തൃശൂര്‍: പാരാമെഡിക്കല്‍ കോഴ്സുകളില്‍ അവസാന വര്‍ഷ പരീക്ഷകള്‍ നടക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. ബിഎസ്സി- ജിഎന്‍എം നഴ്സിങ്, ഫാര്‍മസി, ഡെന്റല്‍, ആയുര്‍വേദ മേഖലയിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളാണ് പരീക്ഷ നടക്കാത്തതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്.
ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് കീഴില്‍ വിവിധ കോളേജുകളിലായി ആയിരത്തോളം വിദ്യാര്‍ഥികളണ് അവസാന വര്‍ഷ പഠനം പൂര്‍ത്തിയാക്കിയെങ്കിലും പരീക്ഷ എഴുതാന്‍ സാധിക്കാതെ ദുരിതത്തിലായിരിക്കുന്നത്. പഠനം കഴിഞ്ഞ് കോഴ്സ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റു പോലും ലഭിക്കാതെ അനിശ്ചിതത്വത്തിലാണ് വിദ്യാര്‍ഥികള്‍.
കൊറോണ സാഹചര്യത്തില്‍ ആരോഗ്യ മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുമ്പോഴാണ് ഈ പ്രതിസന്ധി. ആരോഗ്യ മേഖലയില്‍ ഇവരുടെ സേവനം ആവശ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രൈവറ്റ് സെക്ടറുകളിലും ഏറെ തൊഴില്‍ സാധ്യതയുള്ളതാണ് ഇത്തരം കോഴ്സുകള്‍.
കൊറോണയെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ അപൂര്‍ണ്ണമായ രീതിയിലായിരുന്നു ക്ലാസുകള്‍. അവസാന വര്‍ഷം ഏറെയും പ്രാക്ടിക്കലും ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ്. എന്നാല്‍ പ്രാക്ടിക്കല്‍ ക്ലാസ് ഒന്നും നടത്തിയിട്ടില്ല. തിയറി ക്ലാസുകള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി പൂര്‍ത്തികരിച്ചത്. എംഎല്‍ടി പോലുള്ള കോഴ്സുകള്‍ക്ക് പ്രാക്ടിക്കലിന് വളരെ പ്രാധാന്യമാണുള്ളത്.
എന്നാല്‍ കൃത്യസമയത്ത് അടുത്ത ബാച്ചുകള്‍ ആരംഭിക്കുകയും ചെയ്തു. അവസാന വര്‍ഷ വിദ്യാര്‍ഥികളോട് കോഴ്സ് കഴിഞ്ഞുവെന്നും ഇനി സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് പരീക്ഷ ഉണ്ടാകുമെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞത്. പരീക്ഷ എന്നു നടത്തുമെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ല. പാഠ്യഭാഗങ്ങള്‍ മുഴുവന്‍ തീര്‍ത്തിട്ടില്ലാത്തതിനാല്‍ ഇനി എങ്ങനെ പരീക്ഷ എഴുതുമെന്ന ചിന്തയിലാണ് പലരും. പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആശങ്ക അകറ്റി അവസാന വര്‍ഷ പരീക്ഷ എത്രയും വേഗം നടത്തുന്നതിന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: