അട്ടപ്പാടിയുടെ മനസ്സ് മാറുകയാണ്. തങ്ങള്‍ക്ക് ബാധിച്ചിരിക്കുന്നത് രോഗമാണെന്ന് പോലും മനസ്സിലാക്കാതെ, ചികിത്സ തേടാതെ, കോളനികളില്‍ ജീവിതം കഴിച്ച് കൂട്ടുന്നവര്‍ മാനസികാരോഗ്യ ചികിത്സയുടെ ഭാഗമാകുന്നു. കൃത്യമായി മരുന്ന് കഴിക്കുന്നു. രോഗം ഭേദമായവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നു. പലകാരണങ്ങളാല്‍ മനസിന്റെ താളം തെറ്റിയവര്‍ ഇവിടെ ഏറെയാണ്. വിശപ്പ് സഹിക്കാതെ വന്നപ്പോള്‍ ഭക്ഷണം കട്ടെടുത്തുവെന്നായിരുന്നു അട്ടപ്പാടി ചിണ്ടക്കിയൂരിലെ മധുവെന്ന യുവാവിനെ അടിച്ചുകൊല്ലാന്‍ ചിലര്‍ കണ്ടെത്തിയ കുറ്റം. 2017 ഫെബ്രുവരി 22നാണ് കള്ളനെന്ന് പറഞ്ഞ് പാ
വത്തെ കൊന്നത്.മധുവിനെ പോലെ മാനസിക നില തെറ്റിയ നിരവധിപേര്‍ അട്ടപ്പാടിയിലെ ഊരുകളിലുണ്ടായിരുന്നു. നാടെന്നോ വീടെന്നോ അറിയാതെ, റോഡരികിലും, വനങ്ങളിലും കഴിച്ചുകൂട്ടുന്നവര്‍. മദ്യവും കഞ്ചാവും പോഷകാഹാരക്കുറവുമൊക്കെയാണ് ഇവരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടത് മികച്ച ചികിത്സയും പരിചരണവും സമൂഹത്തിന്റെ പിന്തുണയുമുണ്ടെങ്കില്‍ അവരെ തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെങ്കിലും സമഗ്രമായ പദ്ധതിയുടെ അഭാവമായിരുന്നു അട്ടപ്പാടിയെ അലട്ടിയത്. സന്നദ്ധ സംഘടനകളുടെയും സര്‍ക്കാറിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അട്ടപ്പാടിയുടെ താളം തെറ്റിയ മനസ്സ് മാറുകയാണ്. ഇതിന് കഴിഞ്ഞ പത്ത് വര്‍ഷമായി ചുക്കാന്‍ പിടിക്കുന്നത് അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനും .
ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാവുന്ന അപകടത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍.
സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ നടത്തിവരുന്ന സാമൂഹ്യ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി 2010 ല്‍ നടത്തിയ ആരോഗ്യ സര്‍വ്വേ ഞെട്ടിപ്പിക്കുന്നതായിരുന്നു. വനവാസികള്‍ ഉള്‍പ്പെടെ 283 രോഗികള്‍ക്ക് ഗുരുതരമായ മാനസികരോഗങ്ങള്‍ ഉള്ളതായി കണ്ടെത്തി. ഇതില്‍ സത്രീകളും, യുവക്കാളും ഉള്‍പ്പെടും. ഇതില്‍ 174 പേര്‍ ഒരുവിധ ചികിത്സയും ലഭിക്കാത്തവരായിരുന്നു എന്നതാണ് ആരോഗ്യ പ്രവര്‍ത്തകരെ ഞെട്ടിച്ചത്. ചികിത്സ ആരംഭിച്ചവരില്‍ 70 ശതമാനം പേരും മരുന്ന് വാങ്ങാന്‍ കഴിയാത്തത് കൊണ്ടും, മാനസിക രോഗവിദഗ്ധരെ കാണുന്നതിന് വിദൂരസ്ഥലങ്ങളിലേക്ക് പോകേണ്ടതിനാല്‍ ചികിത്സ മുടക്കിയവരായിരുന്നു. തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പോകാന്‍ സാമ്പത്തിക പ്രശ്നമുള്ളവര്‍ പാതിവഴിയില്‍ ചികിത്സ അവസാനിപ്പിച്ചു. പ്രകടമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരാണ് ഇവരിലേറെയും. ഇവിടെയാണ് വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാവുന്നത്.
2009-ലാണ് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ട്രസ്റ്റ് സാമൂഹ്യമാനസികാരോഗ്യ പദ്ധതി ആരംഭിച്ചത്. പ്രാഥമിക ആരോഗ്യരംഗത്തു തന്നെ മാനസികാരോഗ്യ ചികിത്സ ഉറപ്പുവരുത്തുന്ന നൂതനമായ ഒരു മാതൃകയാണ് മെഡിക്കല്‍ മിഷന്‍ തെരഞ്ഞെടുത്ത്. ഇതിലൂടെ സമഗ്രമായ മാറ്റമാണ് അട്ടപ്പാടിയില്‍ ഉണ്ടാകുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം തലവന്‍ ഡോ. കെ.എസ് ഷാജിയുടെ വിദഗ്ധ ഉപദേശത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഈവര്‍ഷത്തെ മുദ്രാവാക്യമായിരുന്നു പത്ത് വര്‍ഷം മുമ്പ നടപ്പിലാക്കുകയായിരുന്നു മെഡിക്കല്‍ മിഷന്‍. ഗുരുതരമായ മാനസികരോഗങ്ങള്‍ കൂടാതെ വിഷാദരോഗം, ഉത്കണ്ഠാ രോഗം തുടങ്ങിയ ബാഹ്യലക്ഷണങ്ങളില്ലാത്ത രോഗങ്ങളുള്ളവരും സാധാരണ മെഡിക്കല്‍ ഒപിയില്‍ ചികിത്സക്ക് എത്തി. സൗജന്യമായി മരുന്നുകള്‍ ലഭിച്ചതോടെ തുടര്‍ ചികിത്സയും ഉറപ്പാക്കാന്‍ കഴിഞ്ഞു.
കൊച്ചിയിലെ ഡോ. ചിത്ര വെങ്കിടേശ്വരന്‍ നേതൃത്വം കൊടുക്കുന്ന മെഹക് ഫൗണ്ടേഷന്റെ ഇടപെടല്‍ ഏറെ സഹായകരമായി. ഡോക്ടര്‍മാരടക്കമുള്ളവര്‍ രോഗികളെ തേടി കോളനികളിലെത്തി. സങ്കീര്‍ണ്ണമായ മാനസികരോഗങ്ങള്‍ക്ക് വിധേയരായവര്‍ ചികിത്സയുടെ വഴിയിലായി. വിരലിലെണ്ണാവുന്ന രോഗികള്‍ മാനസികരോഗങ്ങളെ തുടര്‍ന്ന് ആത്മഹത്യയക്കും അപ്രതീക്ഷിത മരണങ്ങള്‍ക്കും കീഴ്പ്പെട്ടുവെങ്കിലും നൂറിലധികം രോഗികള്‍ ഇന്ന് സാധാരണ ജീവിതത്തിലേയ്‌ക്ക് തിരിച്ചു വന്നുകഴിഞ്ഞു. അമ്പതോളം രോഗികള്‍ക്ക് മരുന്ന് ആവശ്യമില്ലാത്ത അവസ്ഥവരെ എത്തി.
അട്ടപ്പാടിയിലെ വനവാസികള്‍ക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്ന് പറയുന്ന സര്‍ക്കാരും, സംവിധാനങ്ങളും വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ പ്രവര്‍ത്തനങ്ങളാണ് മാതൃകയാക്കേണ്ടത്. കൃത്യമായ ചികിത്സയും മരുന്നും പരിചരണവും ലഭിച്ചതോടെ പുതിയൊരു ജീവിതത്തിലേക്കാണ് അവര്‍ കാലെടുത്തുവച്ചത്.
അട്ടപ്പാടിവനവാസി ഊരുകളിലെ മാനസികരോഗികള്‍ക്ക് ചികിത്സലഭിക്കുന്നതില്‍ വര്‍ധനവുണ്ടായി എന്നതാണ് 2020 ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്.
സര്‍വ്വേയില്‍ ആകെ കണ്ടെത്തിയ 323 രോഗികളില്‍ 79 പേരാണ് ചികിത്സ തീരെ ലഭിക്കാത്തവരായിട്ടുള്ളത്. മറ്റുള്ള രോഗികള്‍ക്ക് സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി,കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, അഗളി സാമൂഹ്യ ആരോഗ്യകേന്ദ്രം, കാരുണ്യാശ്രമം തുടങ്ങിയ കേന്ദ്രങ്ങളില്‍ ചികിത്സ നല്‍കുന്നുണ്ട്.
കൊറോണ കാലഘട്ടത്തിലും മരുന്നുകള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കികൊണ്ട് മാനസികരോഗികളുടെ സ്വാസ്ഥ്യമുറപ്പിക്കാന്‍ മെഡിക്കല്‍ മിഷന് കഴിഞ്ഞു. സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാനസികാരോഗ്യത്തെകുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.
സമൂഹത്തില്‍ മാനസികരോഗങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകള്‍ തിരുത്താനും രോഗമുണ്ടാവുന്ന സമയത്ത് ചികിത്സ ഉറപ്പുവരുത്താനും ബോധവല്‍കരണ പരിപാടികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മാനസികരോഗ്യപരിപാടിയുടെ തുടര്‍ച്ചയായി മദ്യവിമുക്തി ചികിത്സയും സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി നടത്തിവരുന്നു.
















