അടിമാലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവിനെതിരെ പോലീസ് കേസെടുത്തു. പതിനാറുകാരിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശിയായ രഞ്ജിത്തിന് (30) എതിരെ വെള്ളത്തൂവല്‍ പോലീസ് ആണ് കേസെടുത്തത്.
തൊടുപുഴ കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിനിയായ പതിനാറുകാരിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍ തിങ്കളാഴ്‌ച്ചയാണ് വിവാഹം നടത്തിയത്. സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ ജില്ലാ ശിശുക്ഷേമ സമിതിയാണ് പരാതി നല്‍കിയത്. ഈ പരാതിയിന്മേലാണ് യുവാവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടിയെ ശിശു ക്ഷേമപ്രവര്‍ത്തകര്‍ ചെങ്കുളം മേഴ്സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരെയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും ഇന്ന് കേസെടുക്കുമെന്ന് വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.
















