ന്യൂദല്‍ഹി: മണിപ്പൂരിലെ ബിജെപി സര്‍ക്കാരിന് ഭീഷണി ഒഴിവാകുന്നു. സഖ്യകക്ഷിയായ എന്‍പിപിയിലെ നാലംഗങ്ങളെ ദല്‍ഹിയിലെത്തിച്ച് നടത്തിയ സമവായ ചര്‍ച്ച ഫലം കണ്ടിട്ടുണ്ട്. പ്രശ്നങ്ങള്‍ക്കിടയിലും മണിപ്പൂരില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ ബിജെപി വിജയം കണ്ടിരുന്നു.
ചില ബിജെപി എംഎല്‍എമാരും എന്‍പിപി എംഎല്‍എമാരും മുഖ്യമന്ത്രി ബിരേന്‍ സിങ്ങിനെതിരെ രംഗത്തെത്തിയതോടെയാണ് സര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തത്. എന്നാല്‍ സംസ്ഥാന ഭരണം നഷ്ടപ്പെടാതിരിക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രാംമാധവും വടക്കുകിഴക്കന്‍ എന്‍ഡിഎ കണ്‍വീനറായ അസം മന്ത്രി ഹേമന്ത് ബിശ്വശര്‍മ്മയും നീക്കങ്ങളുമായി രംഗത്തെത്തിയതോടെയാണ് പ്രതിസന്ധി ഒഴിവായിത്തുടങ്ങിയത്.
അതിനിടെ, ബിജെപി, എന്‍പിപി അംഗങ്ങളെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാനിറങ്ങിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഒക്രം ഇബോബി സിങ്ങിനെതിരെ 332 കോടി രൂപയുടെ അഴിമതിക്കേസില്‍ സിബിഐ നടപടികള്‍ ശക്തമാക്കിയത് കോണ്‍ഗ്രസിന് തിരിച്ചടിയായി. മുന്‍ മുഖ്യമന്ത്രിയെ സിബിഐ സംഘം മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. മണിപ്പൂര്‍ സര്‍ക്കാര്‍ അഴിമതിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ദല്‍ഹിയില്‍ നിന്ന് ഹൈക്കമാന്‍ഡ് അയച്ച അജയ് മാക്കനടക്കമുള്ള നേതാക്കളെ മണിപ്പൂര്‍ സര്‍ക്കാര്‍ രണ്ടാഴ്ച ക്വാറന്റൈനിലേക്ക് മാറ്റി. ഇതേ തുടര്‍ന്ന് നേതാക്കള്‍ക്ക് ഇതുവരെ കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാന്‍ പോലും സാധിച്ചിട്ടില്ല.
അഞ്ച് ആര്‍ജെഡി എംഎല്‍സിമാര്‍ ജെഡിയുവില്‍
പാട്ന: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രതിപക്ഷമായ ആര്‍ജെഡിയില്‍ വലിയ പ്രതിസന്ധി. ആര്‍ജെഡിയുടെ എംഎല്‍സിമാരായ അഞ്ചു പേര് കഴിഞ്ഞ ദിവസം ഭരണകക്ഷിയായ ജെഡിയുവില്‍ ചേര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. ആര്‍ജെഡി ദേശീയ ഉപാധ്യക്ഷന്‍ രഘുവംശ് പ്രസാദ് സിങ് പാര്‍ട്ടിസ്ഥാനങ്ങള്‍ രാജിവച്ച് ജെഡിയുവില്‍ ചേര്‍ന്നതും ലാലുപ്രസാദിന്റെ പാര്‍ട്ടിക്ക് തിരിച്ചടിയായി.
എംഎല്സിമാര്ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കവും പൊളിഞ്ഞു. അഞ്ചുപേരും ഒരുമിച്ച് പാര്‍ട്ടി വിട്ടതിനാല്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള സംരക്ഷണം ഇവര്ക്കുറപ്പാണെന്ന് ബീഹാര്‍ നിയമസഭാ ആക്ടിങ് ചെയര്‍പേഴ്സണ്‍ അവ്ധേശ് നാരായന് സിങ് പറഞ്ഞു. ആര്‍ജെഡിക്ക് നിയമസഭയില്‍ എട്ട് എംഎല്സിമാരാണുള്ളത്. അഞ്ചു പേര് പാര്‍ട്ടി വിട്ടതോടെ റാബ്റി ദേവി അടക്കം മൂന്നുപേരായി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: