ബീജിങ്: കൊറോണ വൈറസ് ബാധയില്‍ വിവിധ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം 3000 കടന്നു. വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പുറത്ത് 136 പേരാണ് മരിച്ചത്. എഴുപതില്പരം രാജ്യങ്ങളിലെ 88400 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികം വൈറസ് ബാധ കണ്ടെത്തിയ ദക്ഷിണ കൊറിയയില്‍ 476 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 4212 ആയി. 26 പേരാണ് ഇതുവരെ മരിച്ചത്. വൈറസ് ഭീഷണിയില്‍ ദക്ഷിണ കൊറിയയിലെ വിദ്യാലയങ്ങള്‍ രണ്ടാഴ്ച കൂടി അടച്ചിടും.
അമേരിക്കയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ഡസനോളം പേര്‍ക്ക് വൈറസ് ബാധയും രണ്ട് മരണങ്ങളും സ്ഥിരീകരിച്ചു. 89 പേര്‍ക്കാണ് അമേരിക്കയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. സിംഗപ്പൂരില്‍ നാലു പേര്‍ക്കു കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 106 ആയി. ഇന്തോനേഷ്യയില്‍ ആദ്യമായി രണ്ട് പേര്‍ക്ക് രോഗംസ്ഥിരീകരിച്ചു.
യൂറോപ്പിലും സ്ഥിതി ദിനം പ്രതി വഷളാകുകയാണ്. 1694 പേര്‍ക്കാണ് യൂറോപ്പില്‍ വൈറസ് ബാധയുള്ളത്. ഫ്രാന്‍സിനും ഇറ്റലിക്കുമിടയില്‍ സ്ഥിതിചെയ്യുന്ന കൊച്ചു യൂറോപ്യന്‍ രാജ്യമായ ആന്ഡോറയില് ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. അടുത്തിടെ ഇറ്റലി സന്ദര്‍ശിച്ച ഇരുപതുകാരനാണ് ആന്ഡോറയില് രോഗം സ്ഥിരീകരിച്ചത്. പോര്‍ച്ചുഗല്‍, സ്കോട്ട്ലന്‍ഡ്, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. ജര്‍മനിയില്‍ 158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടിയന്തര യോഗം വിളിച്ചു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറാനില്‍ 978 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്; 66 പേര് മരിച്ചു. ഇറാനില്‍ നിന്ന് രോഗം അയല്‍ രാജ്യങ്ങളിലേക്ക് പടരുകയാണ്. കുവൈത്തില്‍ ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച 56 പേരും ഇറാനിലേക്ക് യാത്ര ചെയ്തവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: