ഇടുക്കി: ഇടുക്കി സംഭരണിയിലെ ജലശേഖരം ഒരു മാസത്തിനിടെ എട്ട് ശതമാനം കുറഞ്ഞു. മെയ് ദിനത്തില്‍ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 46% ആയിരുന്നു ജലശേഖരം. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഇത് 54% ആയിരുന്നു.
നിലവില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിച്ച് 987.256 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്
പാദിപ്പിക്കാനാകും. 0.538 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തിയപ്പോള്‍ 8.476 ദശലക്ഷം യൂണിറ്റ് ആയിരുന്നു ഉത്പാദനം. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇടുക്കിയില്‍ 34 ശതമാനം വെള്ളമായിരുന്നു അവശേഷിച്ചിരുന്നത്.
കഴിഞ്ഞ ജനുവരി 20നും ഫെബ്രുവരി ഒന്നിനും ആയി ഇടുക്കിയിലെ 2 ജനറേറ്ററുകളാണ് തകരാറിലായത്. നാളിത് വരെയും ഇവ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിച്ചിട്ടില്ല. ആകെ ആറ് ജനറേറ്ററുകളുള്ള ഇടുക്കിയില്‍ ഒരു ജനറേറ്റര്‍ വാര്‍ഷിക നവീകരണത്തിലുമാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് നിലച്ച ജനറേറ്ററുകളുടെ അറ്റകുറ്റപണി കഴിഞ്ഞവാരം വീണ്ടും ആരംഭിച്ചിട്ടുണ്ട്. 760 മെഗാവാട്ടാണ് മൊത്തം ഉത്പാദന ശേഷി.
അതേ സമയം ലോക്ക് ഡൗണ്‍ മൂലം ഉപഭോഗം കുറഞ്ഞതും ഇടുക്കിയില്‍ കൂടുതല്‍ വെള്ളം അവശേഷിക്കാന്‍ കാരണമായി. അടുത്തിടെ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ആഭ്യന്തര ഉത്പാദനം കൂട്ടിയത്. ശരാശരി 15 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു അത് വരെയുള്ള ഉത്പാദനം.
പുറമേ നിന്ന് കരാര്‍ പ്രകാരമുള്ള വൈദ്യുതി വാങ്ങിയില്ലെങ്കില്‍ പിഴയടക്കേണ്ടി വരും. ഇത്തരത്തില്‍ വൈദ്യുതി ഒഴുവാക്കി ആഭ്യന്തര ഉത്പാദനം കൂട്ടിയില്ലെങ്കില്‍ മഴക്കാലമെത്തുമ്പോള് സംഭരണികള്‍ വേഗം തുറക്കേണ്ടിയും വരും. ഇത് വലിയ നഷ്ടമാകും വകുപ്പിന് വരുത്തി വെയ്ക്കുക. നിലവില്‍ 22-25 ദശലക്ഷം യൂണിറ്റ് വരെയാണ് ആഭ്യന്തര ഉത്പാദനം. ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ പോലും 60 ദിവസത്തേക്കുള്ള വെള്ളം നിലവില്‍ സംഭരണികളുണ്ട്.
പമ്പ-കക്കി-31, ഇടമലയാര്‍-28, ഷോളയാര്‍-33, കുണ്ടള-58, മാട്ടുപ്പെട്ടി-42, കുറ്റ്യാടി-41, തരിയോട്-23, ആനയിറങ്കല്‍-33, പൊന്മുടി-44, നേര്യമംഗലം-52, ലോവര്‍ പെരിയാര്‍-62% എന്നിങ്ങനെയാണ് മറ്റ് സംഭരണികളിലെ ജലശേഖരം. വേനല്‍മഴയെത്താന്‍ 30 ദിവസം കൂടിയാണ് ഇനി അവശേഷിക്കുന്നത്.
ശരാശരി ഉപഭോഗം കുത്തനെ ഇടിഞ്ഞു
ലോക്ക് ഡൗണില്‍ ഏപ്രില്‍ മാസത്തെ വൈദ്യുതിയുടെ ശരാശരി ഉപഭോഗം കുത്തനെ ഇടിഞ്ഞു. 68.3152 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ ഈ സമയത്തെ ഒരു ദിവസത്തെ ശരാശരി ഉപഭോഗം. 2049.457 ദശലക്ഷം യൂണിറ്റ് വൈദ്യുതി മൊത്തം ഉപയോഗിച്ചപ്പോള്‍ ഇതില്‍ 1495.465 ദശലക്ഷം യൂണിറ്റും പുറമേ നിന്നെത്തിച്ചതാണ്. ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 24ന് മുമ്പ് വരെ ശരാശരി 80 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഇത് 86 ദശലക്ഷം വരെ ഈ മാസം പിന്നിട്ടിരുന്നു. കോടികളുടെ നഷ്ടത്തിനൊപ്പം വലിയൊരു കടക്കെണിയിലേക്ക് ആണ് കെഎസ്ഇബിയെ മഹാമാരി തള്ളി വിടുന്നതെന്നാണ് അധികൃതരും വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: