തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്നവരെ വഴിയാധാരമാക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി അത് സാധാരണക്കാരായ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ശീതീകരിച്ച മുറികളില്‍ ജീവിക്കുന്ന അപ്പര്‍ ക്ലാസിനോടു മാത്രമല്ല, കുടിയിറക്ക് ഭീഷണി നേരിടുന്ന സാധാരണക്കാരുമായും മുഖ്യമന്ത്രി സംവദിക്കണം. അവരെയാണ് കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത്.
നിരവധി ജനങ്ങളാണ് വേവലാതികള്‍ പങ്കുവയ്ക്കുന്നത്. ഹൃദയമുള്ള ഭരണാധികാരിക്ക് വീണ്ടുവിചാരമുണ്ടാകേണ്ട കാര്യങ്ങളാണിവയെല്ലാം. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് മൂലമ്പിള്ളിയില്‍ കുടിയിറക്കിയ 316 കുടുംബങ്ങള്‍ ഇന്നും പെരുവഴിയിലാണ്. സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണിലുള്ളവര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പരസ്പരവിരുദ്ധമായാണ് പ്രതികരണം. കല്ലിട്ടതിന്റെ പേരില്‍ ബാങ്ക് വായ്പ അടക്കം നിഷേധിക്കപ്പെടുകയാണ്. സാമൂഹ്യാഘാത പഠനത്തിന് ബാങ്ക് വായ്പ നിഷേധിക്കേണ്ട കാര്യമില്ലല്ലോ. ഇതിനോടൊന്നും മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ ഇതുപോലത്തെ പദ്ധതികള്‍ വന്നപ്പോള്‍ സിപിഎമ്മിന്റെ അഭിപ്രായമെന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഗെയില്‍ പദ്ധതിയും റോഡു വികസനവുമെല്ലാം എതിര്‍ത്തിരുന്നത് സിപിഎമ്മാണ്. കേന്ദ്ര റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതാണ് കെ റെയില്‍ സംബന്ധിച്ച കേന്ദ്ര നിലപാട്. അതില്‍ നിന്ന് പിന്നോട്ടുപോകില്ല. ബാക്കിയെല്ലാം മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
കേരളത്തില്‍ കെ റെയിലല്ല വേണ്ടതെന്നും വന്ദേഭാരത് തീവണ്ടികള്‍ നടപ്പായാല്‍ നാലു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് എത്താമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലാകെ നിയമ വിരുദ്ധമായാണ് മഞ്ഞക്കല്ല് സ്ഥാപിക്കുന്നത്. നിയമപ്രകാരം റവന്യൂ വകുപ്പാണ് ഭൂമിയേറ്റെടുക്കല്‍ നടപടി സ്വീകരിക്കേണ്ടത്. ഇവിടെ സംസ്ഥാന ഗവണ്മെന്റ് ചുമതലപ്പെടുത്തിയ സ്വകാര്യ ഏജന്‍സിയാണ് കല്ലിടല്‍ നടത്തുന്നത്. സാമൂഹ്യാഘാത പഠനം നടത്താനാണ് കോടതി അനുവാദം കൊടുത്തിട്ടുള്ളത്. പഠനം നടത്താന്‍ കല്ലിടേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: