അയ്യപ്പന്റെ പരിവാരമൂര്‍ത്തിയാണ് കറുപ്പസ്വാമി. പതിനെട്ടാം പടിയുടെ വലതു വശത്താണ് കറുപ്പസ്വാമി, കറുപ്പായി അമ്മ എന്നിവരുടെ പ്രതിഷ്ഠകള്‍. കറുപ്പസ്വാമിയുടെ ഭാര്യയാണ് കറുപ്പായി അമ്മ.
അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തില്‍ അവിടുത്തെ പരിവാര മൂര്‍ത്തിയായ കറുപ്പസ്വാമിയുടെ മഹത്വത്തെക്കുറിച്ച് നിരവധി ഉദാഹരണങ്ങള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ പറയുന്നുണ്ട്. അച്ചന്‍കോവില്‍ ക്ഷേത്രം അച്ചന്‍കോവില്‍ മലയുടെ കിഴക്കുവടക്കേ കോണിലുള്ള താഴ്‌വരയിലാണ്. ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തില്‍ നിന്ന് ഏകദേശം കാല്‍നാഴികദൂരെ കിഴക്കായി ഒരു കോവിലില്‍ കറുപ്പസ്വാമിയെന്നും അതിന്റെ ഇടതുവശത്ത് കറുപ്പായി അമ്മ എന്നും രണ്ടു മൂര്‍ത്തികള്‍ പടിഞ്ഞാറോട്ട് ദര്‍ശനമായി നില്‍ക്കുന്നുണ്ട്. അയ്യപ്പന്റെ പരിവാര മൂര്‍ത്തികളില്‍ പ്രധാനിയാണ് കറുപ്പസ്വാമി. കറുപ്പസ്വാമിക്ക് നടത്തുന്ന പ്രധാനവഴിപാട് കറുപ്പനൂട്ടാണ്. ഏറ്റവും ചെലവേറിയ ഒരു വഴിപാടാണിത്.
ശബരിമലയില്‍ കറുപ്പസ്വാമിക്കും കറുപ്പായി അമ്മയ്‌ക്കും കര്‍പ്പൂരം, മുന്തിരിങ്ങാപ്പഴം എന്നിവ വഴിപാടായി നല്‍കുന്നു.
അയ്യപ്പന്റെ ഈ പരിവാര മൂര്‍ത്തികള്‍ക്ക് കാണിക്കയിട്ടു വേണം പതിനെട്ടാംപടി ചവിട്ടാന്‍. എന്നാല്‍ തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് പതിനെട്ടാം പടിയുടെ ഇടത് ഭാഗത്തുള്ള വലിയ കടുത്തസ്വാമിയെയോ വലതുഭാഗത്തുള്ള കറുപ്പസ്വാമി, കറുപ്പായി അമ്മ എന്നിവരെയോ ദര്‍ശിക്കാന്‍ സൗകര്യം കിട്ടാറില്ല.
കെ.എസ്. വിജയനാഥ്
















