ചാണക്യനീതി പറയുന്നു: ചിന്തയായാലും ചിതയായലും അവസാനം ഒന്നുമില്ലാതെയാകുന്നു. അതായത് നശിക്കുന്നു എന്ന് ചുരുക്കം. ചിത നിര്‍ജീവ വസ്തുക്കളെ ദഹിപ്പിക്കുന്നു. ചിന്തയാകട്ടെ ജീവനെത്തന്നെ ഇല്ലാതാക്കുന്നു.
ചിന്തായാശ്ച ചിതായാശ്ച
ബിന്ദുമാത്ര വിശേഷതാ
ചിതാ ദഹതി നിര്‍ജീവം
ചിന്താ ദഹതി ജീവനം
പ്രധാനമായും രണ്ടു തരം ചിന്തകളുണ്ട്. ദുശ്ചിന്തകളും സദ്ചിന്തകളും. ദുശ്ചിന്തകള്‍ മൂലം രക്തം മലിനമാകുന്നു. രക്തം അഥവാ ശരീരം മലിനമായാല്‍ വേഗം രോഗങ്ങള്‍ക്ക് അടിമപ്പെടും. ദുശ്ചിന്തകള്‍ ദുര്‍വികാരങ്ങളെ സൃഷ്ടിക്കുന്നു. ചിന്തകള്‍ ഒരുതരം വൈറസുപോലെയാണെന്ന് വൈദ്യശാസ്ത്രവും അഭിപ്രായപ്പെടുന്നു. 2020 ല്‍ ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ് വൈറസ്, എത്രയെത്രയോ പേരുടെ ജീവന്‍ നശിപ്പിച്ചു.
ഓരോ ചിന്തയിലും ശരീരം ഓരോ തരം ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നുണ്ട്. ഏറെയും അനാരോഗ്യകരമായ ഹോര്‍മോണുകളാണ്. ചിലതെല്ലാം മാരകവിഷങ്ങളായി മാറാറുണ്ട്.
വനത്തില്‍ നില്‍ക്കുന്ന ഒരു മാന്‍ സിംഹത്തിന്റെ അലര്‍ച്ച കേള്‍ക്കുമ്പോള്‍ തല ഉയര്‍ത്തി ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്നു. മലമൂത്രങ്ങള്‍ വിസര്‍ജിക്കുകയും ചെയ്യുന്നു. ഇതെല്ലാം ദൃശ്യമാധ്യമങ്ങളിലൂടെ കാണാവുന്ന കാഴ്ചകളാണ്. ഭയം സൃഷ്ടിക്കുന്ന ഹോര്‍മോണ്‍ ആണ് ഇതിനു കാരണം. ഓടി രക്ഷപ്പെടാനുള്ള ശ്രമമാണ് മാനിന്റേത്. അത് ഭാരമിറക്കി ഓടാന്‍ തയ്യാറെടുക്കുന്നു.
ശരീരവും മനസ്സും പരസ്പരം ബന്ധിതമാണ്. ചൂടുപാല്‍ തണുത്ത പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ പാത്രം ചൂടാവുന്നു. മറിച്ച ്തണുത്തപാല്‍ ചൂടുള്ള പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ പാല്‍ ചൂടാകുന്നു. ‘ ആധാരാധേയഭാവം’ എന്ന് ഇതിനെ അഷ്ടാംഗഹൃദയം വിശേഷിപ്പിക്കുന്നു.
കാമത്തില്‍ നിന്ന് ക്രോധവും ക്രോധത്തില്‍ നിന്ന് സമ്മോഹവും സമ്മോഹത്തില്‍ നിന്ന് സ്മൃതിഭ്രംശവും സ്മൃതിഭ്രംശത്തില്‍ നിന്ന് ബുദ്ധിനാശവും തുടര്‍ന്ന് സര്‍വ്വനാശവും ഉണ്ടാകുന്നു എന്ന് ഭഗവദ്ഗീത . ഇപ്പോള്‍ ആധുനിക ഭിഷഗ്വരന്മാര്‍ സൈകോ, സൊമാറ്റിക് ചികിത്സയ്‌ക്ക് പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്.
സുഭാഷിതം
എസ്. ബി. പണിക്കര്‍
9495158868
















