കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി വിജീഷിന് കൂടി ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തിലാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വിജീഷിന്റെ ഹര്‍ജിയില്‍ പ്രതിപാദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ജാമ്യം നല്‍കുകയായിരുന്നു. നിലവില്‍ കേസിലെ നാലാം പ്രതിയാണ് വിജീഷ്.
നടിയെ ആക്രമിക്കാനുള്ള സംഘത്തില്‍ പള്‍സര്‍ സുനിയോടൊപ്പം അത്താണി മുതല്‍ വിജീഷും വാഹനത്തില്‍ ഉണ്ടായിരുന്നു. കേസില്‍ പള്‍സര്‍ സുനിയും വിജീഷും ഒഴികെ നടന് ദിലീപ് ഉള്‍പ്പെടെയുള്ളവരെല്ലാം നേരത്തെ തന്നെ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.
സമാന കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് ഹൈക്കോടതിയും സൂപ്രീംകോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ട്. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണനയില്‍ ജാമ്യം അനുവദിക്കണമെന്നും വിജീഷിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടു. നിലവില്‍ പള്‍സര്‍ സുനി മാത്രമാണ് ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നത്.
അതേസമയം പോലീസ് പീഡനമാരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും ലക്ഷ്യയിലെ മുന്‍ ജീവനക്കാരനും ആയ സാഗര്‍ വിന്‍സന്റ് നല്കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹര്‍ജി. എന്നാല്‍ ഈ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചിരുന്നു. ജസ്റ്റിസ് അനു ശിവരാമന്റെ സിംഗിള്‍ ബഞ്ചാണ് വിധി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: