തലശ്ശേരിയിലെ തിരുവങ്ങാട്ട് ശ്രീരാമസ്വാമിക്ഷേത്രത്തില്‍ സുപ്രധാനമായ ചില പുതുക്കിപ്പണികള്‍ നടത്തുന്നതിന്റെ സഹായമഭ്യര്‍ത്ഥന കഴിഞ്ഞയാഴ്ച ജന്മഭൂമിയില് വായിച്ചു. എന്റെ പ്രചാരക ജീവിതത്തിന്റെ സുപ്രധാനമായ ഒരു ഘട്ടം ആ ക്ഷേത്രസങ്കേതത്തിനടുത്തു അഡ്വ.കെ.വി. ഗോപാലന് അടിയോടിയുടെ വസതി കേന്ദ്രീകരിച്ചായിരുന്നതിന്റെ ഓര്‍മ്മകള്‍ ആ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇന്നും പച്ചപിടിച്ചു നില്ക്കുന്നു. ആറേക്കറോളം വിസ്താരമുള്ള മൈതാനത്തിന്റെ മധ്യത്തിലാണ് ആ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിന്റെ മുന്‍ഭാഗത്ത് ഏതാണ്ട് 20 അടി താഴെ ഒരേക്കറോളം വരുന്ന കുളം. ചുറ്റും ചെങ്കല്ലുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട അതിന്റെ പടവുകള്‍ മനോഹരമാകുന്നു.
കോലത്തുനാട്, കോട്ടയം, കടത്തനാട് എന്നീ പുരാതന രാജവംശങ്ങളുമായി ഗാഢബന്ധമുണ്ടായിരുന്ന തിരുവങ്ങാട് ക്ഷേത്രം ഒട്ടേറെ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭാരതസര്‍ക്കാരിന്റെ കനേഷുമാരി റിപ്പോര്‍ട്ടില്‍ ക്ഷേത്രത്തിന്റെ ഐതിഹ്യം രസകരമാണ്. അഗസ്ത്യമഹര്‍ഷി ശിഷ്യന്മാരുമൊരുമിച്ചു കാവേരിയിലേക്ക് പോകവേ നീലനെന്നും ശ്വേതനെന്നും രണ്ട് നായാടികളുമായി നേരിടേണ്ടിവന്നു. മഹര്‍ഷി അവരെ ശപിച്ചപ്പോള്‍ ദയായാചന നടത്തുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഒരു വന്‍കാട്ടില്‍ തപസ്സുചെയ്തയാള്ക്കു ദര്‍ശനം ലഭിച്ച സ്ഥലത്ത് അവര്‍ പൂജയാരംഭിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. ശ്രീരാമനും അവിടെ ക്ഷേത്രങ്ങളുണ്ടായി.
മൈസൂരിന്റെയും ഈസ്റ്റിന്ത്യാ കമ്പനിയുടെയും ആക്രമണകാലത്തു ക്ഷേത്രത്തിനു വന്‍നാശങ്ങള്‍ സംഭവിച്ചു. ടിപ്പുവിന്റെ ആക്രമണകാലത്ത് ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍ തകര്‍ന്നുവീണു. കിഴക്കേ ഗോപുരം മാത്രമാണ് പുതുക്കിപ്പണിയപ്പെട്ടത്. ചുറ്റുമതിലുകളിലുള്ള മറ്റു മൂന്നു പ്രവേശനങ്ങളിലും പഴയ ഗോപുരങ്ങളുടെ തറകള്‍ ഇന്നും കാണാം. ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ വിസ്തൃതമായ വയല്‍ യുദ്ധക്കളമായിരുന്നു. പെരിങ്ങളം വയല്‍ എന്ന പേര് അതുമൂലം ലഭിച്ചതാണത്രേ.
തലശ്ശേരിയിലെ സബ്കളക്ടറായിരുന്ന ടി.എച്ച്. ബാബര്‍ക്ക് ക്ഷേത്രത്തോട് വലിയ താല്പര്യമായിരുന്നു. മൈസൂര്‍ സുല്‍ത്താന്റെ പരാജയത്തിനുശേഷം ഭരണം ഏറ്റെടുത്ത കമ്പനി, ക്ഷേത്രത്തിന്റെ പുറമതില്‍ നിര്‍മിച്ചു അതില്‍ 1815 ല്‍ ടി.എച്ച്. ബാബറുടെ മേല്‍നോട്ടത്തില്‍ പണിതതാണീ മതില് എന്ന് എഴുതിവെച്ചത് ഇന്നും കാണാം.
ശ്രീരാമനാണ് മുഖ്യദേവന്‍. എന്നാല്‍, രാമനു മുന്നില്‍ തൊഴുതുനില്ക്കുന്ന ഹനുമല്‍ പ്രതിഷ്ഠയും ഉണ്ട്. രാമക്ഷേത്രങ്ങളില്‍ അതു അനിവാര്യമാണല്ലോ. ഹനുമന്സ്വാമിക്കുള്ള അവില്‍നിവേദ്യമാണ് പ്രധാന വഴിപാട്. അതു അതീവ സ്വാദിഷ്ടവുമാണ്.
തിരുവങ്ങാട്ടെ ക്ഷേത്രക്കുളത്തെപ്പറ്റി പറഞ്ഞുവല്ലോ. അതിമനോഹരമായ ശില്പചാതുര്യം അതില്‍ കാണാം. ഒരായിരം പേര് ഒരുമിച്ചു വന്നാലും സൗകര്യമായി സ്നാനം ചെയ്യത്തക്കവിധത്തിലാണതിന്റെ നിര്‍മ്മിതി. ചെങ്കല്ലു (വെട്ടുകല്ല്)കൊണ്ടുള്ള കനവും നീളവുമേറിയ തല്മങ്ങള്കൊണ്ടു നിര്‍മ്മിച്ചതിന്റെ വൈദഗ്ധ്യവും വിസ്മയകരംതന്നെ. പത്തുവര്‍ഷം മുമ്പ് അതിന്റെ നവീകരണം നടന്നു. കണ്ണൂര്‍ വിഭാഗ് സംഘചാലകന് സി. ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു ജീര്‍ണോദ്ധാരണം.
മലയാളത്തിലെ നോവല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ഒയ്യ്യാരത്തു ചന്തുമേനോന്റെ വസതി ക്ഷേത്രത്തിനടുത്തുതന്നെയായിരുന്നു. ‘ശാരദ’ എന്ന പുസ്തകത്തിലെ ‘പൂഞ്ചോലക്കര ഇട’ത്തിലെ കുളം വര്‍ണ്ണിച്ചതിനു മാതൃക തിരുവാങ്ങാട്ട് അമ്പലക്കുളമായിരുന്നുവെന്ന് തോന്നിപ്പോകും.
സംഘത്തിന്റെ തലശ്ശേരിയിലെ വളര്‍ച്ചക്കു പിന്നിലും ശ്രീരാമസ്വാമിയാണ്. അവിടെ ഇന്നുള്ള ഏറ്റവും മുതിര്‍ന്ന സ്വയംസേവകനായ ചന്ദ്രേട്ടന്റെ കുടുംബത്തിന് ക്ഷേത്രത്തില്‍ പ്രത്യേക അവകാശങ്ങളുണ്ട്. ഉത്സവകാലത്ത് ശീവേലിയില്‍ ശ്രീരാമസ്വാമിയുടെ വില്ലുമമ്പും എഴുന്നള്ളിക്കേണ്ടത് അവിടത്തെ കാരണവരാണ്.
തിരുവങ്ങാട്ട് എന്ന പേര് ഞാനാദ്യം കേള്‍ക്കുന്നത് 1950 കളില്‍ തിരുവനന്തപുരത്ത് പഠിക്കുമ്പോഴാണ്. അന്നവിടെ പ്രചാരകന് മാധവജി ആയിരുന്നു. അയ്യപ്പസേവാ സംഘം ആസ്ഥാനത്തെ ഒരു മുറി കാര്യാലയമായുപയോഗിക്കാന് ലഭിച്ചിരുന്നു. അവിടെ തിരുവങ്ങാട്ട് സി. കൃഷ്ണക്കുറുപ്പ് എന്നയാള്‍ വന്നു. ശബരിമല തീര്‍ഥാടനം സംബന്ധിച്ച എന്തോ ആവശ്യമായിരുന്നു. മാധവജി തലശ്ശേരിയിലെ ആദ്യ പ്രചാരകനായിരുന്നല്ലൊ. അങ്ങിനെ അവര്‍ വലിയ സുഹൃത്തുക്കളായി.
ആയിടെ മാര്‍ത്തോമാശ്ലീഹയുടെ ഭൗതികാവശിഷ്ടം ജാവായില്നിന്നും കേരളത്തിലെ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്നതിന്റെ കോലാഹലം നടക്കുകയായിരുന്നു. ജൂണ്‍ ആറിന് തോറാനപ്പെരുന്നാള്‍ ദിനത്തിന് തിരുകൊച്ചി സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. ഹിന്ദുമഹാമണ്ഡലം നേതാക്കളായിരുന്ന മന്നത്തു പത്മനാഭനും ആര്. ശങ്കറും അതില്‍ പ്രതിഷേധിച്ചു. തിരുവാങ്ങാട്ട് കൃഷ്ണക്കുറുപ്പ് ഒരു ചെറുപുസ്തകം തയ്യാറാക്കി ‘മാര്‍ത്തോമ്മാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ല. അഥവാ ഗന്ധര്‍വ നഗരത്തിലെ രക്തസാക്ഷികള്‍’ എന്നായിരുന്നു അതിന്റെ പേര്. ഇംഗ്ലീഷില്‍ ‘The Myth of St. Thomas exploded’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സി.പി. രാമസ്വാമി അയ്യരുടെയും ഡോ. രാധാകൃഷ്ണന്റെയും മറ്റും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി അതു വിതരണം ചെയ്യാന്‍ കുറുപ്പ് ഉത്സാഹിച്ചു. ഏതായാലും മാധവജിയെ കുറുപ്പ് വിടാതെ കൂടി.
മാധവജി 1960 ല്‍ കണ്ണൂര്‍ ജില്ലാ പ്രചാരകനായി വന്നു. കൃഷ്ണക്കുറുപ്പ് തലശ്ശേരിയിലെത്തി, തന്റെ തറവാട്ട്വക എന്തോ സ്ഥലത്തര്‍ക്കം ഉണ്ടാക്കി അതിനിടെ ക്ഷേത്രോത്സവത്തില്‍ വില്ലുമമ്പും പിടിക്കുന്നതിനും അവകാശമുന്നയിച്ചു. ചേരമാന്‍ പെരുമാള്‍ മതം മാറി മക്കത്തു പോയിട്ടില്ല എന്ന ഗവേഷണത്തിലൂടെ സ്ഥാപിക്കുന്ന ഒരു പുസ്തകം എഴുതി എന്ബിഎസിനെക്കൊണ്ടു പ്രസിദ്ധീകരിപ്പിച്ചു. അതിനു വലിയ ഭീഷണി നേരിടേണ്ടിവന്നു കോട്ടയത്ത് മുനിസിപ്പാലിറ്റിയുടെ റസ്റ്റ്ഹൗസിലെ ഒരു മുറിയില്‍ അവസാനകാലം കഴിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്.
സംഘശാഖ നടന്നുവന്നത് ദൈവത്താര്‍ മഠം എന്ന ക്ഷേത്രമുറ്റത്തായിരുന്നു. പലയവസരങ്ങളിലും തിരുവങ്ങാട്ടു ക്ഷേത്രപറമ്പില്‍ ഉത്സവങ്ങള്‍ നടത്തിവന്നു. അവിടെ ചിന്മയാനന്ദസ്വാമികളുടെ ഗീതാജ്ഞാനയജ്ഞം കേമമായി നടത്തപ്പെട്ടു.
സ്വാമിജിയുടെ സന്ദേശം സ്വയംസേവകര്‍ക്ക് ലഭിക്കാനായി ചന്ദ്രേട്ടനുമൊത്ത് അദ്ദേഹത്തിന്റെ താമസസ്ഥലത്തുപോയി. സ്വയംസേവകരാണെന്നറിഞ്ഞപ്പോള് അദ്ദേഹത്തിനു വലിയ സന്തോഷമായി. സംഘത്തിന്റെ ഒരു ഗീതം പാടി കേള്‍ക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെട്ടു. പരമേശ്വര്‍ജി ആയിടെ എഴുതിയ ‘ശതശതവന്ദനം ഋഷിനാടേ’ എന്നാരംഭിക്കുന്ന ഗീതമാണ് ചന്ദ്രേട്ടന് പാടിയത്. ‘മോക്ഷം നീയേ സ്വര്‍ഗം നീയേ, അമിത ബലേ’ എന്ന അവസാനത്തെ വരികള്‍ സ്വാമിജിയെ അത്യധികം ആകര്‍ഷിച്ചു. പരമേശ്വര്ജിയാണത് രചിച്ചതെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം കൂടുതല്‍ അഭിനന്ദിച്ചു.
ഞായറാഴ്ച രാവിലെ 8 മണിക്കു അമ്പലപ്പറമ്പിലെ യജ്ഞശാലയില്‍ സ്വയംസേവകരുടെ സാംഘിക് നടന്നു. സംഘവുമായി അടുപ്പം പുലര്‍ത്താത്ത ധാരാളം പേര് സ്വാമിജി എന്താണ് സംഘത്തെപ്പറ്റി പറയുക എന്നു കൗതുകത്തോടെ കേള്‍ക്കാന്‍ എത്തിയിരുന്നു. ‘White clad Sanyasins’ എന്ന് സ്വാമിജി സ്വയംസേവകരെ വിശേഷിപ്പിച്ചത് പലര്‍ക്കും കൗതുകമുണ്ടാക്കി.
തിരുവങ്ങാട്ട് ക്ഷേത്ര നവീകരണത്തെപ്പറ്റിയാണ് ഈ പ്രകരണം തുടങ്ങിയത്. ആ സംരംഭം പരിപൂര്‍ണ വിജയമാകുമെന്നതിനു സംശയമില്ല. ഹനുമാന് സ്വാമിയുമുണ്ടല്ലൊ സമീപത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: