തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ് സ്കൂള്‍ മാനേജര്‍ നടപ്പിലാക്കാത്തത് തികച്ചും ഖേദകരമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഉത്തരവ് മാനേജര്‍ നടപ്പിലാക്കാത്ത സാഹചര്യത്തില്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ എത്രയും വേഗം നടപടി സ്വീകരിച്ച് പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
16 വര്‍ഷമായി എല്‍എംഎസ് മാനേജ്മെന്റിന് കീഴിലുള്ള സ്കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപികയെ അടിക്കടി സ്ഥലം മാറ്റിയും ശമ്പളം നല്‍കാതെയും പീഡിപ്പിക്കുന്നതിനെതിരെ അധ്യാപികയായ എസ്. ഷീബ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
2019 മുതലാണ് അധ്യാപികയ്ക്ക് ശമ്പളം ലഭിക്കാത്തതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപികയെ വ്യവസ്ഥാപിത തസ്തികയില്‍ നിയമിക്കാന്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരാതിക്കാരിക്ക് അനുയോജ്യമായ സ്കൂളില്‍ നിയമനം നല്‍കണമെന്നും നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 മാര്‍ച്ച് 12 നാണ് ഡയറക്ടര്‍ ജനറല്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ നിര്‍ദേശങ്ങള്‍ മാനേജര്‍ അംഗീകരിച്ചിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു. ജോലി ചെയ്ത കാലത്തെ ശമ്പളം കൊടുക്കാതിരിക്കുന്നത് നീതികരിക്കാനാവില്ലെന്നും അത് മനുഷ്യാവകാശ ലംഘനമാണെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: