ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം തുര്‍ക്കിയോടൊപ്പം ചേര്‍ന്ന് ഇസ്ലാമാബാദിന് പിന്തുണ നല്‍കിയതോടെയാണ് അസര്‍ബൈജാനെന്ന അകലെയുള്ള എതിരാളി ഭാരതത്തിന്റെ ശ്രദ്ധയിലെത്തുന്നത്. മധ്യേഷ്യയിലെ ഒരു കുഞ്ഞന്‍ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് അസര്‍ബൈജാന്‍. തൊണ്ണൂറ് ശതമാനത്തിലധികം മുസ്ലീം ജനസംഖ്യയുള്ള രാജ്യത്ത് ഭൂരിഭാഗം ഷിയാ മുസ്ലീങ്ങളും ഒപ്പം നല്ലൊരു ശതമാനം സുന്നി മുസ്ലീങ്ങളും അധിവസിക്കുന്നു. മുമ്പ് യുഎന്നിലും മറ്റ് അന്താരാഷ്‌ട്ര വേദികളിലടക്കമുള്ള പ്രസ്താവനകളിലും പിന്തുണകളിലുമായി അസര്‍ബൈജാന്റെ ഭാരത വിരുദ്ധത ഒതുങ്ങിയിരുന്നു. എന്നാല്‍ ഇന്നതിന്റെ അതിരുകള്‍ ഭേദിച്ച് നേരിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ മണ്ണൊരുക്കുകയാണ് രാജ്യം.
സര്‍ക്കാരിന്റെ പിന്തുണയുള്ള ബാക്കു ഇനിഷ്യേറ്റീവ് ഗ്രൂപ്പിന്റെ (ബിഐജി) നേതൃത്വത്തിലാണ് ഭാരത വിരുദ്ധ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. ഫ്രാന്‍സ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയ ബിഐജി നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഖാലിസ്ഥാനിപ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിലാണ്. കാനഡ, യുകെ, യുഎസ് തുടങ്ങിയ പരമ്പരാഗത ഖാലിസ്ഥാനി വിഘടനവാദ കേന്ദ്രങ്ങളില്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ നേരിടുന്നതുകൊണ്ടുതന്നെ പുതിയ കേന്ദ്രമായാണ് അസര്‍ബൈജാന്‍ ഉയര്‍ന്നു വരുന്നത്. ഭാരത വിരുദ്ധ സെമിനാറുകള്‍, സമ്മേളനങ്ങള്‍, ഭീകരരുടെ അനുസ്മരണ പരിപാടികള്‍, ഖാലിസ്ഥാനി നേതാക്കന്മാരെ സത്കരിക്കല്‍, പാകിസ്ഥാന്‍ അജണ്ടയ്‌ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലാണ് അസര്‍ബൈജാനും മുഴുകിയിരിക്കുന്നത്.
ഏറ്റവും അവസാനമായി നടന്ന സെമിനാര്‍ തന്നെ ഒരുദാഹരണം. ‘1984 ജൂണ്‍, അമൃത്സര്‍ സംഭവങ്ങള്‍: വംശഹത്യയുടെ പശ്ചാത്തലത്തില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭാരതത്തിന്റെ അന്തര്‍ദേശീയ അടിച്ചമര്‍ത്തല്‍’ എന്ന പേരില്‍ സിഖ് ഫെഡറേഷന്‍ ഇന്റര്‍നാഷണലും (എസ്എഫ്ഐ) പാകിസ്ഥാനി ഗ്രൂപ്പുകളും ചേര്‍ന്നാണ് തലസ്ഥാനമായ ബാക്കുവില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. 2023-ല്‍ കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ അനുസ്മരണം 2026 ജനുവരിയില്‍ ബാക്കുവില്‍ നടന്നിരുന്നു. അതേ വേദിയിലാണ് ഈ സെമിനാറും നടന്നതെന്നാണ് അസര്‍ബൈജാന്‍ സ്റ്റേറ്റ് വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ബിഐജിയുടെ ഈ പരിപാടിയില്‍ പങ്കെടുത്തവരില്‍ പ്രമുഖന്‍ മോനീന്ദര്‍ സിങ്ങായിരുന്നു. സിഖ് ഫെഡറേഷന്‍ കാനഡയുടെ (എസ്എഫ്സി) തലവനായ മോനീന്ദര്‍, കൊല്ലപ്പെട്ട നിജ്ജാറിന്റെ അടുത്ത സഹായിയാണെന്ന് ഭാരത അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിഖ് ഫെഡറേഷന്‍ ഇന്റര്‍നാഷണലിന്റെ നിയമ ഉപദേഷ്ടാവായ പ്രഭ്‌ജോത് സിങ്, ദബീന്ദര്‍ജിത് സിങ് സിദ്ധു തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. സിഖ് ഫെഡറേഷന്‍ യുണൈറ്റഡ് കിങ്ഡത്തിന്റെ (എസ്എഫ്-യുകെ) പ്രധാന ഉപദേഷ്ടാവായ സിദ്ധു മുമ്പ് ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷനുമായി ബന്ധപ്പെട്ടിരുന്നു. ഈ സംഘത്തെ ഭാരത സര്‍ക്കാര്‍ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
എന്തുകൊണ്ട് അസര്‍ബൈജാന്‍?
സിഖ് ഭീകരവാദത്തിന്റെ ഒരു പ്രധാന കേന്ദ്രമായിരുന്നു കാനഡ. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാര്‍ നല്‍കിയ പിന്തുണ പുതിയ മാര്‍ക്ക് കാര്‍ണി സര്‍ക്കാരില്‍ നിന്ന് സിഖ് ഭീകരര്‍ക്ക് ലഭിക്കുന്നില്ലയെന്നതാണ് പ്രധാന കാരണം. കാര്‍ണി സര്‍ക്കാര്‍ ഭാരതവുമായി മികച്ച രാഷ്‌ട്രീയ-വ്യാപാര ബന്ധത്തിന് തുടക്കം കുറിച്ചു. ഫെബ്രുവരി അവസാനം പ്രധാനമന്ത്രി കാര്‍ണി ഭാരതം സന്ദര്‍ശിച്ചു. മെയ് മാസത്തില്‍ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കാനഡ സന്ദര്‍ശിച്ചു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചു. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകളില്‍ ഭാരതം എപ്പോഴും ഉയര്‍ത്തിയിരുന്നൊരു പ്രധാന വിഷയം കനേഡിയന്‍ മണ്ണിലെ സിഖ് വിഘടനവാദമായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തോടെ പാശ്ചാത്യ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ച ഈ അദൃശ്യമായ ശൃംഖല കൂടുതല്‍ തുറന്നുകാട്ടപ്പെട്ടു. മാത്രമല്ല അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചര്‍ച്ചകളില്‍ ഭാരതം കര്‍ശന നിലപാടാണിപ്പോള്‍ സ്വീകരിക്കുന്നതും. രാഷ്‌ട്രീയ സാമ്പത്തിക സൈനിക രംഗത്ത് അവഗണിക്കാനാവാത്ത ശക്തിയായി ഭാരതം മാറിയതുകൊണ്ട് തന്നെ ഈ രാജ്യങ്ങള്‍ക്കൊന്നും ന്യൂദല്‍ഹിയുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനുമാവില്ല.
അതുകൊണ്ട് തന്നെ സിഖ് വിഘടനവാദ ശൃംഖലയ്‌ക്ക് ഇവിടങ്ങളില്‍ ലഭിച്ചിരുന്ന രാഷ്‌ട്രീയ പിന്തുണയിപ്പോള്‍ ദുര്‍ബലമാണ്. ‘സിഖ്സ് ഫോര്‍ ജസ്റ്റിസി’ലെ ഇന്ദര്‍ജീത് സിങ് ഗോസലിനെ തോക്ക് കൈവശം വെച്ചതിന് 2025 സെപ്തംബറില്‍ കനേഡിയന്‍ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തിരുന്നു. ചുരുക്കത്തില്‍ കനേഡിയന്‍ മണ്ണില്‍ സിഖ് വിഘടനവാദികളുടെ ശക്തി താല്‍ക്കാലികമായെങ്കിലും കുറയുകയാണ്. എന്നാല്‍ പാശ്ചാത്യ ലോകത്തിനപ്പുറത്തേക്ക് പുതിയ മേച്ചില്‍പ്പുറം കണ്ടെത്തുകയാണ് ഖാലിസ്ഥാനികള്‍.
അസര്‍ബൈജാനില്‍ സിഖ് പ്രവാസികള്‍ വളരെ കുറവാണെന്നതാണ് ശ്രദ്ധേയം. സിഖ് സമൂഹമില്ലാത്ത ഒരു രാജ്യം അന്താരാഷ്‌ട്ര സിഖ് വംശഹത്യ സമ്മേളനങ്ങള്‍ നടത്തുന്നതിന്റെ യുക്തി മാനുഷികപരമല്ല. മറിച്ച് സര്‍ക്കാര്‍ പ്രായോജകരായൊരു ഭാരത വിരുദ്ധ അജണ്ടയാണ് അതെന്നുള്ളത് വ്യക്തമാണ്.
പാകിസ്ഥാന്‍-അസര്‍ബൈജാന്‍-തുര്‍ക്കി അച്ചുതണ്ടാണ് ഇതിന്റെ അടിസ്ഥാനം. ഇതിന് ഭൗമ രാഷ്‌ട്രീയപരമായ പശ്ചാത്തലവുമുണ്ട്. അസര്‍ബൈജാന്റെ പ്രധാന ശത്രുവാണ് അയല്‍രാജ്യവും ലോകത്തെ ആദ്യത്തെ ക്രൈസ്തവ രാജ്യവുമായ അര്‍മേനിയ. ഭൂമിയെ ചൊല്ലിയും, വംശീയപരമായും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സംഘര്‍ഷം പ്രധാനമായും നാഗോര്‍ണോ-കറാബാക്ക് മേഖലയെ ചുറ്റിപ്പറ്റിയാണ്.
ചരിത്രപരമായി അര്‍മേനിയന്‍ വംശജര്‍ അധിവസിച്ചിരുന്ന മേഖലയില്‍ 2020-2023 നിടയില്‍ അസര്‍ബൈജാന്‍-തുര്‍ക്കി സഖ്യം ഒരു ലക്ഷത്തിലധികം അര്‍മേനിയന്‍ ക്രൈസ്തവരെ കൂട്ടപ്പലായനത്തിനിരയാക്കി. നിരവധിയാളുകള്‍ കൊല ചെയ്യപ്പെട്ടു. രണ്ടായിരത്തിലധികം വരുന്ന സിറിയന്‍ ഇസ്ലാമിക മതമൗലികവാദികളെ ഉപയോഗിച്ചാണ് ഈ അക്രമങ്ങള്‍ അഴിച്ചുവിട്ടത്.
ഈ സഖ്യത്തില്‍ പാകിസ്ഥാനുമിപ്പോള്‍ പങ്കാളിയാണ്. ശത്രുതാപരമായ നിലപാടാണ് മൂന്ന് രാജ്യങ്ങളും ഭാരതത്തോട് സ്വീകരിക്കുന്നത്. തുര്‍ക്കി നിര്‍മ്മിത ഡ്രോണുകളും ആയുധങ്ങളുമാണ് ഇരു രാജ്യങ്ങളുമിപ്പോള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ പരിണിത ഫലമായി അര്‍മേനിയ ഭാരതവുമായി അടുക്കുകയും പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് അസര്‍ബൈജാന് കടുത്ത തലവേദനയുണ്ടാക്കുന്നു. അടു
ത്തിടെ ഫ്രാന്‍സിനെ പിന്തള്ളി അര്‍മേനിയയുടെ മുന്‍നിര ആയുധ വിതരണക്കാരായി ഭാരതം മാറി. 2020 മുതല്‍ തുടങ്ങിയ പ്രതിരോധ ഇടപാടുകളുടെ മൂല്യം ഏകദേശം 7-8 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. ഭാരത നിര്‍മ്മിതമായ ആകാശ് മിസൈലുകള്‍, പിനാക റോക്കറ്റ് ലോഞ്ചര്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം, സുഖോയ് യുദ്ധവിമാനം എന്നിവയാണ് പ്രധാനമായും അര്‍മേനിയ ഭാരതത്തില്‍ നിന്നും വാങ്ങുന്ന ആയുധങ്ങള്‍. ബ്രഹ്‌മോസ് വാങ്ങുന്നതിനുള്ള ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളുമിപ്പോള്‍.
(നാളെ: അതിര്‍ത്തി കടക്കുന്ന ഭീഷണി; ലക്ഷ്യം ഭാരതം)
















