ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് മുതല്‍ കൃഷിക്കും അന്നദാതാക്കളായ കര്‍ഷകര്‍ക്കും പ്രഥമ പരിഗണന നല്കുന്നു. കാര്‍ഷികമേഖലയുടെ കുതിച്ചുചാട്ടത്തിന് കാരണമായ കോടിക്കണക്കിന് രൂപയുടെ നിരവധി പദ്ധതികളാണ് കഴിഞ്ഞ ബജറ്റുകളില്‍ നടപ്പാക്കിയത്. ആ മാതൃക ഇത്തവണയും തുടരുന്നു. വികസനത്തിന്റെ ആദ്യ എന്‍ജിനെന്നാണ് കൃഷിയെ ബജറ്റില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് വിശേഷിപ്പിച്ചിരിക്കുന്നത്. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിന് രാജ്യത്തെ കര്‍ഷകര്‍ക്ക് മുഖ്യപങ്കാണ് വഹിക്കാനുള്ളതെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രി ധന് ധാന്യ കൃഷി യോജനയെന്ന പുതിയ പദ്ധതി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചു. നൂറ് വികസ്വര കാര്‍ഷിക ജില്ലകളെ ഉള്‍പ്പെടുത്തി തുടക്കം കുറിയ്ക്കുന്ന ഈ പദ്ധതിയിലൂടെ 1.7 കോടി കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. ഉല്പാദനം വര്‍ധിപ്പിക്കുക, വിളവൈവിധ്യം കൂട്ടുക, മികച്ച സംഭരണ സംവിധാനം ഉറപ്പാക്കുക, ജലസേചനം മികച്ചതാക്കുക, ധനലഭ്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. വൈദഗ്ധ്യം, നിക്ഷേപം, സാങ്കേതികവിദ്യ, ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ഉത്തേജനം എന്നിവയിലൂടെ കാര്‍ഷിക മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു സമഗ്ര ബഹുതല പരിപാടിയാകുമിത്.
പയറുവര്‍ഗങ്ങളുടെ സ്വയംപര്യാപ്തതയ്ക്കായി ആറുവര്‍ഷത്തേക്കുള്ള പ്രത്യേക ദൗത്യം ആരംഭിക്കുമെന്നും നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. തുവരപ്പരിപ്പ്, ഉഴുന്ന്, ചുവന്ന പരിപ്പ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കുമിത്. അടുത്ത നാല് വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളായ നാഫെഡും എന്‍സി സിഎഫും ഈ പയറുവര്‍ഗങ്ങള്‍ കര്‍ഷകരില്‍ നിന്ന് സംഭരിക്കും. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ ഉല്‍പ്പാദനം, കാര്യക്ഷമമായ വിതരണം, സംസ്കരണം, കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കല്‍ എന്നിവക്കായി സംസ്ഥാനങ്ങളുമായി സഹകരിച്ച് സമഗ്ര പരിപാടിയ്ക്കും തുടക്കം കുറിയ്ക്കും.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നല്കുന്ന വായ്പകള്‍ക്ക് പരിഷ്കരിച്ച പലിശയിളവ് പദ്ധതി പ്രകാരം വായ്പാ പരിധി മൂന്നു ലക്ഷം രൂപയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. താമരവിത്തിന്റെ ഉത്പാദനം, സംസ്കരണം, മൂല്യവര്‍ധന, വിപണനം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ബിഹാറില്‍ മഖാന(താമരവിത്ത്) ബോര്‍ഡ് രൂപീകരിക്കും. അസമിലെ നംരൂപില്‍ 12.7 ലക്ഷം മെട്രിക് ടണ്‍ വാര്‍ഷിക ശേഷിയുള്ള യൂറിയ പ്ലാന്റ് സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ഉയര്‍ന്ന വിളവ് നല്കുന്ന വിത്തുകള്‍ക്കായി ദേശീയ ദൗത്യം നടപ്പാക്കും. ഗവേഷണം ശക്തിപ്പെടുത്തുക, ഉയര്‍ന്ന വിളവ് നല്കുന്ന വിത്തുകളുടെ വികസനവും പ്രചാരണവും, നൂറിലധികം വിത്തിനങ്ങളുടെ വാണിജ്യ ലഭ്യത എന്നിവ ലക്ഷ്യമിട്ടാണ് ഉയര്‍ന്ന വിളവ് നല്കുന്ന വിത്തുകള്‍ക്കായി ദേശീയ ദൗത്യം ആരംഭിക്കുന്നത്.
പരുത്തി കൃഷിയുടെ ഉല്‍പ്പാദനക്ഷമത, സുസ്ഥിരത എന്നിവയില്‍ പുരോഗതി സാധ്യമാക്കുന്നതിനും മികച്ച അസംസ്കൃത പരുത്തി ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അഞ്ചുവര്‍ഷത്തെ പ്രത്യേക പരുത്തി ദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യമേഖലയുടെ വികസനത്തിനും പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ പരാമര്‍ശിച്ചിടുണ്ട്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പ്രത്യേകശ്രദ്ധ കേന്ദ്രീകരിച്ച് ഭാരതത്തിന്റെ സവിശേഷ സാമ്പത്തിക മേഖലയില്‍ നിന്നും പുറംകടലില്‍ നിന്നുമുള്ള മത്സ്യബന്ധനത്തിന്റെ സുസ്ഥിര ഉപയോഗത്തിന് സര്‍ക്കാര്‍ ചട്ടക്കൂട് നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: