പള്ളുരുത്തി: പറന്നുപറന്ന് അങ്ങകലെ നിന്ന് കേരളത്തിലെ കുമ്പളങ്ങിയില്‍ വന്നപ്പോള്‍ ആ രാജഹംസങ്ങള്‍ അറിഞ്ഞില്ല, പതിയിരിക്കുന്ന ഇത്തരമൊരു ദുരന്തം. ജന്മഭൂമി ഫെബ്രുവരി പതിനാലിന് പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെ ലോകമെങ്ങുമുള്ള കാഴ്ചക്കാരില്‍ ആഹ്ലാദവും കൗതുകവുമുണര്‍ത്തിയ നാല് രാജപക്ഷികളില് ഒന്നിന്റെ ചിറകൊടിഞ്ഞുതൂങ്ങി. പാടശേഖരത്തില്‍ കെട്ടിയ വലയില്‍ ചിറക് കുരുങ്ങിയതാണ് ദുരന്ത കാരണം. ഗുരുതരാവസ്ഥയിലായ രാജഹംസത്തിന് ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയേക്കും.
വേദനയില്‍ പുളയുന്ന രാജഹംസത്തിനെ പരിചരിച്ച ഡോക്ടറുടെ കണ്ണും ഒരു വേളനിറഞ്ഞു. ചാരുതയോടെ നൃത്തച്ചുവടില്‍ നടന്നും വെള്ളപ്പരപ്പില്‍ ഒഴുകിയും കൂട്ടുകാര്‍ക്കൊപ്പം നടന്ന ഹംസം, ദിവസങ്ങളായി തീറ്റയെടുക്കുന്നില്ല. വലയില്‍ കുരുങ്ങി അറ്റുപോയ വലതുചിറക് തൂങ്ങിക്കിടക്കുകയാണ്.
ഹംസം ഇപ്പോള്‍ കോടനാട് പക്ഷിസങ്കേതത്തിലാണ്. കൂട്ടില്‍ വേദന കൊണ്ട് പുളഞ്ഞ് തല താഴ്ത്തി നില്ക്കുന്ന രാജഹംസം മനസലിവുള്ള ആരുടേയും കണ്ണ് നനയിക്കും. ശരിയായ പരിചരണവും, ചികിത്സയും ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് അധികൃതര്‍.
രണ്ടു ദിവസം മുന്‍പാണ് പരിക്കേറ്റ രാജഹംസത്തെ കോടനാട് പക്ഷിസങ്കേതത്തില്‍ എത്തിച്ചത്. ചിറകറ്റ് എല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്. പഴുപ്പും ബാധിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ പെലിക്കണ്‍ പെറ്റ് ആശുപത്രിയിലെ ഡോ. സുനില്‍ കുമാര്‍ പറയുന്നു.
കൂടുതല്‍ ചികിത്സ നല്കേണ്ടതിനാല് പക്ഷിയെ മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് ഇന്ന് മാറ്റുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ധനിക് ലാല്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.കുമ്പളങ്ങി കണ്ടക്കടവ് പാടശേഖരത്തില്‍ കെട്ടിയ വലയില്‍ കുരുങ്ങിയാണ് ചിറക് അറ്റുപോയത്. അഞ്ചു ദിവസത്തോളം പാടത്തെ വരമ്പില്‍ മൃതപ്രായമായിക്കിടന്ന പക്ഷിയെ പക്ഷിസ്നേഹികളുടേയും, കുമ്പളങ്ങി നേച്ചര്‍ ക്ലബ്ബ് അംഗങ്ങളുടെയും പ്രകൃതി സ്നേഹി റോബിന്റേയും നേതൃത്വത്തിലാണ് കരയിലെത്തിച്ചത്.
കഴിഞ്ഞ കുറേ നാളായി, കുമ്പളങ്ങിയില്‍ പാറി നടന്നിരുന്ന രാജഹംസങ്ങളില് ഒന്നിനെ കാണാതായപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിച്ചത്. തിരച്ചിലിനെ തുടര്‍ന്നാണ് ഒന്നിനെ ചിറകൊടിഞ്ഞ് നിലയില്‍ കണ്ടത്. തൃപ്പൂണിത്തുറ പെലിക്കണ്‍ പെറ്റ് ഹോസ്പിറ്റലില്‍ എത്തിച്ച രാജഹംസത്തെ ഡോ: സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ധനിക്ക് ലാലിന്റെ നിര്ദേശപ്രകാരമാണ്കോടനാട്ടേക്ക് മാറ്റിയത്.
ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് എന്തുസംഭവിച്ചുവെന്നറിയാതെ ആശങ്കപ്പെട്ട് അന്വേഷിച്ച് കഴിയുകയാണ് മറ്റു മൂന്നുപേര്‍. അടുത്ത മാസത്തോടെ മടങ്ങിപ്പോകണം. ചികിത്സ കഴിഞ്ഞാലും ഒരാള്‍ക്ക് അത്രദൂരം പറന്നു മടങ്ങാനാവുമോ എന്ന് സംശയമാണ്. അങ്ങനെവന്നാല്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: