ന്യൂയോര്‍ക്ക്: ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി സെറീന വില്യംസ് ഇനിയും കാത്തിരിക്കണം. യുഎസ് ഓപ്പണ്‍ സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയ അസരങ്കയാണ് സെറീനയുടെ പ്രതീക്ഷ തകര്‍ത്തത്. ഇരുപത്തിനാലാം കിരീടം ലക്ഷ്യമിട്ട് കുതിച്ചുമുന്നേറിയ സെറീനയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അസരങ്ക തകര്‍ത്തുവിട്ടു. സ്കോര്‍: 1-6,6-3,6-3.
കിരീടത്തിനായുള്ള പോരാട്ടത്തില്‍ അസരങ്ക 2018ലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയെ നേരിടും. ജാപ്പനീസ് താരമായ ഒസാക്ക സെമിയില്‍ 28-ാം സീഡായ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചു. സ്കോര്‍: 7-6(1), 3-6,6-3.
യുഎസ് ഓപ്പണിന് മുന്നോടിയായി നടന്ന വെസ്റ്റേണ്‍ ആന്‍ഡ് സതേണ്‍ ഓപ്പണിന്റെ ഫൈനലില്‍ ഒസാക്കയും അസരങ്കയും ഏറ്റുമുട്ടേണ്ടതായിരുന്നു. പക്ഷെ പരിക്കേറ്റ ഒസാക്ക ഫൈനലില്‍ നിന്ന് പിന്മാറി.
രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള അസരങ്ക, സെറീനക്കെതിരെ ശക്തമായി പോരാട്ടമാണ് കാഴ്ചവച്ചത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അവസാന രണ്ട് സെറ്റുകളില്‍ പൊരുതിക്കയറി ഫൈനലിലേക്ക് കടന്നു. ഏഴു വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് അസരങ്ക ഒരു വമ്പന്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്.
നാലാം സീഡായ ഒസാക്കയും സെമിയില്‍ ബ്രാഡിക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ആദ്യ സെറ്റ് ട്രൈബ്രേക്കറില്‍ നേടി. എന്നാല്‍ രണ്ടാം സെറ്റ് ബ്രാഡി പിടിച്ചെടുത്തു. ശക്തമായ തിരിച്ചുവരവിലൂടെ മൂന്നാം സെറ്റും നേടി ഒസാക്ക ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ഇത് രണ്ടാം തവണയാണ് ഒസാക്ക യുഎസ് ഓപ്പണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്.
ക്രൊയേഷ്യയുടെ മേറ്റ് പവിക്കും ബ്രസീലിന്റെ ബ്രൂണോ സോറസും ചേര്‍ന്ന സഖ്യം പുരുഷന്മാരുടെ ഡബിള്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ അവര്‍ എട്ടാം സീഡായ വെസ്ലി- നിക്കോള മെറ്റിക് ടീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-5, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: