മാനന്തവാടി: ഇരുപത് സെന്റ് ഭൂമിയില്‍ പതിമൂന്ന് വീടുകളിലായി ഇരുപത്തിയഞ്ചിലധികം കുടുംബങ്ങള്‍. കോളനിയിലാര്‍ക്കെങ്കിലും രോഗംവന്നാല്‍ തലയേറ്റി നടക്കാന്‍ പോലും വിസ്തൃതിയില്ലാത്ത നടവഴി. ആരെങ്കിലും മരണപ്പെട്ടാല്‍ മൃതദേഹം സംസ്‌കരിക്കുന്നത് വീടിന്റെ കോലായില്‍. അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന കോളനിയില്‍ 2017ല്‍ അംബേദ്കര്‍ പദ്ധതിയുടെ ഒരുകോടി വികസനമെത്തുമെന്നറിഞ്ഞതോടെ പടക്കോട്ട്കുന്ന് കോളനി നിവാസികള്‍ ആശ്വസിച്ചു. എന്നാല്‍ മൂന്ന് കൊല്ലം പിന്നിട്ടപ്പോള്‍ ദുരിതങ്ങള്‍ക്കറുതിയില്ലാതെ അംബേദ്കര്‍ പദ്ധതിയും പാഴാവുന്നു.
പദ്ധതി തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഹാബിറ്റാറ്റ് ഏറ്റെടുത്ത പ്രവൃത്തികളുടെ പൂര്‍ത്തീകരണമെങ്ങുമെത്തിയില്ല. കൃത്യമായ മോണിറ്ററിംഗ് നടത്താത്തതിനാൽ നേരത്തെ ഊരുകൂട്ടം നിര്‍ദ്ദേശിച്ച വികസനപ്രവര്‍ത്തനങ്ങളെല്ലാം അട്ടിമറിച്ചതായും പരാതിയുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന ആദിവാസി ഊരിന്റെ ഊരുകൂട്ട തീരുമാനപ്രകാരം നടപ്പിലാക്കുന്ന വികസനത്തിനായി ഒരുകോടി രൂപയാണ് അംബേദ്കര്‍ പദ്ധതിയിലുള്ളത്. 80.82 ലക്ഷംരൂപയുടെ 9 പദ്ധതികള്‍ക്ക് 2018ല്‍ എസ്റ്റിമേറ്റും ഡിപിആറും തയ്യാറാക്കി ഹാബിറ്റാറ്റ് ഏറ്റെടുത്തു. പിന്നീട് പ്രവൃത്തികള്‍ സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കുകയായിരുന്നു.
മുറ്റം ഇന്റര്‍ലോക്കിംഗ്, മഴവെള്ളം വീടുകളിലെത്താതിരിക്കാന്‍ സംവിധാനം, കോളനിയിലേക്ക് റോഡ്, തൊഴിലവസരങ്ങള്‍, പഴക്കം ചെന്ന വീടുകളുടെ അറ്റകുറ്റപ്പണി, കോളനിക്ക് ചുറ്റുമതില്‍ തുടങ്ങിയവയൊക്കെയായിരുന്നു ഊരുകൂട്ടത്തിലുയര്‍ന്ന ആവശ്യങ്ങള്‍. എന്നാല്‍ ആവശ്യങ്ങളെല്ലാം കേട്ട അധികൃതര്‍ പിന്നീട് മറ്റൊരു രൂപരേഖയുണ്ടാക്കി പ്രവൃത്തികള്‍ നടത്തുകയായിരുന്നുവെന്നാണ് പരാതി.
രണ്ട് വര്‍ഷത്തിനിപ്പുറം പദ്ധതിയുടെ 30 ശതമാനത്തോളം പൂര്‍ത്തിയായപ്പോള്‍ 10 വര്‍ഷത്തിലധികം പഴക്കമുള്ള വീടുകളില്‍ അടച്ചുറുപ്പുള്ള വാതിലുകളോ കക്കൂസുകളോ ഇല്ല. ചെറിയ മഴപെയ്താല്‍ പോലും വീടുകള്‍ക്കുള്ളില്‍ വരെ ചെളിവെള്ളം നിറയും. കോളനിമുറ്റത്തുള്ള കിണര്‍ നവീകരിച്ച് വെള്ളമെത്തിക്കാനോ മരണപ്പെട്ടാല്‍ അന്തസ്സോടെ മറവ് ചെയ്യാന്‍ ശ്മശാനമോ ഇവര്‍ക്ക് ലഭ്യമായില്ല. ചോര്‍ന്നൊലിച്ചിരുന്ന 13 വീടുകള്‍ക്ക് ഒന്നരലക്ഷം രൂപാവീതം ചെലവഴിച്ച് ഓടിട്ടു നല്‍കിയതാണ് പ്രധാനവികസനമായി ചൂണ്ടിക്കാണിക്കാനുള്ളത്. വീടുകളുടെ നവീകരണത്തിന് ഒന്നരലക്ഷം രൂപയിലധികം ചെലവഴിക്കരുതെന്ന നിര്‍ദ്ദേശമാണ് കരാറുകാരെ പ്രതിസന്ധിയിലാക്കിയതെന്ന് പറയപ്പെടുന്നു. ചുരുക്കത്തില്‍ 2 സെന്റ് ഭൂമിയില്‍ ദുരിതജീവിതം നയിക്കുന്ന 25 ഓളം കുടുംബങ്ങള്‍ക്ക് അംബേദ്കര്‍ പദ്ധതിയും യാതൊരു പ്രയോജനവും ലഭിക്കാതെ പാഴാവുന്നതാണ് കോളനിയില്‍ നിന്നുള്ള നേര്‍ക്കാഴ്ചകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: