കൊച്ചി: ലോക്സഭയിലും രാജ്യസഭയിലും വഖഫ് നിയമ ഭേദഗതി പാസായതിന് പിന്നാലെ മുനമ്പത്തെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് വന്‍സ്വീകരണം. മുനമ്പത്തെ ജനങ്ങള്‍ ഒന്നടങ്കം ബിജെപി പ്രസിഡന്റിനെയും മറ്റു നേതാക്കളെയും ആനയിച്ചു. അമ്പതോളം മുനമ്പം നിവാസികള്‍ ബിജെപി അംഗത്വവും സ്വീകരിച്ചു.
മുനമ്പം സമരപ്പന്തലിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റിന് വലിയ സ്വീകരണമാണ് ലഭിച്ചത്. സമരസമിതി നേതാക്കളും ഫാ. ആന്റണി സേവ്യറും രാജീവ് ചന്ദ്രശേഖറിന് മധുരം കൈമാറി. തുടര്‍ന്ന് നിരന്തര പോരാട്ടം നടത്തിയ സമരസമിതിയെ ബിജെപി പ്രഡിഡന്റ് അഭിനന്ദിക്കുകയും മുനമ്പം ജനത നടത്തിയ സമരമാണ് ദേശീയശ്രദ്ധയിലേക്ക് വിഷയം എത്താന്‍ കാരണമെന്ന് പറയുകയും ചെയ്തു. മറ്റു ജനപ്രതിനിധികള്‍ എല്ലാവരും കൈവിട്ടപ്പോളും മുനമ്പത്തെ ജനങ്ങള്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ചു. മുഴുവന്‍ റവന്യൂ അവകാശങ്ങളും തിരികെ ലഭിക്കും വരെ മുനമ്പം ജനതയ്ക്കൊപ്പം ബിജെപി നിലകൊള്ളുമെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ കൃഷ്ണദാസ്, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി നേതാവ് അഡ്വ. ഷോണ്‍ ജോര്‍ജ്ജ് തുടങ്ങിയ നേതാക്കള്‍ മുനമ്പത്തെത്തി. മുനമ്പത്തുനിന്നും കൂടുതല്‍ പേര് ബിജെപിയുടെ ഭാഗമായി മാറുമെന്നും സമരസമിതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് സംസാരിക്കാന്‍ അവസരമൊരുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: