മുംബൈ: കേബിള്‍, വയര്‍ ബിസിനസിലേക്ക് അദാനി ഗ്രൂപ്പ് കടന്നുവരുന്നു. അദാനിയുടെ ഉടമസ്ഥതയിലുള്ള കച്ച് കോപ്പര്‍ ലിമിറ്റഡ് എന്ന ചെമ്പ് നിര്‍മ്മാണ കമ്പനിയ്ക്കും പ്രണീത വെഞ്ച്വേഴ്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിയ്ക്കും 50 ശതമാനം വീതം ഓഹരി പങ്കാളിത്തത്തോടെ സൃഷ്ടിച്ച പുതിയ കമ്പനിയായ പ്രണീത ഇക്കോകേബിള്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലായിരിക്കും അദാനി ഗ്രൂപ്പ് കേബിള്‍, വയര്‍ നിര്‍മ്മാണത്തിലേക്കും വിപണനത്തിലേക്കും കടന്നുവരിക.
മാര്‍ച്ച് 19നാണ് പുതിയ കമ്പനിയായ പ്രണീത ഇക്കോകേബിള്‍സ് നിലവില്‍ വന്നത്. ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹനിര്മ്മാണത്തിന് പുറമെ കേബിള്‍, വയര്‍ നിര്‍മ്മാണവും വിപണനവും കൂടി നടത്തും. പത്ത് ലക്ഷം രൂപയാണ് പ്രണീത ഇക്കോകേബിള്‍സ് ലിമിറ്റഡിന്റെ അടച്ചുതീര്‍ത്ത മൂലധനം. പത്ത് രൂപ മുഖവിലയുള്ള ഒരു ലക്ഷം ഓഹരികളാണ് ഈ കമ്പനിക്കുള്ളത്.
ഇതോടെ കച്ച് കേബിള്‍സ് എന്ന കമ്പനി ലോഹനിര്‍മ്മാണം, കേബിള്‍, വയര്‍ നിര്‍മ്മാണം എന്നീ രംഗത്ത് ശക്തിപ്രാപിയ്ക്കും. അദാനി ഗ്രൂപ്പ് അവര്‍ക്ക് ചെമ്പ് നിര്‍മ്മാണരംഗത്തുള്ള ആധിപത്യം കേബിള്‍, വയര്‍ നിര്‍മ്മാണത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. കേബിളിന്റെയും വയറിന്റെയും നിര്‍മ്മാണത്തിലെ അവിഭാജ്യഘടകമാണ് ചെമ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: