കീവ്: ഉക്രൈന് നഗരമായ ഖാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ നവീന്‍ കൊലപ്പെട്ടത് ബങ്കറില്‍ നിന്നിറങ്ങി മിനിറ്റുകള്‍ക്കകം. ഖാര്‍കീവില്‍ തന്നെയുള്ള ബങ്കറില്‍ ആയിരുന്നു നവീന്‍ കഴിഞ്ഞിരുന്നത്. ഖാര്‍കീവില്‍ ഇന്നലെ മുതല്‍ റഷ്യ ഷെല്ലാക്രമണം ആരംഭിച്ചിരുന്നു. ഷെല്ലാക്രമണം ആരംഭിച്ച സമയം മുതല്‍ വിദ്യാര്‍ത്ഥികളോട് ബങ്കര്‍ വിട്ട് പുറത്തിറങ്ങരുത് എന്ന് ഇന്ത്യന്‍ എംബസി പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, സാധനം വാങ്ങാന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെടുമ്പോഴാണ് നവീന്റെ ശരീരത്തിലേക്ക് ഷെല്‍ പതിച്ചത്.
കര്‍ണാടക സ്വദേശിയായ നവീന്‍ ജ്ഞാനഗൗഡര് നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയായിരുന്നു.. ഖാര്‍കീവ് നഗരത്തിലെ ഗവര്‍ണര്‍ ഹൗസ് ലക്ഷ്യമിട്ട് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് നവീന്‍ ജ്ഞാനഗൗഡര് കൊല്ലപ്പെട്ടത്.
വിദേശകാര്യവക്താവാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ ഖാര്‍കീവിലെ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ജീവന് നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങള്‍ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നായിരുന്നു വിദേശകാര്യ വക്താവിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തില്‍ ഒരു ഇസ്രയേലി പൗരനും കൊല്ലപ്പെട്ടിരുന്നു.
അതേസമയം തലസ്ഥാനമായ കീവില്‍ നിന്ന് അടിയന്തരമായി ഇന്ത്യക്കാര്‍ മാറണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് നല്കി. വിദ്യാര്‍ത്ഥികള്‍ അടക്കം എല്ലാ ഇന്ത്യക്കാരും വളരെ അടിയന്തരമായ കീവ് വിടണമെന്നാണ് എംബസിയുടെ ട്വീറ്റ്. ലഭിക്കുന്ന ട്രെയിനുകളിലോ മറ്റു യാത്രമാര്‍ഗങ്ങളോ തേടി കീവ് വിടാനാണ് നിര്‍ദേശം.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാനാണ് കഴിഞ്ഞ ദിവസങ്ങള്‍ നല്കിയ നിര്‍ദേശം. കീവ് പിടിക്കാന്‍ റഷ്യ യുദ്ധം അതിശക്തമാക്കുമെന്ന് വ്യക്തമായതോടെയാണ് ഇന്ത്യന്‍ എംബസിയുടെ അടിയന്തര നിര്‍ദേശം. 900 വിദ്യാര്‍ത്ഥികള്‍ ഇന്നലെ കീവ് വിട്ടിരുന്നു. ഇനിയും അഞ്ഞൂറോളം ഇന്ത്യക്കാര്‍ കീവിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: