നല്ലതുമാത്രം കാണാനും കേള്‍ക്കാനും അനുഭവിക്കാനും കഴിയണമെന്ന പ്രാര്‍ഥനയോടെയാവണം ഉറക്കമുണരേണ്ടത്. ഉണരുമ്പോള്‍ കാണുന്ന ആദ്യ കാഴ്ചയാണ് കണി. ആ ദിവസത്തിന്റെ ശുഭാശുഭങ്ങള്‍ കണിയെ ആധാരമാക്കിയെന്നാണ് വിശ്വാസം.
കൈകള്‍ (കൈപ്പടം) മുഖത്തിനു നേരെ നിവര്‍ത്തി അതിലേക്ക് കണ്‍തുറന്ന് ഒരു ദിവസം തുടങ്ങുക. അതിനൊപ്പം ഈ ശ്ലോകം ഉരുവിടാം.
‘കരാഗ്രേ വസതേ ലക്ഷ്മീ
കരമധ്യേ സരസ്വതീ
കരമൂലേതു ഗോവിന്ദഃ
പ്രഭാതേ കരദര്‍ശനം’
മഹാവിഷ്ണുവിന്റെയും മഹാലക്ഷ്മിയുടെയും സരസ്വതിയുടെയും സാന്നിധ്യം കൈകളില്‍ ഉണ്ടാകണമെന്ന സങ്കല്‍പത്തോടെ ധ്യാനപൂര്‍വമാകണം ശ്ലോകം ഉരുവിടേണ്ടത്.
കണിയെന്നാല്‍ മലയാളിക്ക് പൊതുവേ കൊന്നയൊരുക്കി കാണുന്ന വിഷുക്കണിയാണ്. ഒരുവര്‍ഷത്തേക്ക് നന്മയും ഐശ്വര്യവും പ്രദാനം ചെയ്യണമെന്ന പ്രാര്‍ഥനയിലേക്ക് കണ്ണു തുറക്കുന്ന സുഖദമായ കാഴ്ച. പക്ഷേ എന്നുമത് പ്രായോഗികമല്ലല്ലോ.
മാസാരംഭത്തില്‍ കാണുന്ന കണിയെ ആശ്രയിച്ചായിരിക്കും ആ മാസത്തെ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍.
തെളിഞ്ഞു കത്തുന്ന നിലവിളക്ക്, പശു, പുണ്യഗ്രന്ഥങ്ങള്‍, സ്വര്‍ണം ഇവയെല്ലാം കണികാണുന്നത് ഭാഗ്യപ്രദായകങ്ങളാണ്. പക്ഷേ ഇത്തരം വിശ്വാസങ്ങളൊന്നും അന്ധമായി പാലിക്കേണ്ടതല്ല.
ദൈവഭക്തിയിലേക്കും ജീവിതത്തില്‍ പാലിക്കേണ്ട ആചാര്യമര്യാദകളിലേക്കും വ്യക്തികളെ പ്രാപ്തരാക്കുകയാണ് ഈ വിശ്വാസങ്ങളുടെ ധര്‍മം. നല്ല കാഴ്ചകളിലൂടെ തനിക്ക് നല്ലതു ഭവിക്കുന്നതിനൊപ്പം സമൂഹത്തിനും ക്ഷേമൈശ്വര്യങ്ങള്‍ ഉണ്ടാവട്ടെയെന്ന് ഉള്ളറിഞ്ഞ് പ്രാര്‍ഥിക്കുക.
















