മക്കളേ,
ആദ്ധ്യാത്മികജീവിതത്തില്‍ ഗുരുസാമീപ്യത്തിനും ഗുരുശിക്ഷണത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ഗുരുവിന്റെ സാമീപ്യവും ശിക്ഷണവും മൂലം ശിഷ്യനില്‍ അവനറിയാതെതന്നെ ക്ഷമയും മറ്റു സദ്ഗുണങ്ങളും വളരും. അതിനുതക്ക സാഹചര്യങ്ങളില്‍ ഗുരു ശിഷ്യനെ നിയോഗിക്കും. ദേഷ്യം വരാവുന്ന സാഹചര്യങ്ങളില്‍ക്കൂടി നയിക്കും. ഒട്ടും ഇഷ്ടമില്ലാത്ത ജോലികള്‍ അവനെ ഏല്‍പിക്കും. ഗുരു പറയുന്നത് പൂര്‍ണ്ണമനസ്സോടെ ചെയ്യുക എന്നതാണ് ശിഷ്യന്റെ ധര്‍മ്മം. ശിഷ്യനു തെറ്റുകുറ്റങ്ങള്‍ സംഭവിച്ചാല്‍ ഗുരു ശാസിക്കും, ഉപദേശിക്കും. ഗുരൂപദേശത്തെ മനനം ചെയ്ത് അതനുസരിക്കുന്ന ശിഷ്യന്‍ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശക്തി തന്നില്‍ത്തന്നെ കണ്ടെത്തും. അങ്ങനെ ഓരോ സാഹചര്യത്തില്‍ക്കൂടി ഗുരു ശിഷ്യനിലെ ദുര്‍ബ്ബലതകളെ അകറ്റുന്നു, അവനെ ശക്തനാക്കിത്തീര്‍ക്കുന്നു. അങ്ങനെ ഗുരുകാരുണ്യത്താല്‍ സ്വന്തം അഹങ്കാരത്തെയും ദുര്‍ബ്ബലതകളെയും അതിജീവിക്കാന്‍ ശിഷ്യനു കഴിയുന്നു.
മനുഷ്യമനസ്സിനെ ശുദ്ധീകരിക്കുന്ന ഏറ്റവും വലിയ ശക്തി സ്‌നേഹമാണ്. ഒരുവനെ തികച്ചും നിസ്വാര്‍ത്ഥമായി സ്‌നേഹിക്കുന്നത് അവന്റെ ഗുരു മാത്രമാണ്. ലോകത്തുള്ള സകലരും ഒരുവനെ വെറുത്താലും ഗുരുവിനു അവനെ വെറുക്കാന്‍ കഴിയില്ല, ഉപേക്ഷിക്കാന്‍ സാധിക്കില്ല.
ഒരിക്കല്‍ ഒരു ഗുരുവിനു വഴിയരികില്‍നിന്നു് ഒരു അനാഥ ബാലനെ കിട്ടി. ഗുരു അവനെ സ്‌നേഹപൂര്‍വ്വം വളര്‍ത്തി. കുട്ടി വലുതായി. ഗുരുവിനു് അവനിലുള്ള സ്‌നേഹവും വാത്സല്യവും കുറെ കവിഞ്ഞു പോകുന്നതായി മറ്റു ശിഷ്യന്മാര്‍ക്കുതോന്നി. അതവരില്‍ അസൂയ വളര്‍ത്തി. ഗുരുവിന്റെ വളര്‍ത്തുപുത്രനിലാകട്ടെ, വളര്‍ച്ചയ്‌ക്കൊപ്പം ദുഃസ്വഭാവങ്ങളും= വളര്‍ന്നു. പല ദുഃശീലങ്ങള്‍ക്കും അവന്‍ അടിമയായി. എന്നിട്ടും ഗുരുവിനു് അവനോടുള്ള സ്‌നേഹത്തിനു കുറവു വന്നില്ല. ഇതു ശിഷ്യര്‍ക്കു തീരെ സഹിക്കാന്‍ കഴിഞ്ഞില്ല. ആ ദുര്‍ന്നടത്തക്കാരന്റെ നേര്‍ക്കു ഗുരു കാട്ടുന്ന അമിതവാത്സല്യം അവരുടെ യുക്തിക്കു നിരക്കുന്നതായിരുന്നില്ല. ഒരു ദിവസം രാത്രിയില്‍ ഒരു ശിഷ്യന്‍ വന്നു ഗുരുവിനോടു പറഞ്ഞു, ‘അങ്ങയുടെ പുന്നാരമകന്‍ കുടിച്ചു ബോധം കെട്ടു വഴിയരികില്‍ കിടപ്പുണ്ട്.’ ഗുരു മറുത്തൊരക്ഷരവും പറയാതെ ഇറങ്ങി നടന്നു. കുറച്ചുദൂരം ചെന്നപ്പോള്‍, റോഡരികില്‍, മരംകോച്ചുന്ന തണുപ്പത്തു വേണ്ടത്ര വസ്ത്രംപോലുമില്ലാതെ തന്റെ ശിഷ്യന്‍ ബോധംകെട്ടു കിടക്കുന്ന കാഴ്‌ച്ചയാണു ഗുരു കണ്ടതു്. അദ്ദേഹം തന്റെ കമ്പിളിവസ്ത്രം ശിഷ്യന്റെമേല്‍ വിരിച്ചു; തിരിയെ പോന്നു. അടുത്തദിവസം പ്രഭാതമായി. ശിഷ്യനു ബോധം തെളിഞ്ഞു. തന്റെ ദേഹത്തു കിടക്കുന്ന കമ്പിളിവസ്ത്രം കണ്ട് അവന്‍ അമ്പരന്നു. ‘ഇതു ഗുരുവിന്റെതാണ്’. പശ്ചാത്താപവിവശനായി പൊട്ടിക്കരഞ്ഞുകൊണ്ട് അയാള്‍ ഗുരുകുലത്തിലേയേ്ക്കാടി. ഗുരുവിന്റെ പാദങ്ങളില്‍ സാഷ്ടാംഗം പ്രണമിച്ചു. അശ്രുധാരയാല്‍ ആ പാദങ്ങള്‍ കഴുകി. ആ കണ്ണുനീരാല്‍ ശിഷ്യന്റെ ഹൃദയം ശുദ്ധമാക്കപ്പെട്ടു. അതോടെ സര്‍വ്വരാലും വെറുക്കപ്പെട്ടിരുന്ന ആ യുവാവില്‍ പരിവര്‍ത്തനം സംഭവിച്ചു. മറ്റു ശിഷ്യര്‍ക്കുകൂടി അവന്‍ മാതൃകയായിത്തീര്‍ന്നു.
ഗുരുവിന്റെ പ്രവൃത്തികളുടെ അര്‍ത്ഥം നമ്മുടെ ബുദ്ധികൊണ്ടു ഗ്രഹിക്കുക പ്രയാസമാണ്. ശിഷ്യന്റെ ജന്മാന്തരസംസ്‌കാരമറിയുന്ന ഗുരു തന്റെ ദിവ്യമായ ഉള്‍ക്കാഴ്‌ച്ചയ്‌ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയാത്തത് അദ്ദേഹം ദര്‍ശിക്കുന്നു. അതിനാല്‍ ഗുരുവിന്റെ പ്രവൃത്തികളെ വിലയിരുത്തുമ്പോള്‍ ഗുരുവിന്റെ സര്‍വ്വജ്ഞതയെക്കുറിച്ചും സ്വന്തം പരിമിതികളെക്കുറിച്ചും നമുക്കു ബോദ്ധ്യമുണ്ടായിരിക്കണം. ശിഷ്യനന്മയ്‌ക്കു വേണ്ടതെന്താണെന്ന് കണ്ടറിഞ്ഞാണ് ഗുരു പ്രവര്‍ത്തിക്കുന്നത്.
വാസനകളെ അകറ്റാന്‍ ഗുരുവിനേ സാധിക്കൂ. കുറുക്കന്‍ കാടിന്റെ മൂലയില്‍ എവിടെയെങ്കിലും പോയിരിക്കുമ്പോള്‍, പട്ടിയെ കണ്ടാല്‍ ഇനിമേല്‍ കൂവുകയില്ല എന്നു തീരുമാനിക്കും. പക്ഷെ, കണ്ടു കഴിയുമ്പോള്‍ ഗതി പഴയതുതന്നെ. അതുപോലെതന്നെയാണു വാസനയുടെ കാര്യവും. ജന്മജന്മാന്തരങ്ങളായി സ്വരൂപിച്ച ഈ വാസനകള്‍ പൂര്‍ണ്ണനായ ഒരു ഗുരുവിന്റെ സന്നിധിയില്‍ മാത്രമേ അടങ്ങുകയും നശിക്കുകയുമുള്ളൂ. തന്റെ ജീവിതത്തിന്റെ മഹത്ത്വം ഓരോ നിമിഷവും ശിഷ്യനെ ബോദ്ധ്യപ്പെടുത്തി അവനെ ലക്ഷ്യത്തിലേക്കു നയിക്കുകയാണ് ഗുരു ചെയ്യുന്നത്.
















