എടത്വാ: ശക്തമായ ചുഴലിക്കാറ്റിൽ എടത്വാ, തകഴി, തലവടി പഞ്ചായത്തിലെ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു. ശനിയാഴ്ച രാത്രിയിലുണ്ടായ ചുഴലികാറ്റിലാണ് വ്യാപക നാശം സംഭവിച്ചത്.
എടത്വാ നാലാം വാര്‍ഡില്‍ കളങ്ങര വാഴപ്പറമ്പില്‍ ഓസേഫ് ആന്റണി (സാബു), മുണ്ടകത്തില്‍ സോമന്‍, ഈഴേത്ത് തങ്കപ്പന്‍, മാമൂട്ടില്‍ എല്‍സമ്മ, ചങ്ങങ്കരി കൈതത്തറ ഭാസ്‌കരന്‍, ഇരുപതില്‍ചിറ ശ്യംജിത്ത് ജി. കെ, തകഴി പഞ്ചായത്ത് ഏഴാം വാര്‍ഡ് കേളമംഗലം തൈപ്പറമ്പില്‍ ദാമോദരന്‍, ചെക്കിടിക്കാട് കൂലിപ്പുരയ്‌ക്കല്‍ സുശീലന്‍, തെക്കേ വല്ലിശ്ശേരില്‍ ഉത്തമന്‍, തലവടി പഞ്ചായത്ത് താമരാങ്കളില്‍ ഗോപി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ഓസേഫ് ആന്റണി, ഭാസ്‌കരന്‍, ശ്യം ജി.കെ., സുശീലന്‍ എന്നിവരുടെ വീടിന്റെ മേല്‍ക്കൂരകള്‍ പൂര്‍ണ്ണമായി പറന്നുപോയി.
തലവടി താമരങ്കളില്‍ ഗോപിയുടെ മകന്റെ വിവാഹം ഇന്ന് നടക്കാനിരിക്കേ വിവാഹ പന്തലിന്റേയും വീടിന്റേയും മുകളിലേക്കാണ് മരം കടപുഴകി വീണത്. ഫയര്‍ഫോഴ്സ് എത്തി മരംമുറിച്ചുമാറ്റി. കേളമംഗലം ബീന അപ്പുക്കുട്ടന്റെ പശുതൊഴുത്തിന്റേയും, ചങ്ങങ്കരി അങ്കണവാടിയുടേയും, കേളമംഗലം തണ്ടപ്രാത്തറ ക്ഷേത്രത്തിന്റേയും മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു. ഈഴേത്ത് തങ്കപ്പന്റെ വീടിന് മുകളില്‍ മരം വീഴുമ്പോള്‍ 98 വയസ് പ്രായമായ വൃദ്ധമാതാവും വീട്ടിലുണ്ടായിരുന്നു. ശക്തിയായ കാറ്റില്‍ നിരവധി വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപൊത്തിയിരുന്നു. പ്രദേശത്ത് വൈദ്യുതി പൂര്‍ണമായി പുനസ്ഥാപിക്കണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടിവരും.
അരമണിക്കൂറോളം തുടര്‍ച്ചായി വീശിയടിച്ച ശക്തിയായ കാറ്റില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഒഴിച്ചുള്ള ഒട്ടുമിക്ക കെട്ടിടത്തിന്റേയും മേല്‍ക്കുരകള്‍ തകര്‍ന്നു. ഷീറ്റും ഓടുകളും മീറ്ററുകളോളം പറന്നുപോകുകയായിരുന്നു. വന്‍വൃക്ഷങ്ങള്‍ കടപുഴകി വീണ് ഗ്രാമീണ റോഡുകളിലെ പൊതുഗതാഗതം സ്തംഭിച്ചിരുന്നു. ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത രീതിയിലാണ് പലസ്ഥലങ്ങളിലും കടപുഴകി വീണ മരങ്ങള്‍ തടസ്സം സൃഷ്ടിച്ചത്. കാറ്റില്‍ നാശംവിച്ച പ്രദേശങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ കെ.എസ്ഇബി, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: