തിരുനാവായ മണപ്പുറത്ത് ഓരോ പതിനൊന്ന് വര്‍ഷത്തിലും നടന്നുകൊണ്ടിരുന്ന മാമാങ്കം കേരളത്തിന്റെ ചരിത്രത്തില്‍ രക്തപങ്കിലമായ ചരിത്രം എഴുതിച്ചേര്‍ക്കുകയുണ്ടായി. പകയുടെയും പോരിന്റെയും പാടിപ്പതിഞ്ഞ കഥകള്‍ക്കപ്പുറം മാമാങ്കത്തിന് മറ്റൊരു പശ്ചാത്തലമുണ്ട്. ഭാരതപ്പുഴയുടെ തീരത്ത് മാഘമാസത്തില്‍ മകം വരെയുള്ള 28 ദിവസങ്ങളിലായി നടന്നിരുന്ന മാഘമഹോത്സവമാണ് സാമൂതിരിയുടെ മുന്‍കയ്യോടെ മാമാങ്കമായി മാറിയതെന്ന് കണ്ടെത്തിയിരിക്കുകയാണ് എഴുത്തുകാരനും ചരിത്രകാരനുമായ തിരൂര്‍ ദിനേശ്. സാംസ്കാരികമായ ഈ പൈതൃകം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന നദീ ഉത്സവത്തെക്കുറിച്ച്…
ത്രിമൂര്‍ത്തി സ്നാനഘട്ടില്‍ സപ്തനദികള്‍ സംഗമിക്കുന്ന മാഘമാസം ഭാരതപ്പുഴയുടെ ഉത്സവകാലമാണ്. വാരാണസിയിലും പ്രയാഗ് രാജിലുമൊക്കെ നടക്കുന്ന കുംഭമേളകള്‍ പോലെ ദക്ഷിണ ഭാരതത്തിലെ പുരാതനവും കേരളത്തിലെ ഏക നദീ ഉത്സവവുമാണിത്. ഗംഗ, യമുന, സരസ്വതി നദികളുടെ ത്രിവേണി സംഗമഭൂമിയായ പ്രയാഗ് രാജിലെ കുംഭമേളയ്ക്കും വാരാണസിയിലെ ഗംഗാമഹോസവത്തിനും, ആധാരമായ ഐതിഹ്യത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും വിഭിന്നമാണ് ഭാരതപ്പുഴയുടെ ഉത്സവത്തിനുള്ളത്. ഭാരതപ്പുഴയുടെ ഇരുകരകളിലുമായി ശിവന്റെയും മഹവിഷ്ണുവിന്റേയും ചതുര്മുഖനായ ബ്രഹ്മാവിന്റേയും പ്രതിഷ്ഠയുള്ള മൂന്നു ക്ഷേത്രങ്ങളും, മദ്ധ്യേ ഭാരതപ്പുഴയും അടങ്ങുന്ന ശ്രീചക്രഭാവമുള്ള ത്രികോണ ഭാഗമാണ് ത്രിമൂര്‍ത്തി സ്നാനഘട്ട്. മലപ്പുറം ജില്ലയില്‍ തവനൂര്‍, തിരുന്നാവായ ഗ്രാമങ്ങളിലായാണ് ത്രിമൂര്‍ത്തി സ്നാനഘട്ട് സ്ഥിതിചെയ്യുന്നത്. ഭാരതപുഴയുടെ ഉത്സവത്തിന് ആത്മീയവും സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. പുരാരേഖകള്‍ ചികഞ്ഞാല്‍ ചിങ്ങവ്യാഴത്തിലോ കര്‍ക്കിടക വ്യാഴത്തിലോ ഉള്ള തൈപ്പൂയ്യത്തില്‍ ആരംഭിച്ച് മകം നാളില്‍ അവസാനിക്കുന്ന 28 ദിവസം ഭാരതപ്പുഴയുടെ ഉത്സവം നടന്നിരുന്നതായി കാണാം. ഈ വര്‍ഷം 2025 ഫെബ്രുവരി 13ന് ഭാരപ്പുഴയുടെ ഉത്സവം നടത്താന്‍ ത്രിമൂര്‍ത്തി സ്നാനഘട്ട് ഒരുങ്ങിക്കഴിഞ്ഞു.
യുദ്ധോത്സവമെന്നും വാണിജ്യോത്സവമെന്നും തെറ്റിദ്ധരിക്കപ്പെട്ട മാമാങ്കമാണ് ഭാരതപ്പുഴയുടെ ഈ ഉത്സവം. മാഘമാസത്തില്‍ 27 ദിവസം സാധാരണ രീതിയിലും, ഇരുപത്തെട്ടാമത്തെ ദിവസം മകം നാളില്‍ വലിയ ഉത്സവത്തോടെ സമാപിക്കുകയും ചെയ്തിരുന്ന ഉത്സവം മാഘമക മഹോത്സവം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സംഘകാല രചനയായ ദിവ്യപ്രബന്ധം ആധാരമാക്കി രചിച്ച തവനൂര്‍ ബ്രഹ്മാവിന്റെ ക്ഷേത്ര ചരിത്ര പുസ്തകത്തിലും എ.ഡി.1810 ല്‍ കോഴിക്കോട് സാമൂതിരി ബ്രിട്ടീഷ് ചക്രവര്‍ത്തിക്ക് എഴുതിക്കൊടുത്ത മാമാങ്ക വേലയെ സംബന്ധിച്ച കൈപ്പീത്തിലും ഭാരതപ്പുഴയുടെ ഉത്സവമാണ് മാമാങ്കം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. കൈപ്പീത്തില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്:
”…. എന്തെന്നാല്‍, കേരള രാജ്യത്തിങ്കല്‍ മഹാവിഷ്ണുവിനും മേല്‍ എഴുതിയ പേരാറ് എന്ന മഹാനദിക്കും ചിങ്ങവ്യാഴം വരുന്ന കാലങ്ങളില്‍ മാഘമാസം ഇരുപത്തെട്ടാം ദിവസം വലുതായിട്ടുള്ള മഹോത്സവം ആകുന്നത്. മേല്‍ എഴുതിയ മാഘ മാസത്തില്‍ ഗംഗ തുടങ്ങിയ പുണ്യതീര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യം മേല്‍ എഴുതിയ നിളാ നദിയില്‍ ഉണ്ടാവുമെന്ന് പുരാണങ്ങളില്‍ പറയുന്നുമുണ്ട്. മേല്‍പ്പറഞ്ഞ ഉത്സവം പരിപാലിക്കാനായിക്കൊണ്ട് നമ്മുടെ സൊരൂപത്തിങ്കല്‍ മഹാരാജാവാകുന്ന സാമൂതിരി രാജാവും ശേഷം നാല് കൂറ് വാഴ്ചയിലുള്ള രാജാക്കന്മാരും മന്ത്രി പ്രധാനികളും സേനാനികളും മഹാ ബ്രാഹ്മണന്മാരും സകലമാന ജനങ്ങളുംകൂടി മേല്‍ എഴുതിയ തിരുന്നാവായ മഹാക്ഷേത്രത്തിന്റെ സന്നിധാനത്തില്‍ കോവിലകങ്ങളും പണി കഴിപ്പിച്ച് ഇരുന്ന് മേല്‍ എഴുതിയ ജനങ്ങളെല്ലാരോടും സകലമാകുന്ന വിരുതുകളോടുംകൂടി മേല്‍പ്പറഞ്ഞ മഹാവിഷ്ണുവിന്റെ ഉത്സവവും നദിയുടെ ഉത്സവവും ഒന്നായി മേല്‍ എഴുതിയ മാഘമാസത്തില്‍ ഇരുപത്തെട്ടു ദിവസവും നിലപാടും ഘോഷയാത്രയും നടത്തി സകലമാന ജനങ്ങള്‍ക്കും അന്നദാനവും ചെയ്ത് സന്തോഷിപ്പിച്ച് നിത്യവും നദിയില്‍ സ്നാനവും ചെയ്ത് മഹാവിഷ്ണുവിനേയും സേവിച്ച് ബ്രാഹ്മണരുടെ ആശിര്‍വ്വാദത്തോടും കൂടി ഇരിക്കുമ്പോള്‍ മേല്‍ എഴുതിയ മലയാളത്തിലുള്ള രാജാക്കന്മാരെല്ലാവരും അതിശയപദാര്ത്ഥങ്ങളായിട്ടുള്ള ഉപായനങ്ങളൊക്കയും കൊടുത്തയക്കുമാറാകുന്നു.”
എത്ര മഹത്തരമായാണ് ഈ നദീ ഉത്സവം ആഘോഷിച്ചിരുന്നതെന്ന് ഈ വരികള്‍ സാക്ഷ്യപ്പെടുത്തും. ഭാരതപ്പുഴയുടെ ഉത്സവം ഒരു ആരാധനാ പദ്ധതി മാത്രമല്ല. പരിസ്ഥിതി സംരക്ഷണത്തിന് പരശുരാമന്റെ ആഹ്വാനം കൂടിയാണ്. അതിന് ഉപോല്‍ബലകമായ ഒരു ഐതിഹ്യമുണ്ട്.
ഭാരതപ്പുഴയുടെ ഐതിഹ്യം
ത്രേതായുഗത്തിനു മുമ്പ് ഭാരതപ്പുഴ ഉണ്ടായിരുന്നില്ല. അന്ന് ഈ നാടിന്റെ അഭിവൃദ്ധിക്ക് ഒരു യാഗം നടത്താന്‍ പരശുരാമന് ബ്രഹ്മാവിനോട് അഭ്യര്‍ത്ഥിച്ചുവത്രേ. പശ്ചിമഘട്ട മലനിരകളിലെ ആനമുടിയിലായിരുന്നു യാഗവേദി. സരസ്വതി ദേവിയെയാണ് യജമാന പത്നിയായി നിശ്ചയിച്ചിരുന്നത്. യാഗമുഹൂര്ത്തത്തില് സരസ്വതിദേവി എത്താഞ്ഞതിനാല്‍ ഗായത്രീ ദേവിയെ യജമാന പത്നിയാക്കി. യാഗം തുടങ്ങിയതോടെ സരസ്വതീദേവി എത്തി. യജമാന പത്നിയുടെ സ്ഥാനത്ത് ഗായത്രീദേവിയെകണ്ട സരസ്വതീദേവി, കോപത്തോടെ ഗായത്രീദേവി ഒരു നദിയായിത്തീരട്ടെയെന്നു ശപിച്ചു. ഒരു കാരണവും കൂടാതെ തന്നെ ശപിച്ചതില്‍ കുപിതയായ ഗായത്രീദേവി, സരസ്വതീദേവിയും ഒരു നദിയായിത്തീരട്ടെയെന്നു തിരിച്ചും ശപിച്ചു. ഇതോടെ യാഗം മുടങ്ങി. തുടര്‍ന്ന് ദേവന്മാരുടേയും ഋഷീശ്വരന്മാരുടേയും അപേക്ഷ പ്രകാരം ഇരുദേവിമാരും തങ്ങളുടെ അംശങ്ങള്‍ മാത്രം നദിയായി ഒഴുകാന്‍ തീരുമാനിച്ചു. ശചി തുടങ്ങിയ ദേവപത്നിമാര്‍ ഉപനദികളുമായി. ഈ നദി പേരാറ് എന്നപേരില്‍ അറിയപ്പെട്ടു. മുടങ്ങിയയാഗം പേരാറിന്റെ തെക്കെ കരയില്‍ ഗോവര്‍ദ്ധനപുരത്തെ തപസന്നൂരിലാണ് നടത്തിയത്. പൊന്നാനി മുതല്‍ ഗുരുവായൂര്‍ വരെയുള്ള ഭൂപ്രദേശമാണ് പഴയകാലത്തെ ഗോവര്‍ദ്ധനപുരം. ഇന്നത്തെ തവനൂരാണ് താപസന്നൂര്‍. ആ യാഗ ഭൂമിയിലാണ് ഇന്നു ബ്രഹ്മാവിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മാഘ മാസത്തില്‍ മകം വരെ 28 ദിവസങ്ങളിലായിട്ടായിരുന്നു യാഗം. യാഗത്തില്‍ സംപ്രീതരായി ഗംഗ, യമുന, സിന്ധു, കാവേരി, ഗോദാവരി, നര്‍മ്മദ എന്നീ നദികളുടെ പ്രവാഹം സരസ്വതി, ഗായത്രി ദേവിമാരുടെ അംശങ്ങളായ പേരാറിലുണ്ടായെന്ന് പരശുരാമന് തിരിച്ചറിഞ്ഞു. എല്ലാ മാഘമാസത്തിലും മകം വരെയുള്ള ഇരുപത്തെട്ടു ദിവസം പേരാറില് സപ്തനദീ പ്രവാഹമുണ്ടാകുമെന്നും, മാഘമാസത്തില്‍ ഈ സവിശേഷതയുള്ള മറ്റൊരു നദിയും ഭാരതത്തില്‍ ഇല്ലെന്നും, അതിനാല്‍ ഈ ദിവസങ്ങള്‍ നദിയുടെ ഉത്സവമായി ആഘോഷിക്കണമെന്നും പരശുരാമന് ആഹ്വാനം ചെയ്തുവത്രേ. ഭാരതത്തില്‍ മറ്റൊരു നദിക്കുമില്ലാത്ത സവിശേഷത കാരണം താപസന്നൂരിലെ യാഗാനന്തരം പേരാറ് ഭാരതത്തിന്റെ പേരില്‍ അറിയപ്പെട്ട് ‘ഭാരതപ്പുഴ’ എന്നായി എന്നാണ് ഐതീഹ്യം.
ആരും നേതൃത്വം നല്‍കാതെ ജനങ്ങള്‍ സ്വയമേവ ത്രിമൂര്‍ത്തി സ്നാനഘട്ടിലെത്തി ഭാരതപ്പുഴയെ പൂജിക്കുകയും സ്നാനം ചെയ്തും പോന്നു. ശ്രീചക്ര സമാന ഭാവത്തിലെ ത്രിമൂര്‍ത്തി സ്നാനഘട്ടില്‍ ത്രിമൂര്‍ത്തികളുടെ ചൈതന്യവും പരാശക്തിയുടെ മൂര്‍ത്തഭാവവും സപ്തനദികളുടെ സാന്നിദ്ധ്യവുമുള്ള മകം നാളില്‍ ഭാരതപ്പുഴയുടെ മഹോത്സവ ദിനമായും ആചരിച്ചു വന്നു. ബ്രഹ്മദേവന്റെ യാഗഭൂമിയായ തവനൂരില്‍ മകം നാളില്‍ വടക്കോട്ടു തിരിഞ്ഞുനിന്ന് ത്രിമൂര്‍ത്തി സ്നാന ഘട്ടിനെ വണങ്ങിയുള്ള മകം തൊഴല്‍ ശ്രേഷ്ഠമായി വിശ്വസിക്കപ്പെടുന്നു. ത്രിമൂര്‍ത്തി സ്നാന ഘട്ടിന്റെ ഇരുകരകള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. മകംനാളിന്റെ ശ്രേഷ്ഠത കാരണം ഭാരതപ്പുഴയുടെ ഉത്സവം മഹാമക ഉത്സവം, മാഘമക മഹോത്സവം, മാമാങ്കം എന്നീ പേരുകളില്‍ അറിയപ്പെട്ടു. ബി.സി.113 ലാണ് ഇതിന് ഒരു നടത്തിപ്പിന്റെ സ്വഭാവം വന്നത്. ബ്രാഹ്മണ ഭരണാധികാരികളുടെ ഉന്നതാധികാരിയായി വാള് നമ്പിമാരെ തെരഞ്ഞെടുത്തതു മുതലാണിത്. വാള്‍നമ്പി തെരഞ്ഞെടുപ്പും മാഘമക കാലത്തായിരുന്നു. പിന്നീട് പെരുമാക്കന്മാരും ഒടുവിലെ പെരുമാള്‍ ചേരമാന്‍ രാമവര്മ്മവരെ പന്തീരാണ്ട് കൂടുമ്പോള്‍ 28 ദിവസത്തെ മാഘമക മഹോത്സവത്തിന് നേതൃത്വം നല്കി. പെരുമാളിനു ശേഷം തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിന്റെ ഊരാളരായ വള്ളുവനാട് രാജാക്കന്മാരാണ് ഭാരതപ്പുഴയുടെ ഉത്സവത്തിന് നേതൃത്വം നല്‍കിയത്. വള്ളുവക്കോനാതിരി എട്ട് മാമാങ്കങ്ങള്‍ നടത്തിയതായാണ് സൂചന.
നദീഉത്സവം രക്തപങ്കിലമാവുന്നു
മഹത്തായ ഈ നദീ ഉത്സവം രക്തപങ്കിലമാക്കിയത് കോഴിക്കോട് സാമൂതിരിയാണത്രേ തിരുമനശ്ശേരി രാജാക്കന്മാരില് നിന്നു ഗോവര്‍ദ്ധനപുരത്തെ പൊന്നാനി പ്രദേശം കൈക്കലാക്കിയ സാമൂതിരി, തൃക്കാവില്‍ കോവിലകവും പണിത് വസിക്കുന്ന കാലം. മഹത്തായ നദീ ഉത്സവത്തിന്റെ നടത്തിപ്പ് തനിക്ക് കിട്ടണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തിരുമനശ്ശേരിയുടെ ‘ചാത്തിര സംഘം’ വള്ളുവക്കോനാതിരിയെ വധിച്ച് നദിയുടെ ഉത്സവം നടത്താനുള്ള അധികാരം സാമൂതിരിക്ക് നേടിക്കൊടുത്തു. ഈ സംഭവം രണ്ട് നാടുകള്‍ തമ്മിലുള്ള അഭിമാന പ്രശ്നമായിമാറി. മാമാങ്ക കാലത്ത് തിരുന്നാവായയില്‍ എത്തുന്ന സാമൂതിരിയെ വധിച്ച്, നദീഉത്സവം നടത്താനുള്ള അധികാരം തിരികെ പിടിക്കാന്‍ വള്ളുവനാട്ടില്‍ നിന്നു ചാവേറുകള്‍ വരാന്‍ തുടങ്ങി. അതോടെയാണ് മഹത്തായ നദീ ഉത്സവത്തിന് യുദ്ധോത്സവത്തിന്റെ പ്രതീതി വന്നത്. യുദ്ധദേവനെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓരോ പതിനൊന്നാം വര്‍ഷവും ത്രിമൂര്‍ത്തി സ്നാനഘട്ടില്‍ സാമൂതിരി തൈപ്പൂയ്യം ആഘോഷിച്ചിരുന്നു. പന്ത്രണ്ടാമത്തെ വര്‍ഷം നദിയുടെ ഉത്സവവും ആഘോഷിക്കും.
കേരളത്തിലെ ഏക നദീ ഉത്സവം അതിന്റെ വിശ്വാസ പ്രകാരം നടത്തിക്കൊണ്ടു പോകുന്നതിനോടൊപ്പം ഉത്സവത്തെ പൊന്നാനി-തമിഴ്നാട് പാത ഉപയോഗപ്പെടുത്തി വാണിജ്യോത്സവം കൂടിയാക്കി മാറ്റിയത് സാമൂതിരിമാരാണ്. കപ്പല്‍ കലഹം, കമ്പവെടി, ആന പൊന്നണിയല് തുടങ്ങിയവയൊക്കെ സാമൂതിരി തന്റെ പ്രൗഢി പ്രദര്‍ശിപ്പിക്കാന്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് കരുതപ്പെട്ടു. എ.ഡി. 1766 ലാണ് ഒടുവിലത്തെ മാമാങ്കം നടന്നത്. ഇതിനിടയില്‍ സാമൂതിരി 55 മാമാങ്കങ്ങളും 54 തൈപ്പൂയവും നടത്തി. ചാവേറുകളടക്കം 2750 നും 3300 നുമിടയില്‍ ആളുകള്‍ മാമാങ്കത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. മാമാങ്കം ബുദ്ധമതക്കാരുടെ ഉത്സവമാണെന്ന ഒരു അഭിപ്രായമുണ്ട്. ബുദ്ധമതം സ്വീകരിച്ച ഒരു പെരുമാള്‍ ബുദ്ധമതക്കാരുടെ മാര്ഗ്ഗോത്സവത്തിന്റെ ചടങ്ങുകള്‍ കൂട്ടിക്കലര്‍ത്താന്‍ ശ്രമിച്ചതാണ് ഇതിനിടയാക്കിയത്.
1766 ല്‍ നിലച്ചുപോയ ഭാരതപ്പുഴയുടെ ഉത്സവം പുനരാരംഭിച്ചത് 2016 ലാണ്. മാമാങ്ക ചരിത്രം പോലെതന്നെ അത് പുനസ്ഥാപിച്ചതിനു പിന്നിലും ഒരു ചരിത്രമുണ്ട്. ഓരോ വര്‍ഷവും മാഘമാസത്തില്‍ ത്രിമൂര്‍ത്തി സ്നാന ഘട്ടിന്റെ ഇരുകരകളിലും ഭക്തിനിര്‍ഭരമായി മാഘമകം ആഘോഷിച്ച് വരുന്നു. പ്രയാഗ്രാജിലും വാരാണസിയിലുമൊക്കെ നടക്കുന്ന മഹാകുംഭമേള പോലെ ഭാവിയില്‍ ഭാരതപ്പുഴയുടെ ഉത്സവം മാറുമെന്നും മലപ്പുറം ജില്ലയ്ക്ക് നഷ്ടപ്പെട്ട ആദ്ധ്യാത്മിക പ്രൗഢി ഈ ഉത്സവത്തിലൂടെ വീണ്ടെടുക്കാനാവുമെന്നുമുള്ള പ്രതീക്ഷയാണ് കഴിഞ്ഞ എട്ടുവര്‍ഷത്തെ മാഘമക മഹോത്സവത്തിലൂടെ കൈവന്നിട്ടുള്ളത്.
പൈതൃകോത്സവം വീണ്ടെടുത്ത കഥ
മഹത്തായ ഏതൊരു പ്രവര്‍ത്തനത്തിന്റേയും അടിസ്ഥാനം ഒരു വ്യക്തിയുടെ ചിന്തയില്‍ നാമ്പെടുക്കുന്ന മുകുളമാണ്. എ.ഡി.1766 ല്‍ നിലച്ചുപോവുകയും, പിന്നീട് ദക്ഷിണ ഭാരതത്തിന് നഷ്ടപ്പെടുകയും ചെയ്ത ഭാരതപ്പുഴയുടെ ഉത്സവം 2016 ല്‍ വീണ്ടെടുത്തതിന്റെ പിന്നിലും ഒരു മനുഷ്യനുണ്ട്. സമൂഹത്തിനും സംസ്കാരത്തിനും ജീവിതം ഉഴിഞ്ഞുവെച്ച എഴുത്തുകാരനും ചരിത്രകാരനുമായ തിരൂര്‍ ദിനേശ്.
ഇന്ന് കുംഭമേളയ്ക്ക് സമാനമായി ഭാരതപ്പുഴയുടെ ഇരുകരകളിലും നദീ ഉത്സവം ആഘോഷിക്കുമ്പോള്‍, അതിന്റെ വീണ്ടെടുപ്പില്‍ നേരിട്ട അവഗണനയുടേയും ഭീഷണികളുടേയും ഒറ്റപ്പെടുത്തലിന്റേയും വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് തിരൂര്‍ ദിനേശിന് പറയാനുള്ളത്. ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്ത അനുഭവങ്ങളുടെ കഥ. സാമൂതിരി മാമാങ്ക കാലങ്ങളില്‍ നിളയില്‍ നടത്തിവന്നിരുന്ന സ്നാനം, വളയനാട് ഭഗവതിക്ക് തിരുന്നാവായ തളിയിലെ വാകയൂര് കോവിലകത്ത് നടത്തിയിരുന്ന പ്രതിഷ്ഠ എന്നിവയെല്ലാം പഠന വിധേയമാക്കിയപ്പോഴാണ് മാമാങ്ക ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനായത്. ചാവേര്‍ പോരാളികളുടെ രക്തം കൊണ്ടു രചിച്ച കറുത്ത അദ്ധ്യായങ്ങള്‍ മാത്രമല്ല അതിലും വലിയ ചരിത്രം ഭാരതപ്പുഴയുടെ ഉത്സവത്തിനുണ്ടെന്ന തിരിച്ചറിവ് സമഗ്ര പഠനത്തിലുണ്ടായി. വാരാണസിയിലും പ്രയാഗ് രാജിലുമൊക്കെ നടക്കാറുള്ള നദീ ഉത്സവം പോലെ നടന്നിരുന്ന ഉത്സവമാണ് ചരിത്രബോധമില്ലായ്മ മൂലം ദക്ഷിണ ഭാരതത്തിന് നഷ്ടപ്പെട്ടതെന്നും വ്യക്തമായി.
പരിസ്ഥിതിസംരക്ഷണം, സമൂഹത്തിന്റെ കെട്ടുറപ്പ്, ആദ്ധ്യാത്മികതയിലൂടെ മാനവരാശിയുടെ നവോത്ഥാനം എന്നീ സന്ദേശങ്ങളാണ് ഭാരതപ്പുഴയുടെ ഉത്സവത്തിനുള്ളത്. പുനരാരംഭിച്ചാല്‍ ഈ ഉല്‍സവം ദക്ഷിണ ഭാരതത്തിനും പ്രത്യേകിച്ച് മലപ്പുറം ജില്ലയ്ക്കും വലിയ നേട്ടമാവുമെന്നും, സാംസ്കാരിക മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നുമുള്ള ചിന്ത നാമ്പിട്ടു. തിരൂര്‍ ദിനേശ് നേതൃത്വം നല്കുന്ന ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷകന്റെ പേരില്‍ 2016 ല്‍, നഷ്ടപ്പെട്ട പൈതൃകത്തിന്റെ വീണ്ടെടുപ്പിന് തിരിതെളിഞ്ഞു. നിളാ വിചാരവേദിയുടെ സഹായവും ഇതിനുണ്ടായി. തിരുന്നാവായ ബലിതര്പ്പണക്കടവില് കുമ്മനം രാജശേഖരന് ഭാരതപ്പുഴയുടെ ഉത്സവത്തിന് ഭദ്രദീപം കൊളുത്തുമ്പോള്‍ സാക്ഷ്യം വഹിക്കാനെത്തിയത് വെറും മുപ്പതില്‍ താഴെമാത്രം. സഹകരിക്കാന്‍ ആരും തയ്യാറാവാഞ്ഞതിനാല്‍ അടുത്ത വര്‍ഷം, 2017 ല്‍, ഉല്‍സവം നടത്താനായില്ല.
ഇല്ലാത്ത സമ്പ്രദായത്തെ സൃഷ്ടിക്കുകയാണെന്നാരോപിച്ച് പരിഹാസവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടി വന്നു. ഭ്രാന്തനെന്നുവരെ അധിക്ഷേപമുണ്ടായി. പക്ഷേ, എതിര്‍പ്പുകളെ അവഗണിച്ച് മുന്നേറാന്‍ അന്തരംഗത്തിലുയര്ന്ന പ്രചോദനം ശക്തമായി. വ്യക്തമായ രേഖകളും തെളിവുകളും ഉള്ളപ്പോള്‍ ഈ മഹോത്സവ ചരിത്രം എന്തിന് മൂടി വയ്ക്കണം? പരശുരാമന് നിര്‍ദ്ദേശിച്ച പ്രകാരം എല്ലാ മാഘമാസത്തിലും ഭാരതപ്പുഴയുടെ ഉത്സവം നടത്തുമെന്ന് ഇച്ഛാശക്തിയോടെ തന്റെ മനസ്സിലെ ആഗ്രഹം ആദ്യം പറഞ്ഞത് അയല്‍ക്കാരനായ അമൃത കീര്‍ത്തിയിലെ എം.ബാബുവിനോടാണ്. അദ്ദേഹത്തിന്റെ സഹായത്തോടെ ചിദാനന്ദപുരി സ്വാമികളുമായി ആശയം പങ്കുവെച്ചു. ”ധൈര്യമായി മുന്നോട്ടു പോകൂ, സംന്യാസി സമൂഹം കൂടെയുണ്ട്” എന്നാണ് സ്വാമി പറഞ്ഞത്. താനൂര്‍ അമൃതാനന്ദമയീ മഠത്തിലെ സ്വാമിനി അതുല്യാമൃത പ്രാണായും കൂടെയുണ്ടെന്നു പറഞ്ഞ് മനക്കരുത്ത് പകര്‍ന്നു. ബാബുവിനോടൊപ്പം വള്ളിക്കാവിലെത്തി മാതാ അമൃതാനന്ദമയി ദേവിയോട് കാര്യങ്ങള്‍ വിശദീകരിച്ചു. 12 മിനിട്ടോളമാണ് അമ്മ എല്ലാം കേട്ടിരുന്നത്. അനുഗ്രഹത്തോടൊപ്പം ഇതിനുവേണ്ടി രൂപീകരിക്കുന്ന സമിതിയില്‍ മുഖ്യരക്ഷാധികാരിയായിരിക്കാന് അമ്മ സമ്മതിക്കുകയും ചെയ്തു. മഹാകവി അക്കിത്തം, ആചാര്യ ശ്രീ എം.ആര്.രാജഷ് തുടങ്ങിയ മഹത്തുക്കളൊക്കെ കൂടെനിന്നു.
അങ്ങനെ 2018 മുതല്‍ മാഘമക മഹോത്സവം എന്നപേരില്‍ ത്രിമൂര്‍ത്തി സ്നാന ഘട്ടിന്റെ ഇരുകരകളിലും ആഘോഷിച്ചു വരുന്നു.

മാഘമഹോത്സവം വീണ്ടുമെത്തുന്നു
മാഘമക മഹോത്സവത്തില്‍ കേരളത്തിനകത്തും പുറത്തും നിന്നായി അനേകമാളുകള്‍ ത്രിമൂര്‍ത്തി സ്നാന ഘട്ടിലെത്താറുണ്ട്. നൂറു കണക്കിന് സംന്യാസിമാരാണ് നദീപൂജയ്ക്ക് മലപ്പുറത്തേക്ക് എത്താറുള്ളത്. സംന്യാസിമാരുടെ ഒഴുക്കും നദീ പൂജയുടെ പുനരാരംഭവും ഇഷ്ടപ്പെടാത്തവരുടെ ഭീഷണിക്ക് മുന്നില്‍ പതറാതെയുള്ള മുന്നേറ്റം എതിര്‍പ്പുകളുടെ മുനയൊടിച്ചു. തവനൂരും തിരുന്നാവായയിലും രൂപീകരിക്കപ്പെട്ട പ്രത്യേക സംഘാടക സമിതികളാണ് ഊത്സവത്തിനു നേതൃത്വം നല്‍കുന്നത്. തവനൂരില്‍ ഫെബ്രുവരി 13ന് വൈകീട്ട് ആറുമണിക്കും തിരുന്നാവായയില്‍ രാവിലേയുമാണ് ആരതി. തവനൂരില്‍ 13 ന് മകം തൊഴലും നടക്കും. ആരതിക്ക് മുമ്പായി നടക്കുന്ന ശ്രീചക്രപൂജ, കുടുംബ ഐശ്വര്യ പൂജ, ലക്ഷ്മീനാരായണ പൂജ എന്നിവയ്ക്ക് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.നിത്യാനന്ദ അഡിക കാര്‍മ്മികത്വം വഹിക്കും.
ശ്രീ മൂകാംബിക മിഷന് ചാരിറ്റബിള്‍ ട്രസ്റ്റാണ് ശ്രീചക്ര പൂജ സമര്‍പ്പിക്കുന്നത്. ത്രിമൂര്‍ത്തി സ്നാനഘട്ട് പൈതൃക സംരക്ഷണസമിതിയാണ് ത്രിമൂര്‍ത്തി സ്നാനഘട്ടിലെ മാഘമക മഹോത്സവത്തിന്റെ സംഘാടകര്‍. സമിതി ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയാണ് തിരൂര്‍ ദിനേശ്. പി.ടി.ഉഷ എം.പി, പത്മവിഭൂഷണ്‍ ഇ. ശ്രീധരന് എന്നിവര്‍ സമിതിയുടെ രക്ഷാധികാരിമാരാണ്. പ്രയാഗ് രാജ്പോലെ ത്രിമൂര്‍ത്തി സ്നാനഘട്ടിന്റെ ഇരുകരകളിലുമുള്ള തവനൂര്‍, തിരുന്നാവായ ഗ്രാമങ്ങള്‍ മഹാനഗരങ്ങളായി ഉയര്‍ന്നു കാണുകയാണ് തന്റെ സ്വപ്നമെന്നും ഒപ്പമുള്ള സമാന ചിന്താഗതിക്കാര്‍ ആ സ്വപ്നം സഫലീകരിക്കുമെന്നാണു പ്രതീക്ഷയെന്നും തിരൂര്‍ ദിനേശ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: