ഉപ്പില്ലാത്ത കറിയില്ല എന്ന് പറയാറില്ലെ. അതുപോലെയാണിപ്പോള്‍ കേരളാ കോണ്‍ഗ്രസ്. ഇംഗ്ലീഷ് അക്ഷരങ്ങളെ കവച്ചുവയ്ക്കുംവിധമായിരിക്കുന്നു കേരള കോണ്‍ഗ്രസുകളുടെ പെരുപ്പം. അഷ്ടിക്ക് വകയില്ലാത്ത കുടുംബത്തില്‍ പെറ്റുപെരുകിയാല്‍ അന്നംതേടി അലയേണ്ടിവരും. അതുപോലെ വിവിധ കേരളാ കോണ്‍ഗ്രസുകാര്‍ പല മുന്നണികളിലായി സ്ഥാനംപിടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്നുവന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനമാണ് നിശ്ചയിക്കപ്പെടാനുള്ളത്. പാലാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തട്ടിനില്‍ക്കുന്ന ഇടതുമുന്നണി പ്രവേശം എന്താകുമെന്ന് അറിയാനിരിക്കുന്നേയുള്ളൂ.
കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം. ഇക്കാര്യത്തില്‍ സിപിഎമ്മോ ഇടതുപക്ഷമുന്നണിയോ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫില്‍ തര്‍ക്കമില്ല. ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മറുപടി നല്‍കുമെന്നുമാണ് സിപിഎം പറയുന്നത്.
ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ സിപിഐ തുറന്ന പോരിന് ഒരുങ്ങുന്നത് വെറും അടവാണെന്നതില്‍ സംശയമില്ല. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതകളുണ്ടെന്നും അതിന് തുരങ്കം വയ്ക്കരുതെന്നുമാണ് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന് പറയുന്നത്. ജോസ് പക്ഷത്തിന് ശക്തിയുണ്ടെന്ന് സിപിഎം സെക്രട്ടറി കോടിയേരി നേരത്തെ പറഞ്ഞതാണ്. കടല്‍ വെള്ളം ബക്കറ്റില്‍ ശേഖരിച്ചാല്‍ തിരയുണ്ടാകില്ലെന്ന് അന്ന് കാനം പ്രതികരിച്ചിരുന്നു. എന്നാല്‍ ജോസഫിന്റെ മുന്നണി പ്രവേശനം ഘടകകക്ഷികള്‍ക്കിടയില്‍ പ്രശ്നമാകുമ്പോള് ബക്കറ്റിലെ വെള്ളത്തിനും തിരയോ എന്ന ചോദ്യമാണ് ഉയരുന്നത്.
ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ട. സംസ്ഥാനത്ത് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം മൂന്ന് മുന്നണിയുമായി വിലപേശുന്ന പാര്‍ട്ടിയാണ്. വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടതെന്നും കാനം പറയുന്നു.
പാലാ സീറ്റ് എല്‍ഡിഎഫ് ജോസ് കെ. മാണി വിഭാഗത്തിന് നല്കിയാല് മാണി സി കാപ്പന് യുഡിഎഫിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് നേതൃത്വവുമായി മാണി സി. കാപ്പന് അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി. എന്‍സിപി ദേശീയ നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും മാണി സി. കാപ്പന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടത്രെ.
ജോസ് കെ. മാണി വിഭാഗത്തിനും എന്‍സിപിക്കും പാല വൈകാരിക വിഷയമാണ്. എല്‍ഡിഎഫിലെത്തുന്ന ജോസ് കെ. മാണി പക്ഷത്തിന് പാലാ സീറ്റ് നല്കിയാല് മാണി സി. കാപ്പന് ഇടയും. അത് നിര്‍ണായകമായ മുന്നണിമാറ്റത്തിന് വഴിവെക്കും. എന്‍സിപി ഒന്നാകെയോ പാര്‍ട്ടിയെ പിളര്‍ത്തിയോ യുഡിഎഫിന്റെ ഭാഗമാകാനാണ് കാപ്പന്റെ നീക്കം.
കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വവുമായി മാണി സി. കാപ്പന് സംസാരിച്ചു. പിന്നീട് സംസ്ഥാന നേതാക്കളുമായി നേരിട്ടും ഫോണിലൂടെയും ചര്‍ച്ചകള്‍ നടത്തി. മാണി സി. കാപ്പന് വരുന്നതിനോട് യു.ഡി.എഫിന് എതില്‍പ്പില്ല. ജോസ് കെ. മാണിക്കു വേണ്ടി സി.പി.എം. മാണി സി. കാപ്പനെ തഴയുന്നത് കാപ്പന് അനുകൂല സാഹചര്യം ഉണ്ടാക്കുമെന്ന് യുഡിഎഫ് വിലയിരുത്തുന്നുണ്ട്.
എന്‍സിപിയുടെ രണ്ട് എംഎല്.എമാരില്‍ എ.കെ. ശശീന്ദ്രന് യുഡിഎഫ് ബന്ധത്തിന് തയ്യാറാകില്ല. അങ്ങനെയെങ്കില്‍ പാലയെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പിന്റെ സാഹചര്യം ഉണ്ടാകും. പാല മാണി സാറിന് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണ്; പാല വിട്ടുനല്‍കില്ല; കേരളാ കോണ്‍ഗ്രസിന് എല്‍ഡിഎഫിലേക്ക് സ്വാഗതം; മാണി സി. കാപ്പന് പാല: ആകെ കുഴയുകയാണ് ഇടതുമുന്നണി.
യുഡിഎഫിന്റെ ഭാഗമായി ഇത്രകാലം പ്രവര്‍ത്തിച്ചിട്ടും മാന്യമായ സമീപനമല്ല കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായതെന്ന പൊതുവികാരമാണ് നേതാക്കള്‍ കഴിഞ്ഞ നേതൃയോഗത്തിലും പങ്കുവെച്ചത്. മടങ്ങിപ്പോകുന്നത് അതുകൊണ്ടുതന്നെ അജന്‍ഡയിലില്ല. ഇടതുമുന്നണി കണ്‍വീനറുമായി പലവട്ടം ചര്‍ച്ച നടത്തി.
ജോസ് കെ. മാണി വന്നതുകൊണ്ട് മധ്യ കേരളത്തില്‍ കാര്യമായ നേട്ടമുണ്ടാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വിലയിരുത്തിയിട്ടുണ്ട്. സിപിഐ മത്സരിക്കുന്ന ഒരു സീറ്റ് പോലും വിട്ടു കൊടുക്കില്ലെന്നും പറയുന്നു. ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനം അവസാനഘട്ടത്തിലെത്തി നില്‍ക്കെ സിപിഐ നേതൃത്വം അതൃപ്തി പരസ്യമാക്കിയത് തലവേദനയാകും.
എന്നാലും സിപിഎം തീരുമാനിച്ചാല്‍ മറിച്ചൊരു നിലപാട് പറയാനുള്ള ശേഷി സിപിഐയ്ക്കുണ്ടാവില്ല. പഞ്ചായത്തില്‍ കൂടുതല്‍ സീറ്റ് ഉറപ്പിക്കാന്‍ നേതൃത്വത്തിന്റെ വാശിക്കപ്പുറം ഒന്നും സംഭവിക്കില്ലെന്ന് തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: