പ്രൊഫ.വി.ടി. രമ
സ്വതന്ത്രഭാരതം എഴുപത്തിയൊന്നു റിപ്പബ്ലിക് ദിനങ്ങള്‍ ആഘോഷിച്ചു കഴിഞ്ഞു. ഇവയൊരോന്നും രാഷ്ട്രത്തിന് സ്വാഭിമാനത്തിന്റെ തിലകമണിയിച്ചിട്ടുണ്ട്. പക്ഷേ, ഏറ്റവും അസാധാരണവും ആഹ്ലാദകരവും അഭിമാനദായകവുമായ ഒരു റിപ്പബ്ലിക് ദിനം, 1992 ജനുവരി 26ന്റേതായിരുന്നു. അന്നാണ് ഡോ. മുരളിമനോഹര്‍ ജോഷി, സ്വതന്ത്രഭാരത്തില്‍ നിന്ന് മനസ്സുകൊണ്ടും നിയമം കൊണ്ടും അകന്നു നിന്ന കാശ്മീരിലെ ലാല്‍ ചൗക്കില്‍, നാൡതുവരെ ഉയരാന്‍ അനുവദിക്കാത്ത ഭാരതത്തിന്റെ ത്രിവര്ണ്ണപതാകയുയര്ത്തിയത്. ഒരു രാജ്യം മുഴുവന്‍ അഖണ്ഡഭാരതത്തിന്റെ സ്വാഭിമാനമുയര്ത്തിയ ആ ദൃശ്യത്തിന് സാക്ഷ്യം വഹിച്ച്, പുളകിതരായി. അന്ന് അവിടെ സന്നിഹിതരായ, ബിജെപി ദേശീയ നേതാക്കള്‍ക്കിടയില്‍ നിന്നുകൊണ്ട്, ഒരു കൈ നെഞ്ചത്തുവെച്ച്, മറുകൈയുയര്‍ത്തി ‘വന്ദേമാതരം’ ഉച്ചത്തിലുല്ഘോഷിച്ച ഒരു മലയാളി വനിതയുണ്ടായിരുന്നു.
കേരളത്തില്‍ നിന്ന് അവിടെയെത്താന്‍ കഴിഞ്ഞ ഏക പ്രതിനിധി. അത് മറ്റാരുമല്ല, ആ അപൂര്‍വ്വ സൗഭാഗ്യത്തിന് അവസരം ലഭിച്ച ഡോ. റെയ്ച്ചല്‍ മത്തായി, ബിജെപിയുടെ ദേശീയ നിര്വാഹകസമിത അംഗം. എണ്‍പതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ തൊണ്ണൂറുകളുടെ അവസാനം വരെ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിറഞ്ഞു നിന്ന കരുത്തയായ നേതാവും ഊര്‍ജ്ജസ്വലയായ മഹിളാ സാരഥിയും പ്രതിബദ്ധതയുമുള്ള ന്യൂനപക്ഷമുഖവുമായിരുന്നു ഡോ. റെയ്ച്ചല്‍ മത്തായി. സക്രിയവും ബഹു മുഖവുമായ പ്രവര്‍ത്തനത്തിലൂടെ യഥാര്‍ത്ഥ രാഷ്ട്രീയ നേതൃപാടവം പ്രകടിപ്പിക്കാനാണ് അവര്‍ എന്നും ശ്രമിച്ചത്; അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. മനുഷ്യരുടെ ആരോഗ്യസംരക്ഷണത്തില്‍ ജാഗരൂകയായ ആ ഡോക്ടര്‍, പില്ക്കാലത്ത് സമൂഹത്തിന്റെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി രാഷ്ട്രീയത്തിലിറങ്ങിയത് തന്റെ കര്‍മ്മമേഖലയുടെ തുടര്വികസനത്തിനു വേണ്ടിയാണ്.
തീയില്‍ കുരുത്താല്‍ വെയിലത്ത് വാടില്ല എന്നാണല്ലോ പഴമൊഴി. റെയ്ച്ചല്‍ മത്തായിയുടെ കാര്യത്തിലും ഇത് ശരിയാണ്. 1925 നവംബര്‍ 23ന് അടൂരിലെ പ്രസിദ്ധമായ നെല്ലിമൂട്ടില്‍ തടവാട്ടില്‍ എന്‍.പി. മത്തായി മുതലാളിയുടെയും തങ്കമ്മയുടേയും മകളായി ജനിച്ച റെയ്ച്ചല്‍ കുഞ്ഞുന്നാളിലേ ചുറ്റും കണ്ടത് പിതാവും പിതൃസഹോദരങ്ങളുമടങ്ങുന്ന ദേശീയവാദികളായ ഒരു കൂട്ടം സ്വാതന്ത്ര്യസമര ഭടന്മാരെയാണ്. പട്ടം താണുപിള്ള, സി. കേശവന്, ടി.എം. വര്‍ഗ്ഗീസ് എന്നിവരോടൊപ്പം അന്നത്തെ സ്റ്റേറ്റ് (ട്രാവന്‍കൂര്‍) കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു മത്തായി മുതലാളിയും സഹോദരന് എന്‍.പി. ഫിലിപ്പോസ് മുതലാളിയും.സ്വാതന്ത്ര്യസമരം തീവ്രസ്ഥായിയിലെത്തിയസമയത്ത് നിസ്സഹകരണ പ്രസ്ഥാനം പോലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം വരിച്ച മത്തായി മുതലാളിക്ക് അഭിഭാഷകവൃത്തിയില്‍ നിന്ന് നിഷ്ക്കാസിതനാവേണ്ടിയും വന്നു. നെല്ലിമൂട്ടില്‍ തറവാടിന് സ്വന്തമായൊരു ‘രാജകീയ’ ചരിത്രമില്ലാതില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പൊരിക്കല്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവ്, ദിവസങ്ങളോളം ഒളിച്ചു താമസിച്ചത് സുരക്ഷിതമായ ഈ തറവാട്ടില്‍ ആയിരുന്നു പോലും. തിരിച്ച് രാജപദവിയിലെത്തിയ രാജാവ് ഈ വീട്ടുകാര്‍ക്ക് ഏക്കര്‍കണക്കിന് ഭൂമി കരമൊഴിവാക്കി സമ്മാനിക്കുകയും അവിടത്തെ പുരുഷന്മാര്ക്ക് ‘മുതലാളി’ എന്നും സ്ത്രീകള്‍ക്ക് ‘അമ്മച്ചി’ എന്നും സ്ഥാനപ്പേരു നല്‍കുകയും ചെയ്തു. ആ തറവാട്ടിലെ പില്ക്കാലപ്പെണ്കൊടിക്ക് ദേശീയബോധവും സാമൂഹ്യമനസ്സും ജനതികപരമായിത്തന്നെ കിട്ടിയതില്‍ അത്ഭുതപ്പെടാനില്ലല്ലൊ. മൂന്നു സഹോദരിമാരും ഒരു കുഞ്ഞനിയനും ചേര്‍ന്ന ആ കുടുംബത്തില്‍ നിന്നാണ് റെയ്ച്ചല്‍ എന്ന പെണ്‍കുട്ടി തിരുവനന്തപുരത്തെത്തിയതും യൂനിവേഴ്സിറ്റി കോളജില്‍ നിന്ന് 1947 ല്‍ കെമിസ്ട്രിയില്‍ ബിരുദമെടുത്തതും.
തിരുവിതാംകൂറിന് അന്ന് ഒരു മെഡിക്കല്‍ കോളേജ് അന്യമായിരുന്നു. ഏറെ കഷ്ടപ്പെട്ട് സിലോണില്‍ (ശ്രീലങ്ക) പോയിട്ടാണ് റെയ്ച്ചല്‍ മത്തായി എംബിബിഎസ് ബിരുദമെടുത്തത്. അഞ്ചുവര്‍ഷം ഇംഗ്ലണ്ടിലെത്തി, ഉന്നതപഠനം നടത്തി എഫ്ആര്‍സിപി ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു. തിരുവനന്തപുരം, ചേര്‍ത്തല, ആലപ്പുഴ മെഡി. കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ച അവര്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ടായാണ് വിരമിച്ചത്. സ്ത്രീ കളുടെയും കുട്ടികളുടേയും ആശുപത്രിയുടെ ശോച്യാവസ്ഥ മാറ്റിയെടുത്തഇവര് വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടണ്ടാക്കിയത്
വിരമിച്ചതിനുശേഷം യൂനിേവര്സിറ്റി വുമന്‍ അസോസിയേഷന് (യുഡബ്യുഎ), വൈഎംസിഎ തുടങ്ങിയവയുടെ അമരത്തും പ്രവൃത്തിച്ചു. ലക്ഷ്മി എന്‍. മേനോനുമായുള്ള സൗഹൃദമാണ്, സ്ത്രീകളുടെ സാമൂഹ്യ പ്രശ്നങ്ങളിലേക്ക് ഇറങ്ങാനുള്ള പ്രചോദനം നല്‍കിയതെന്ന് അവര്‍ ഓര്‍ത്തെടുക്കുന്നു. ഈ കാലഘട്ടത്തിലാണ് അന്നത്തെ ബിജെപി ജന. സെക്രട്ടറി കെ. രാമന് പിള്ളയെ ഡോക്ടര്‍ കാണുന്നത്. ഒരു കത്തോലിക്കാവനിത, ഹിന്ദുത്വപ്പാര്ട്ടിയെന്ന് മുദ്രകുത്തപ്പെട്ട ഭാരതീയ ജനതാപാര്‍ട്ടിയിലെത്തുന്നത്!. രാഷ്ട്രീയ കേരളം അതിശയത്തോടെ, റെയ്ച്ചല്മത്തായിയുടെ ഈ വരവ് നോക്കിക്കണ്ടു. സ്വന്തം രക്തത്തിലലിഞ്ഞ കോണ്‍ഗ്രസ് ദേശീയത അന്നത്തെ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞു പോയതറിഞ്ഞ നിരാശയില്‍ നിന്നാണ് അവര്‍ യഥാര്‍ത്ഥ ദേശീയതയുടെ വക്താക്കളായ ബിജെപിയെ സ്വയംവരിച്ചത്. ധിഷണശാലിയും കൂര്‍മ്മബുദ്ധിയും, കര്മ്മോത്സുകയുമായ അവര്‍ ബിജെപിയിലെത്തിയത്, അതിന്റെ ആശയാദര്‍ശങ്ങള്‍ വിസ്തരിച്ചു പഠിച്ചതിന്റെ ശേഷം മാത്രമാണെന്ന്, ഇപ്പോഴും മുഖത്തുസൂക്ഷിക്കുന്ന മനോഹരമായ ആ കള്ളച്ചിരിയോടെ ഡോ. റെയ്ച്ചല്‍ പറയുകയുണ്ടായി.
പ്രൊഫ. ഓ.എം. മാത്യു, എം.ഡി.ജോസ്, പിജെ തോമസ് തുടങ്ങിയ വളരെ കുറച്ച് അഹിന്ദുക്കള്‍ മാത്രമെ അന്ന് ബിജെപി നേതൃനിരയില്‍ ഉണ്ടായിരുന്നുള്ളു. റെയ്ച്ചല്‍ മത്തായിയാകട്ടെ, പുതുതായി രൂപം കൊണ്ട ബിജെപിയില്‍ കൂടുതല്‍ പ്രവര്‍ത്തന സാധ്യത കണ്ടെത്തി. ആ സമയത്താണ് ബിജെപിയുടെ ആദ്യസംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്നത്. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ചിട്ടയോടെ നടത്തിയ സമ്മേളനം. ലാല്‍ കൃഷ്ണ അദ്വാനിയടക്കമുള്ളവര്‍ അവരെ പ്രശംസിച്ചു. ബിജെപി ബന്ധത്തിന്റെ പേരില്‍ ബന്ധുക്കളില്‍ നിന്നും സമുദായത്തില്‍ നിന്നും വിമര്ശനങ്ങളൊരുപാട് ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും, അതൊന്നും അവരെ തളര്‍ത്തിയില്ല. സ്വതസ്സിദ്ധമായ തന്റേടത്തോടെ അവര്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ പാറപോലെ ഉറച്ചു നിന്നു പില്ക്കാലത്തെഴുതിയ അനന്തമായ ഇടനാഴികള്‍ എന്ന ആത്മകഥയില്‍, പാര്‍ട്ടി മതപരമായി അംഗങ്ങളെ വേര്തിരിച്ചുകണ്ടിരുന്നില്ലെന്ന് കൃത്യമായി അവര്‍ നിരീക്ഷിക്കുന്നുമുണ്ട്.കേരളത്തിലെ മഹിളാമോര്‍ച്ചയുടെ അദ്ധ്യക്ഷയായിരിക്കെയാണ്,സ്ത്രീകളുടെ ക്ഷേമാവശ്യവുമായി കാസര്‍ഗോഡു നിന്ന് തിരുവനന്തപുരം വരെ അവര്‍ ഒരു രഥയാത്ര നടത്തിയത്.പാര്ട്ടിയുടെസംസ്ഥാന വൈസ് പ്രസിഡന്റായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1986 ദല്‍ഹി ദേശീയ സമ്മേളനത്തിലെ പ്രമേയച്ചര്‍ച്ചയില്‍, റബ്ബറിന്റെ ഇറക്കുമതിക്കെതിരെ സംസാരിച്ചു കൊണ്ടാണ് ഡോ. റെയ്ച്ചല്‍ ദേശീയ ശ്രദ്ധ പിടിച്ചെടുത്തത്. പിന്നീട് പത്തുവര്‍ഷത്തിലധികം അവര്‍ ദേശീയ നിര്‍വാഹകസമിതി അംഗമായി പ്രവര്‍ത്തിച്ചു. ഗ്വാളിയോറിലെ മീറ്റിങ്ങിനു പോയപ്പോഴാണ് രാജമാത വിജയരാജസിന്ധ്യ, സുഷമാ സ്വരാജ്, മൃദുലാസിഹ്ന എന്നിവരുമായി സൗഹൃദത്തിലാവുന്നത്.
ചികിത്സയോടൊപ്പം എഴുത്തും വഴങ്ങുന്ന ഡോ. റെയ്ച്ചല്‍ ആത്മകഥയായ എന്‍ഡ് ലെസ്സ് കോറിഡോര്‍സ് കൂടാതെ ആനന്ദബാഷ്പം, അഗ്നിയാത്രികള് തുടങ്ങിയ നോവലുകളും ധാരാളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കൃത്യനിഷ്ഠയും സേവന പ്രതിബദ്ധതയും ചാര്‍ത്തിക്കൊടുത്ത കാര്‍ക്കശ്യത്തിന്റെ നേരിയ മുഖാവരണത്തിനുള്ളില്‍ സ്നേഹ-വാത്സല്യങ്ങളുടെ ഒരു ശാന്തസമുദ്രം തന്നെ സൂക്ഷിക്കുന്ന അപൂര്‍വ്വവ്യക്തിത്വമാണ് അവര്‍. 2020 നവംബര്‍ 23ന് തൊണ്ണൂറ്റിയഞ്ചാം വയസ് പൂര്‍ത്തിയായി. പ്രായം അവരുടെ കാഴ്ചയെയും കാഴ്ചപ്പാടിനെയും ബാധിക്കുന്നില്ല; ആത്മവിശ്വാസത്തെ ലോപിപ്പിക്കുന്നുമില്ല, വെല്ലുവിളികള്‍ എന്നും ഏറ്റെടുത്തുകൊണ്ട് നിഷ്കാമ കര്‍മ്മത്തിന്റെ ശാദ്വലങ്ങളിലാണ് ഡോ. റെയ്ചല്‍ ജീവിച്ചത്. താന്‍ മുറുകെപ്പിടിച്ച ആദര്‍ശബോധവും മൂല്യങ്ങളാണ് അവരെ വളര്‍ത്തിയത്; ധൈര്യവും സ്ഥൈര്യവും ചേര്‍ത്ത് അവയ്ക്കൊപ്പം തന്നെ ജീവിക്കാന്‍ അവര്‍ക്കാവുകയും ചെയ്തു എന്ന് ആര്‍ച്ച് ബിഷപ്പ് ക്ലീമസ് അവരുടെ ആത്മകഥയുടെ ആമുഖത്തില്‍ പറയുന്നു. സ്വന്തംപുസ്തകത്തില് അവരെഴുതി,”വിജയങ്ങളും പരാജയങ്ങളും ഉണ്ടാകാം, പക്ഷെ മഹത്തായ നേട്ടം അതിജീവനം തന്നെയാണ്”തലകുനിക്കാത്ത വ്യക്തിത്വം, കീഴടങ്ങാത്ത തന്റേടം, അടിപതറാത്ത ദേശീയത, ഡോ. റെയ്ച്ചല്‍ മത്തായിയുടെ പ്രത്യേകതകളിവയാണ്. തന്നെക്കാണാനെത്തുന്ന ഇന്നത്തെ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിറഞ്ഞ ചിരിയോടെ, ഊര്‍ജ്ജം പകര്‍ന്നുകൊടുത്തുകൊണ്ട്, കവടിയാറിലെ വീട്ടില്‍ അവരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: