ക്ഷേത്രങ്ങള്‍ ആരാധനാകേന്ദ്രങ്ങളാണ്. എന്നാല്‍ അതിലുപരിയായി ദേവാലയങ്ങളാണ്. വ്യത്യസ്ത ഗുണഭേദങ്ങളോടു കൂടിയ ദേവതാ വിശേഷങ്ങള്‍ തീര്‍ത്തും സകളീകൃതമായ ഭാവത്തില്‍ വിശിഷ്ടമന്ത്ര സഹായത്താല്‍ പ്രതിഷ്ഠിച്ച് ആരാധിച്ച്, ഉപാസിക്കപ്പെടുന്ന ശക്തികേന്ദ്രങ്ങളാണ്. നിത്യപൂജകള്‍, ആരാധനാക്രമങ്ങള്‍ എല്ലാം ക്ഷേത്രങ്ങളില്‍ മുടങ്ങാതെ നടക്കണം.
എല്ലാ ക്ഷേത്രങ്ങളിലും അതതു ക്ഷേത്രങ്ങളിലെ പൂജകന്മാര് ഒരു മുടക്കവും വരുത്താതെ ഈ ലോക്ഡൗണ്‍ സാഹചര്യത്തിലും പൂജിച്ചിട്ടുണ്ട്. അതാണ് ഏറ്റവും പ്രധാനം. ഒാരോ ഭക്തനും ചിന്തിക്കേണ്ടത് ദേവാലയം പൂജ മുടങ്ങാതെ നിലനില്‍ക്കുന്നുവല്ലോ, അത് ശ്രേഷ്ഠമാണ് എന്നാണ്. അവിടെ താന്‍ പോയി ദര്‍ശിക്കുക എന്നത് രണ്ടാമതാണ്. സമൂഹത്തിന്റെ ശക്തി കേന്ദ്രങ്ങളായ ക്ഷേത്രങ്ങളില്‍ അവിടത്തെ ആരാധനാക്രമങ്ങള്‍ മുടങ്ങാതെ നിലനില്‍ക്കുന്നുവെന്നത് സന്തോഷകരമാണ്. അതാണ് ഭക്തന് ചിന്തിക്കേണ്ടത്. തുടര്‍ന്നാണ്, പോയി ആരാധിക്കുക എന്നുള്ളത് വരുന്നത്. അതിന് സര്‍ക്കാര്‍ മുന്നോട്ടു വച്ച എല്ലാ മാനദണ്ഡങ്ങളും നമ്മള് പാലിക്കണം. അവിടെ വിഗ്രഹത്തെ സ്പര്‍ശിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ കേരളത്തെ സംബന്ധിച്ച് പ്രസക്തമല്ല. കാരണം കേരളീയ സമ്പ്രദായമനുസരിച്ച് ക്ഷേത്രത്തില്‍ പോകുന്ന ദര്ശകന്മാര് ദേവതാവിഗ്രഹങ്ങളെ സ്പര്‍ശിക്കാറില്ല. എന്നാല്‍ ക്ഷേത്രാരാധനാ ക്രമത്തില്‍ പ്രസാദം സ്വീകരിക്കുക തുടങ്ങിയവ നിര്‍ബന്ധമാണ്. അത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാകാം. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ടതും പരിഹരിക്കാവുന്നതുമാണ്. ക്ഷേത്രങ്ങളില്‍ വേണ്ടതു പോലെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള സംവിധാനമുണ്ടോ, തീര്‍ത്തും സാമൂഹികാകലം പാലിച്ച് ഭക്തന്മാരെ പ്രവേശിപ്പിക്കാനുള്ള സംവിധാനം എല്ലാ ക്ഷേത്രങ്ങളും ഒരുക്കുമോ എന്നതാണ് ഇവിടെ പ്രശ്നം. ഒരുക്കിയാല്‍ വിരോധമില്ല. തീര്‍ത്തും സാമൂഹികാകലം പാലിച്ച്, ആറടി എന്ന് നിര്‍ദേശിക്കപ്പെട്ടതിനേക്കാള്‍ ചുരുങ്ങിയത് രണ്ടു മീറ്ററെങ്കിലും അകലം പാലിച്ചുകൊണ്ടു മാത്രം ഭക്തര്‍ പ്രവേശിക്കുകയും പ്രദക്ഷിണം ചെയ്യുകയും, മറ്റ് സ്പര്‍ശങ്ങളൊന്നും ചെയ്യാതെ തിരികെ പോവുകയുമാണെങ്കില്‍ ഒരു വിരോധവുമില്ല. ക്ഷേത്രങ്ങളില്‍ പോവട്ടെ, ദര്‍ശിക്കട്ടെ. പക്ഷേ ദീര്‍ഘകാലം പോവാതിരുന്ന ഒരു സാഹചര്യത്തില്‍ പ്രവേശം ലഭിക്കുമ്പോള്‍ വൈകാരിക ഭാവത്തോടെ പ്രവേശിക്കുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യാതെ വന്നാല്‍ അതിന് നമ്മള് വലിയ വില നല്‍കേണ്ടി വരും. അതു കൊണ്ട് ക്ഷേത്രപ്രവര്‍ത്തകര്‍, തങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സാധിക്കുമോ എന്ന് ചിന്തിക്കണം. ദര്‍ശനത്തിന് പോകുന്ന ഭക്തര്‍ കര്‍ശനമായി തങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിക്കുമോ എന്നും ചിന്തിക്കണം. ഇതില്‍ രണ്ടിലും വീഴ്ച വന്നാല്‍ വലിയ കുഴപ്പങ്ങള്‍ വരും. ഇതോടൊപ്പം വളരെ പ്രസക്തമായൊരു ചിന്തകൂടി അവതരിപ്പിക്കട്ടെ. ക്ഷേത്രങ്ങളിലേക്ക് നമ്മള് ദര്‍ശനത്തിന് പോകുന്നു സാമൂഹിക അകലം പാലിക്കുന്നു എന്നു വയ്ക്കുക. പക്ഷേ കാരണവശാല്‍ ആ ക്ഷേത്രത്തില്‍ നിന്നായിക്കൊള്ളണമെന്നില്ല, മറ്റെവിടെ നിന്നെങ്കിലും നമുക്ക് കോവിഡ് ബാധിച്ച് നമ്മള് പോസിറ്റീവ് ആയാല്‍ നമ്മള് ഏതിലെയൊക്കെ സഞ്ചരിച്ചു, ആരൊക്കെയായി ഇടപഴകി എന്ന അന്വേഷണം വരും. അതിന്റെ പരിണാമമായി ക്ഷേത്രം അടയ്ക്കുന്ന സ്ഥിതി വിശേഷം വരെ വന്നേയ്ക്കാം.
തെളിയിക്കപ്പെട്ട രോഗത്തോടുകൂടിയ ആള് ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടെങ്കില്‍ നിലവിലുള്ള ‘എപിഡെമിക്’ നിയമമനുസരിച്ച് ക്ഷേത്രം പൂട്ടാന്‍ പറയേണ്ടി വരും. അത്തരമൊരു സാഹചര്യം വന്നാല്‍ ആവശ്യമായ പൂജ പോലും ദേവന് നിഷേധിക്കപ്പെടുന്ന സ്ഥിതി വരും. അത് ദോഷകരമാണ്. അതിനാല്‍ പറയാനുള്ളത,് സര്‍ക്കാര്‍ എടുത്തത് ഉചിതമായ തീരുമാനമാണ്. പോകണമെന്നല്ല സര്‍ക്കാര്‍ പറഞ്ഞത്, പോകാമെന്നാണ്. അത് ക്ഷേത്രാരാധകര്‍ മനസ്സിലാക്കുക. കര്‍ശന നിര്‍ദേശങ്ങള്‍ വ്യക്തിയും പാലിക്കുമെങ്കില്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതി. അല്ലാത്തവര്‍ ഭഗവാനെ മനസ്സില്പ്രാ ര്‍ഥിച്ച് വീട്ടില്‍ പൂജകള്‍ ചെയ്യുക. തീര്‍ത്തും സമാജത്തിന് ഒരു ദോഷവുമില്ലാതെ ക്ഷേത്ര ദര്‍ശനത്തിന് പറ്റുന്ന സാഹചര്യം വരും. അന്നു പോകുക. ഈ സമയത്ത് നമ്മളായിട്ട് അവിവേകം ചെയ്യാതിരിക്കുക. ക്ഷേത്രത്തില്‍ ഒരു ഭക്തന്‍പോലും വരാതിരുന്ന സാഹചര്യത്തിലും വളരെ ശ്രദ്ധയോടെ ഇത്രയും നാള് അവിടെ പൂജിച്ച് ആരാധന ചെയ്ത പൂജകന്, കാര്യങ്ങള്‍ നിര്‍വഹിച്ച കഴകക്കാര്‍ക്ക്, മറ്റ് അടിയന്തരക്കാര്‍ക്ക്, വേണ്ട സാഹചര്യങ്ങള്‍ ഒരുക്കാന്‍, ആദരിക്കപ്പെടാന് സമാജത്തിലെ അംഗമെന്ന രീതിയില്‍ നമുക്കോരുത്തര്‍ക്കും ചെയ്യാനുള്ളത് ചെയ്യാം. നമ്മള് ഹേതുവായി ക്ഷേത്രങ്ങള്‍ അടയ്ക്കുന്ന അവസ്ഥ വരരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: