തൃശൂര്‍: കൊടകര മൂന്ന്മുറിയിലെ മൊബൈല്‍ ഷോപ്പില്‍ പൂട്ട് പൊളിച്ച് അകത്ത് കയറി പണവും മൊബൈല്‍ ഫോണും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ച പ്രതി പിടിയില്‍. മറ്റത്തൂര്‍ ഒമ്പതുങ്ങല്‍ മംഗലത്ത് വീട് മണി എന്ന മണികുട്ടന്(41) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ മൂന്ന്മുറിയിലെ പാലക്കതടത്തില്‍ ബിനുവിന്റെ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. മൊബൈല്‍ ഷോപ്പുകളിലുണ്ടായിട്ടുള്ള മോഷണങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
2018, 2019 വര്‍ഷങ്ങളില്‍ മറ്റത്തൂര്‍, കോടശ്ശേരി, വെള്ളികുളങ്ങര വില്ലേജ് ഓഫീസുകള്‍ കുത്തിത്തുറന്ന് നികുതി റസീറ്റുകളും പണവും ലാപ് ടോപ്പുകളും മോഷ്ടിച്ചതിന് ഇയാളുടെ പേരില്‍ അഞ്ചോളം കേസ്സുകള്‍ വെള്ളികുളങ്ങര പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. പോക്സോ കേസിലും ഇയാള്‍ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ വെള്ളികുളങ്ങര പ്രിന്‍സിപ്പിള്‍ എസ്.ഐ. പി.ആര്.ഡേവീസ് , എ.എസ്.ഐ മാരായ കൃഷ്ണനുണ്ണി, പ്രദീപ്കുമാര്‍, അജികുമാര്‍,സി.പി.ഒ സമീഷ്,ഹോം ഗാര്‍ഡ് പ്രദീപ് എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: