുറിച്ചാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച. കോണ്‍ഗ്രസുമായി സഖ്യം വേണോ ധാരണ വേണോ എന്നതാണ് സിപിഎമ്മിന്റെ മുഖ്യവിഷയമെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: