കോഴിക്കോട്: കമ്മ്യൂണിസത്തെ മനസ്സില്‍ നിന്ന് ഡിലീറ്റ് ചെയ്താണ് മഹാകവി അക്കിത്തം മലയാളത്തിന്റെ നഭസ്സില്‍ ജ്വലിച്ചതെന്ന് പ്രൊഫ.കെ.പി. ശശിധരന്. സാമൂഹ്യ മുന്നേറ്റത്തില്‍ വി.ടി. ഭട്ടതിരിപ്പാടും കവിതയില്‍ ഇടശ്ശേരിയുമായിരുന്നു തനിക്ക് ഗുരുനാഥന്മാരെന്ന് അക്കിത്തം തന്നെ പറഞ്ഞിട്ടുണ്ട്. ഇവര്‍ രണ്ടുപേരുമല്ലാതെ മൂന്നാമതൊരാളുടെ പേരു കൂടി അദ്ദേഹത്തിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് കേട്ടിട്ടുണ്ട്. അത് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റേതായിരുന്നു.
വി.ടിയെയും ഇടശ്ശേരിയെയും കുറിച്ച് പില്ക്കാല ജീവിതത്തില്‍ ഏറെ പറഞ്ഞ മഹാകവി, പക്ഷേ ഇഎംഎസിനെക്കുറിച്ച് ഒന്നും പിന്നീട് പറഞ്ഞിട്ടില്ല. അതിന്റെ അര്‍ത്ഥം ആ പേര് അദ്ദേഹം തന്റെ ആശയാദര്‍ശങ്ങളില്‍ നിന്ന് അന്നേ ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നു തന്നെയാണെന്നും പ്രൊഫ. ശശിധരന് ചൂണ്ടിക്കാട്ടി. തപസ്യ കലാസാഹിത്യവേദി സംഘടിപ്പിച്ച അക്കിത്തം അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാകവി നിഷ്കളങ്കനും നിരുപാധിക സ്നേഹം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിത്വവുമായിരുന്നു. ജീവിതത്തിലും കവിതയും കവിയും രണ്ടായിരുന്നില്ല. മറ്റുള്ളവരുടെ കഷ്ടതയും ദുരിതവും കണ്ടാല്‍ പിന്നെ അക്കിത്തത്തിന് പരിഭ്രമമാണ്. വി.ടിയും ഇടശ്ശേരിയും സംശയമില്ലാത്ത നിലപാടുകള്‍ കൊണ്ട് തങ്ങളുടെ സര്‍ഗാത്മകതയെയും സാമൂഹ്യജീവിതത്തെയും സാധൂകരിച്ചപ്പോള്‍ അവരെ പിന്തുടര്ന്നിട്ടും അക്കിത്തം അനുകമ്പയാല്‍ പരിഭ്രമിച്ചിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും പ്രൊഫ. ശശിധരന് ചൂണ്ടിക്കാട്ടി.
ആത്മബന്ധമാണ് അക്കിത്തത്തിന്റെ വിടവാങ്ങലിലൂടെ അഴിഞ്ഞുവീണതെന്ന് തപസ്യ രക്ഷാധികാരി എം.എ. കൃഷ്ണന് അനുസ്മരിച്ചു. ആര്‍എസ്എസ് കാര്യാലയത്തില്‍ വരാനും ഒപ്പം കൂടാനും അദ്ദേഹം മടികാട്ടിയില്ല. അവസാനകാലം വരെയും സംവദിച്ചു. എന്തിനും അഭിപ്രായമാരാഞ്ഞു. ഇനി അതുണ്ടാവില്ലെന്നത് വലിയ നഷ്ടബോധമാണ് ഉണര്‍ത്തുന്നതെന്ന് എം.എ. കൃഷ്ണന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: