കെട്ടകാലത്തിന്റെ ഓര്‍മ്മകള്‍ കുറിക്കുന്നത് വരാനിരിക്കുന്ന നല്ല കാലത്തിന് വഴിയൊരുക്കാനാണ്. പോയവര്‍ഷത്തിന്റെ തുടക്കത്തിലും ഇത്തരം പ്രതീക്ഷകള്‍ പങ്കുവച്ചെങ്കിലും അതിനു വിരുദ്ധമായാണ് എല്ലാം സംഭവിച്ചത്. ലോകം കീഴ്മേല്‍ മറിഞ്ഞു. പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കിയാണ് കോവിഡ് മഹാമാരി ലോകത്തെ ആവേശിച്ചത്. എല്ലാ അര്‍ത്ഥത്തിലും കെട്ടകാലം. ജനങ്ങളുടെ ദുരിതമകറ്റാന്‍ നിരവധി നടപടികള്‍ ഉണ്ടായെങ്കിലും അടച്ചുപൂട്ടലിന്റെയും നിയന്ത്രണങ്ങളുടെയും ഭയത്തിന്റെയും നടുവില്‍ വീര്‍പ്പുമുട്ടിയാണ് ജനജീവിതം മുന്നോട്ടു പോയത്. ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്. വരുന്ന വര്‍ഷത്തില്‍ അതിനു മാറ്റമുണ്ടാകുമെന്നതാണ് 2021ന്റെ വലിയ പ്രതീക്ഷ. കാലം മാറും. ദുരിതം മാറും. രോഗ ഭീതിയൊഴിയും. വൈറസിനെ ചെറുക്കാനുള്ള മരുന്ന് എല്ലാവരിലേക്കുമെത്തും. ലോകം പഴയതുപോലെ ചലിക്കും. ആഘോഷങ്ങളും ആരവങ്ങളും തിരികെയെത്തും. പുതിയ പുലരി ഉദയംകൊള്ളുക തന്നെ ചെയ്യും.
കോവിഡാനന്തര ലോകം ഒരിക്കലും പഴയതുപോലെയാകില്ലെന്ന് പറയുന്നവരുണ്ട്. കോവിഡിനു മുമ്പും കോവിഡിന് ശേഷവും എന്ന തരത്തില്‍ ലോകം പുതിയ ജീവിതക്രമം സൃഷ്ടിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതൊരുപക്ഷേ ശരിയുമായിരിക്കാം. കോവിഡ് നമ്മെ ഓരോരുത്തരെയും അത്തരത്തില്‍ രൂപപ്പെടുത്തിക്കഴിഞ്ഞു. മഹാമാരി പുതിയ ശീലങ്ങള്‍ പഠിപ്പിച്ചു. പ്രതിരോധത്തിനുള്ള മരുന്ന് എത്തിക്കഴിഞ്ഞാല്‍ പോലും ഇനിയെല്ലാം പഴയ ശൈലിയിലാകില്ലായിരിക്കാം. വസ്ത്രങ്ങള്‍ ധരിക്കുംപോലെ ‘മാസ്കും’ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും. കണ്ണുകള്‍ മാത്രം പുറത്തു കാണിക്കുന്ന മുഖമറയ്ക്കുള്ളില്‍ ഇനി ജീവിക്കേണ്ടി വരും. കണ്ണുകളാല്‍ ഇനി നമുക്ക് പരസ്പരം കഥകള്‍ പറയാം. കണ്ണുകളുടെ മാത്രം സൗന്ദര്യം നോക്കി മുഖരൂപമാകെ നിശ്ചയിക്കാം.
കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് കേരളത്തില്‍ ആദ്യമായി വൈറസ് ബാധ അറിഞ്ഞത്. ഇന്ത്യയിലും ആദ്യത്തെ രോഗിയായിരുന്നു അത്. ചൈനയില്‍ നിന്നെത്തിയ തൃശൂര്‍കാരിയായ വിദ്യാര്‍ത്ഥിനിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഫെബ്രുവരി രണ്ടിനും മൂന്നിനും ആലപ്പുഴയിലും കാസര്‍കോടും രോഗം കണ്ടെത്തി. രണ്ടുപേരും തൃശ്ശൂരെ കുട്ടിയുടെ സഹപാഠികളായിരുന്നു. കേരളം ഭയപ്പെട്ട നാളുകളായിരുന്നു അത്. കേരളത്തെ ഇതൊന്നും ബാധിക്കില്ലെന്ന ധാരണയിലായിരുന്നു അതുവരെ എല്ലാവരും. മൂന്നാള്‍ക്ക് രോഗം വന്നപ്പോള്‍ തന്നെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പക്ഷേ അതു ഗുരുതരമാകാതെ നിയന്ത്രിക്കാനായി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വൈറസ് ബാധ പടര്‍ന്നുകയറിയപ്പോഴും കേരളം വലിയ മാതൃകയാണെന്ന് വാഴ്ത്തപ്പെടുന്ന തരത്തിലായിരുന്നു കേരളത്തിന്റെ പ്രചരണങ്ങള്‍. പക്ഷേ, ആ ആശ്വാസം അധികനാള്‍ നീണ്ടു നിന്നിന്നെല്ലത് നമ്മള് കണ്ടു.
മാര്‍ച്ച് മൂന്നിലെ പത്രങ്ങളുടെ വലിയ തലക്കെട്ട് രാജ്യത്ത് മൂന്ന് പേര്‍ക്ക് വൈറസ് ബാധ എന്നതായിരുന്നു. വിദേശങ്ങളില്‍ നിന്നെത്തിയവരായിരുന്നു എല്ലാ പേരും. മാര്‍ച്ച് 5 ആയപ്പോഴേക്കും അത് 29 പേരിലേക്ക് പടര്‍ന്നു. മാര്‍ച്ച് 8ന് കേരളത്തില്‍ വീണ്ടും അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിനായിരുന്നു രോഗം. മാര്‍ച്ച് 11ന് എട്ടുപേരിലേക്ക് കൂടി രോഗമായി. മാര്‍ച്ച് 15 ആയപ്പോഴേക്കും ഇന്ത്യയിലാകെ വൈറസ് ബാധിതര്‍ 84 ആയി. രോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി ആമാസം 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം രാജ്യം ജനതാ കര്‍ഫ്യൂ ആചരിച്ചു. മാര്‍ച്ച് 24ന് ഇന്ത്യ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരടച്ചിടലിലേക്കാണ് രാജ്യം നീങ്ങിയത്. മാര്‍ച്ച് 28നാണ് കേരളത്തില്‍ ആദ്യത്തെ കോവിഡ് മരണം സംഭവിക്കുന്നത്. മട്ടാഞ്ചേരി സ്വദേശി വൈറസ് ബാധയേറ്റ് മരിച്ചു.
മാര്‍ച്ച് മാസം അവസാനം ദില്ലിയില്‍ നടന്ന തബ്ലീഗ് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാക്കിയത്. തബ് ലീഗിന് വിദേശത്തു നിന്നടക്കമെത്തിയവര്‍ നിയന്ത്രണങ്ങളില്ലാതെ കറങ്ങിനടന്നും കൂട്ടംകൂടിയും രോഗം പരത്തി. കേരളത്തിലും തബ്ലീഗിനു പോയവരില്‍ നിന്ന് രോഗവ്യാപനമുണ്ടായി. കേരളത്തിന്റെ കൊവിഡ് പ്രതിരോധം ചിലപ്പോഴെങ്കിലും വാചകമടിയില്‍ മാത്രമൊതുങ്ങിയ സന്ദര്‍ഭങ്ങളുണ്ടായി. വിദേശത്തുള്ള മലയാളികളെ നാട്ടിലെത്തിക്കണമെന്ന് മുറവിളികൂട്ടിയ സര്‍ക്കാര്‍, അവര്‍ക്കായി ഇവിടെ എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് പറഞ്ഞെങ്കിലും എല്ലാം പാഴ്വാക്കായി. കേന്ദ്ര സര്‍ക്കാര്‍ ലോകം കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കല്‍ നടത്തി, വന്ദേഭാരത് മിഷനിലൂടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രവാസികളെ കേരളത്തിലെത്തിച്ചപ്പോള്‍ അവര്‍ക്ക് ഒരു സൗകര്യവുമൊരുക്കാതെ അവരവരുടെ വീടികളിലേക്കയച്ചതും രോഗ വ്യാപനത്തിന്റെ കാരണങ്ങളില്‍ ഒന്നായി.
പിന്നീടുള്ളതെല്ലാം ചരിത്രം. കേരളത്തില്‍ ഒരാളില്‍ നിന്ന് മൂന്ന് പേരിലേക്കും മൂന്നുപേരില്‍ നിന്ന് എട്ട് പേരിലേക്കും പടര്‍ന്ന രോഗം ദിവസം പതിനായിരം പേരിലേക്കുവരെയെത്തി. ഒരു മരണത്തെ മഹാദുരന്തമായി പ്രഖ്യാപിച്ച നമുക്ക് ഇപ്പോള്‍ ദിവസം 25 പേരുടെ മരണം പോലും വലിയ വാര്‍ത്തയാകുന്നില്ല. കോവിഡിനൊപ്പമൊരു ജീവിതം എന്ന സാഹചര്യത്തിലേക്ക് ലോകവും രാജ്യവും കേരളവും എത്തിക്കഴിഞ്ഞു.
കോവിഡ് നമുക്കു സമ്മാനിച്ച പ്രത്യേകതകള്‍ ‘മാസ്ക്’ മാത്രമല്ല. ഏതു സാഹചര്യത്തിലും ജീവിതത്തെ ചിട്ടപ്പെടുത്താനാകുമെന്ന് തെളിയിച്ചു. അപൂര്‍വ്വം ചിലര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് ആത്മഹത്യ ചെയ്തതൊഴിച്ചാല്‍ ഭയപ്പെട്ടതുപോലെയൊന്നും ലോകത്തിനു സംഭവിച്ചില്ല. മദ്യമില്ലാതെ ജീവിക്കാനാകാത്തവരെന്ന് ധരിച്ചിരുന്നവര്പോലും ആ ധാരണ തിരുത്തി. മദ്യപിക്കാതെ ദിവസങ്ങളോളം ജീവിച്ച മുഴുക്കുടിയന്മാര് എത്രയോ പേര്. ആഘോഷങ്ങള്‍ക്ക് ധാരാളം പണം ചെലവിട്ടവരൊക്കെ എല്ലാ ആഘോഷങ്ങളും വീട്ടിനുള്ളിലാക്കി. പിസയും ചില്ലിചിക്കനും ബര്ഗറുമൊക്കെ തീന്മേശയില് നിന്ന് പുറത്തായി. ചക്കപ്പുഴുക്കും വാഴക്കാതോരനും പിണ്ടിക്കറിയും ചക്കകുരു മെഴുക്കുപുരട്ടിയും പകരം ഭക്ഷണക്രമത്തിലേക്കെത്തി. എപ്പോഴും തീയറ്ററിലെ തണുപ്പിലിരുന്ന് വലിയ സ്ക്രീനില്‍ സിനിമ കണ്ടവര്‍ കമ്പ്യൂട്ടര്‍ സക്രീനിലും മൊബൈല്‍ ഫോണിലും വരെ സിനിമ ആസ്വദിച്ചു. വലിയ ഷോപ്പിംഗുകളെ തത്കാലം പുറത്തു നിര്‍ത്തി ഉള്ളതുകൊണ്ട് ജീവിക്കാമെന്ന് തീരുമാനിച്ചു. ട്രോളിയും തള്ളി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നടന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നവര്‍ കുറിപ്പെഴുതി കൊടുത്ത് പലചരക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതും കോവിഡ് കാലത്തിന്റെ പ്രത്യേകതയാണ്.
പോയ വര്‍ഷം ക്ലാസ് മുറികളില്ലായിരുന്നു. കുട്ടികള്‍ ഒന്നിച്ചിരുന്ന് സൗഹൃദം പങ്കിട്ടുള്ള പഠനം നഷ്ടമായി. പഠനം ഓണ്‍ലൈനായപ്പോള്‍ ക്ലാസ് മുറികള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കും മൊബൈല്‍ ഫോണിലേക്കും ചുരുങ്ങി. പുതിയ പഠന രീതിക്ക് വലിയ സ്വീകാര്യതയൊന്നും ലഭ്യമായില്ലെങ്കിലും മറ്റുവഴികളില്ലാത്തതിനാല്‍ തുടര്‍ന്നു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസിന് രണ്ട് രക്തസാക്ഷികളുമുണ്ടായി. ക്ലാസ്സില്‍ പങ്കെടുക്കാന്‍ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഇല്ലാത്തതിനാല്‍ രണ്ടു കുട്ടികള്‍ ആത്മഹത്യചെയ്തു. പെട്ടിമുടി ദുരന്തവും കരിപ്പൂരിലെ വിമാനാപകടവുമെല്ലാം കോവിഡ് കാലത്തിന്റെ മഹാ വേദനകളാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് രോഗിയെ പുഴുവരിച്ചതും ആറന്മുളയില് കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ ഡ്രൈവര്‍ പീഡിപ്പിച്ചതും കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ കെട്ടിയിട്ട് പീഡിപ്പിച്ചതുമെല്ലാം കോവിഡ് കാലത്തെ മനസാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളായി.
പ്രണാബ്കുമാര്‍ മുഖര്‍ജിയും എസ്.പി. ബാലസുബ്രഹ്മണ്യവും അക്കിത്തവും സുഗതകുമാരിയും പി. പരമേശ്വരനും ആര്. വേണുഗോപാലും എം.പി. വീരേന്ദ്രകുമാറും എം.കെ. അര്‍ജ്ജുനനും രവി വള്ളത്തോളും കലിംഗശശിയും ഇര്‍ഫാന്‍ഖാനും ഋഷികപൂറും സുശാന്ത്സിംഗ് രാജ്പുത്തും സച്ചിയും പാപ്പുക്കുട്ടി ഭാഗവതരുമെല്ലാം കോവിഡ് കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ മഹദ് വ്യക്തിത്വങ്ങളാണ്. കേരളം ഏറ്റവും സ്നേഹിച്ച അന്താരാഷ്ട്ര പ്രശസ്തനായ കൊറിയന്‍ ചലച്ചിത്ര സംവിധായകന് കിംകി ഡൂക്ക് കോവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്തയും മലയാളിക്ക് വേദന നല്കി.
എല്ലാം കഴിഞ്ഞ് പുതു വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മനസ്സിലൊരായിരം പ്രതീക്ഷകളാണ്. കെട്ടകാലം ഇല്ലാതാകുമെന്നും വരാനിരിക്കുന്നത് നല്ല നാളുകളാണെന്നുമുള്ള പ്രതീക്ഷ. കോവിഡ് വാക്സിന് ഏതാനും ദിവസത്തിനുള്ളില്‍ എല്ലാവരിലേക്കുമെത്തുമെന്ന് നമ്മുടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരേരുത്തരുടെയും പ്രതീക്ഷകള്‍ക്ക് കരുത്താകുന്നത് ആ പ്രഖ്യാപനമാണ്. നല്ല പ്രതീക്ഷകള്‍ നമ്മെ മുന്നോട്ട് വഴി നടത്തുക തന്നെ ചെയ്യും.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: