ന്യൂദല്‍ഹി : കേരളത്തിലെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഗുണ്ടായിസം അവസാനിപ്പിക്കണം. പണിമുടക്ക് എന്ന പേരില്‍ തൊഴിലാളി യൂണിയനുകളുടെ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണിമുടക്കാന്‍ എല്ലാ തൊഴിലാളികള്‍ക്കും അവകാശമുണ്ട്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്ത് ഗുണ്ടായിസം അഴിച്ചുവിടുകയാണ്. എന്നാല്‍ നിര്‍ബന്ധിതമായി ഇവിടെ തൊഴിലാളികളെക്കൊണ്ട് പണിമുടക്കില്‍ പങ്കെടുപ്പിക്കുകായാണ്. സര്‍ക്കാരിന്റെ പിന്തുണയോടെ കേരളത്തില്‍ മാത്രമാണ് തൊഴിലാളികളെക്കൊണ്ട് പണിമുടക്ക് നടത്തിപ്പിക്കുന്നത്.
തൊഴിലാളികള്‍ക്ക് പല പ്രശ്നങ്ങളുണ്ടാകും. ഇത് ചര്‍ച്ച ചെയ്ത് പരിഹരിക്കണം. തൊഴിലാളികളുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ല. ഭരണഘടനയുടെ ഏത് വകുപ്പാണ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നത്. ദേശീയ പണിമുടക്കിനെതിരെയുള്ള ഹൈക്കോടതി പ്രസ്താവന നടത്തിയതില്‍ എന്താണ് തെറ്റ്. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണമെന്ന് പറയുന്നതില്‍ തെറ്റില്ല. പണിയെടുക്കാത്തവര്‍ക്ക് ശമ്പളം നല്‍കാനാവില്ല. പൗരാവകാശങ്ങളാണ് സംസ്ഥാനത്ത് ലംഘിക്കപ്പെടുന്നത്.
തുടര്‍ച്ചയായി കേരളത്തില്‍ മൂന്ന് ദിവസമാണ് പൊതു സേവനങ്ങള്‍ തടസ്സപ്പെടുന്നത്. പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതിനെതിരെയാണ് ഹൈക്കോടതി പ്രസ്താവന നടത്തിയത്. പണിയെടുക്കാതെ ശമ്പളം വാങ്ങുക, ആളുകളെ വാഹനത്തില്‍ നിന്നും പിടിച്ചിറക്കി ആക്രമിക്കുക. ജോലിക്കെത്തുന്നവരെ തടയുക എന്നിവയ്ക്കെതിരെയാണ് കോടതി പരാമര്‍ശം നടത്തിയത്.
അതേസമയം കെ റെയില്‍ വിഷയത്തില്‍ സര്‍വ്വേ നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് അല്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേരളത്തിന് ഡിപിആര്‍ തയ്യാറാക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. പാരിസ്ഥിതിക പഠനത്തിനുള്ള സര്‍വ്വേ നടത്താനുള്ള അനുമതി മാത്രമാണ് സുപ്രീംകോടതി നല്‍കിയത്. സ്വകാര്യഭൂമിയില്‍ മഞ്ഞ കുറ്റികള്‍ സ്ഥാപിച്ച് അവരെ ഭീഷണിപ്പെടുത്തി സര്‍വ്വേ നടത്താനുള്ള അധികാരമല്ലെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: