തൃശ്ശൂര്‍: ജോലി കേരള സാഹിത്യ അക്കാദമിയുടെ കീഴിലുള്ള അപ്പന് തമ്പുരാന് സ്മാരകത്തില്‍. ശമ്പളം നല്‍കുന്നത് സംസ്ഥാന ഖജനാവില്‍ നിന്ന്. ചെയ്യുന്നതാകട്ടെ അക്കാദമി ഭാരവാഹികളുടെ വീട്ടുവേലയും. 2011 ലാണ് അക്കാദമിയിലെ താത്കാലിക ജീവനക്കാരായ എട്ടുപേരെ ചട്ടങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്.
അഞ്ച് പേരെ അക്കാദമി ആസ്ഥാനത്തും മൂന്ന് പേരെ അയ്യന്തോളിലെ അപ്പന് തമ്പുരാന് സ്മാരകത്തിലും നിയമിച്ചു. സ്മാരകത്തില്‍ നിയമനം ലഭിച്ചവരില്‍ ഒരാള്‍ തൂപ്പുകാരിയും മറ്റൊരാള്‍ പ്യൂണുമായിരുന്നു. മൂന്നാമത്തെയാള്‍ മ്യൂസിയം ഗൈഡും. അക്കാദമി സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സ്ഥിരപ്പെടുത്തുന്നത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു. നിയമനം ലഭിച്ച തൂപ്പുകാരിയും പ്യൂണും പത്തുവര്‍ഷമായിട്ടും ഇന്നേവരെ അപ്പന് തമ്പുരാന് സ്മാരകത്തില്‍ ജോലി ചെയ്തിട്ടില്ല. തൂപ്പുകാരിക്ക് അന്നുമുതല്‍ സെക്രട്ടറിയുടെ വീട്ടുജോലികളും അക്കാദമി ആസ്ഥാനത്ത് ഭക്ഷണമുണ്ടാക്കലുമാണെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്.
അപ്പന് തമ്പുരാന് സ്മാരകത്തില്‍ തൂപ്പുജോലിക്ക് ഇവര്‍ തന്നെ ദിവസക്കൂലിക്ക് മറ്റൊരാളെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. പ്യൂണ്‍ കം വാച്ച്മാന് തസ്തികയില്‍ നിയമനം നേടിയയാളും സ്മാരകത്തില്‍ ജോലി ചെയ്യാന്‍ തയ്യാറല്ല. അക്കാദമി ഭാരവാഹികളെ മണിയടിച്ച് ആസ്ഥാനത്ത് അല്ലറ ചില്ലറ ജോലികളുമായി ചുറ്റിപ്പറ്റി കഴിയുന്നു.
2011 ല്‍ ഇവരുടെ നിയമനം തന്നെ ഏറെ വിവാദമുണ്ടാക്കിയിരുന്നു. വി.എസ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് 2011 ഫെബ്രുവരി 21 ന് എട്ടുപേരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് സാംസ്കാരിക വകുപ്പ് പുറത്തിറക്കിയത്. നിയമനം ലഭിച്ചവരെല്ലാം സിപിഎമ്മുകാരായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: